Section

malabari-logo-mobile

മറ്റൊരു കഥയില്‍ നിന്നും രാധ-2

HIGHLIGHTS : രാധക്കും ,വായനക്കാരനും ഇടയില്‍ ഉടഞ്ഞുപോയ ഈനൂല്‍പാലത്തിന്റെ ബാന്ധവം

സുരേഷ് രാമകൃഷണന്‍

രാധക്കും ,വായനക്കാരനും ഇടയില്‍ ഉടഞ്ഞുപോയ ഈനൂല്‍പാലത്തിന്റെ ബാന്ധവം കണ്ണിചേര്‍ക്കപ്പെടാതെ പോയത്, (രാധ)തുടര്‍ന്ന് എഴുതുമായിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന ഒരു അക്ഷരമുത്തശ്ശിയെ വായനക്കാരുടെ ഇളംതലമുറക്ക് കിട്ടാതെ പോയത് രണ്ടും രാധയുടെ ആത്മാവും ,ശരീരവും ഒളിഞ്ഞുകിടക്കുന്ന കൂടടയാളത്തിലേക്ക് ചിന്നിവീഴുന്ന വഴിപ്പാടുകള്‍തേടി പോവാന്‍ കാരണമാവുകയായിരുന്നു. റോഡിലെ ചെമ്മണ്‍പൊടിയിലേക്ക് അപ്രതീക്ഷിതമായി മഴ ചാറിപെയ്തു. ……
ചെമ്മണ്‍റോഡുകഴിഞ്ഞാല്‍ ടാറിട്ടറോഡിനപ്പുറം മുന്‍സിഫ്‌കോടതിയാണ്. വക്കീലന്‍മാരുടെ ഓഫീസും താഴെ ഗുമസ്ഥന്‍മാരുടെ ചെറിയചെറിയഓഫീസും കൊണ്ട് നിറഞ്ഞ ചെമ്മണ്‍ റോഡിന്റെ ഓരത്തേക്ക് നീട്ടികെട്ടിയ ഒരു ഇറയത്തേക്ക് ഞങ്ങള്‍ മഴനനയാതിരിക്കാന്‍ കയറിനിന്നു. കൂടെ വിഭദ്ര രാധയും .
മഴയെപഴിച്ച്, ചെളിമഴയെ ചവിട്ടിതെറിപ്പിച്ച് മഴയിലൂടെ ആരൊക്കെയോ ഓടിപോവുന്നു. ഇരുളുമൊത്ത് മഴയിലേക്ക് പടിഞ്ഞാറുനിന്ന് ചെമ്പൊന്നിന്‍ വെളിച്ചം കുടുസ്സുപീടികകള്‍ക്കിടയിലൂടെ റോഡിലേക്ക് ഉള്‍ചേര്‍ന്നു. മഴയും ,വെയിലും ഇണചേര്‍ന്നു പെയ്യുമ്പോള്‍ നെഞ്ചിലെ കട്ടിപ്പിലേക്ക് അരളിപൂക്കള്‍ മഴയോടെ അടര്‍ന്നുവീഴുന്നു. മനസ്സിലെ മുറുക്കം അലിയുന്നു. അപ്പോഴും മഞ്ഞിച്ച കേസുകെട്ടുകളുമായി വെപ്രാളപ്പെട്ട് മഴയിലൂടെ ഗുമസ്ഥപ്രളയം.
ക്ഷയിച്ച കാല്‍വെപ്പുകളുമായി ഒരാള്‍കൂടെ ഇറയത്തേക്ക് കയറിവന്നു. ശീതലുപാറിയതോളുരുമ്മി ഞങ്ങള്‍ സ്‌നേഹത്തോടെ ഒതുങ്ങിചേര്‍ന്നുനിന്നു. മുന്‍സിഫ്‌കോടതിയുടെ ഏറ്റവും ബലമുളള തൂണുകളില്‍ ഒന്നാണ് വക്കീല്‍ഗുമസ്ഥന്‍ രാജേട്ടന്‍ .ജൂനിയര്‍വക്കീലന്‍മാര്‍ക്ക് ഒരു പൊടിക്കൈ ലോപോയിന്റും ഇഷ്ടകാര്‍ക്ക് ഇത്തിരി കഥകളിപാട്ടും മൂളികൊടുക്കുന്ന ഭൂതകാലത്തിന്റെ ധൂര്‍ത്തകൗമാരവും കൂടിയാണ് ഈ വന്നണഞ്ഞത്. കള്ളും, കഞ്ചാവും പാടെ ഉപേക്ഷിച്ച് ശുദ്ധനായിരിക്കുന്നു ഈ സന്യാസി. കോടതിയുടേയും കേസുകളുടേയും ചുറ്റുമുള്ള സകലതിന്റേയും എന്‍സൈക്ലോപീഡിയയാണ് ഈ ഗുമസ്ഥസാമ്രാജ്യം. മായാവതിയായ രാധയിലേക്കുള്ള ദൂരസഞ്ചാരരേഖകള്‍ ഇയാളുടെ നെഞ്ചോട് ചേര്‍ന്നുകിടക്കുന്ന പാപ്പറിസ് മടക്കുകളില്‍ ഞങ്ങള്‍ പ്രതീക്ഷിച്ചു.
മുമ്പൊന്നും ഈ പ്രസ്ഥാനത്തോട് (രാജേട്ടന്‍) ഒരു ചിരിയില്‍ കൂടുതല്‍ ഇടപെട്ടില്ലാത്തതുകൊണ്ട് വലിയ സ്റ്റാര്‍ട്ടിങ്ങ് ട്രബിള്‍ .അവിചാരിണിയായ മഴയെ ജാമ്യം വെച്ച് രാജേട്ടനിലെ വൃദ്ധനിലേക്ക് വിലങ്ങുകയറി . ഉപാധികളില്ലാതെ ആകസ്മികമായ് ആരിലൊക്കെയോ പെയ്തു നിറഞ്ഞ രാധയും ,അവരുടെ എഴുത്തുകളും പിന്നത്തെ വാനപ്രസ്ഥവും ഒറ്റവീര്‍പ്പില്‍ പുറത്ത് ചാടി. എപ്പോഴെങ്കിലും കണ്ടിട്ടുള്ളവരില്‍ ആരിലെങ്കിലും ഈ രാധ ഉണ്ടായിരുന്നോ എന്ന് മഴപാറലിന്റെ വിടവിലൂടെ ചോദിച്ചു. മാഷ് ഞങ്ങളിലേക്ക് കയറ്റിവിട്ട വാല്‍ക്കിണ്ടിയിലെ പുക അവിടെമാകെ പരന്നൊഴുകി.
ഗുമസ്ഥന്റെ കണ്ണുകളും വിരലുകളും കണക്കിലെ ചിഹ്നങ്ങളും ചരങ്ങളുമായി വായുവില്‍ കൂട്ടിയും, ഗുണിച്ചും, ഹരിച്ചും കിഴിച്ചും നോക്കി. സര്‍വ്വേന്ദ്രിയങ്ങളും ജാഗരൂകമായി. ഒരു നാടിന്റെ സംസ്‌കൃതിയുടെ കോടാനുകോടി ഞരമ്പുവഴികളുടെ ചരിത്രത്തിലൂടെ ഈ അന്ധകാരത്തിലെ നിഴലനക്കത്തെ സെര്‍ച്ച് ചെയ്തു. പതുക്കെ ചരങ്ങളും ചിഹ്നങ്ങളും മാഞ്ഞു. രാധയെ അറിയില്ലെന്നു പറഞ്ഞു. പക്ഷെ ഓളപരപ്പിനിടയിലെവിടെയോ മറവിക്കിടയിലും തെളിഞ്ഞു വരുന്ന ഒരിളക്കം നില്‍പ്പുറക്കാത്ത മറുപടിയില്‍ ഉണ്ടന്നെു തോന്നി. അപ്പോഴേക്കും മഴ തോര്‍ന്നു തുടങ്ങിയിരുന്നു. രാജേട്ടനോട് യാത്ര പറഞ്ഞ് ഞങ്ങള്‍ റോഡിലേക്ക് നടന്നു.
ഇയാള്‍ക്കുമറിയില്ലെങ്കില്‍ രാധ കാട്ടുതീ കാത്തുകിടക്കുന്ന ഒരു വിത്തായിരിക്കണം. കാടും, നാടും, നഗരവും അഗ്നിപ്രളയത്തില്‍ ശിലകള്‍പോലുമുറഞ്ഞ് ചുട്ടുചാമ്പലായി തീരുമ്പോള്‍, മര്‍ദ്ദമാപിനികള്‍ പൊട്ടിത്തെറിക്കുന്ന കൊടും ഊഷ്മാവിന്റെ ഉഗ്രസ്‌ഫോടനത്തില്‍ വിത്തടര്‍ന്ന് മുളപൊളി തളിര്‍ക്കുന്ന സന്തുലിതാവസ്ഥയുടെ ബീജംപേറുന്ന കൊടുംവിത്ത്. അങ്ങനെയാണങ്കില്‍ അര്‍ദ്ധായുസ് മുഴുവന്‍ ചെലവഴിച്ച് മാഷ് പാനം ചെയ്തു തന്ന ഈ സങ്കീര്‍ണ്ണതയുടെ വെള്ളിവെളിച്ചമുള്ള നക്ഷത്രത്തിന് ഞങ്ങളുടെ അടുത്തുവരാതിരിക്കാന്‍ ആവില്ല.
രാജേട്ടനോട് യാത്രപറഞ്ഞ് മെയിന്‍ റോഡിലേക്ക് കയറിയതെയുള്ളൂ, ഏറെ നാളിനുശേഷമാണ് ഹനീഫ വക്കീലിനെ കാണുന്നത്. വിചാരണ നടക്കുന്നതുകൊണ്ട് തിരക്കിലാണെന്നും വൈകുന്നേരം കാണാമെന്നും പറഞ്ഞ് മാഞ്ഞു. ഫോട്ടോസ്റ്റാറ്റ് കടയിലെ പയ്യന്‍ ഓടിവന്ന് ”നിങ്ങളെ രാജേട്ടന്‍ വിളിക്കുന്നുവെന്ന് പറഞ്ഞു”. വെളിച്ചപ്പാടിന്റെ ഉന്മത്ത ലഹരി പാദങ്ങളിലേക്ക് ആവാഹിക്കപ്പെട്ട് ദൈവ വിളിയിലേക്ക് പിന്‍ തിരിഞ്ഞു നടന്നു. കോമരം ഉടന്‍ചുറ്റി ഉറയുമ്പോള്‍ ചിലങ്കയും, അരഞ്ഞാണവും, കൈത്തളയും വാളും കുടഞ്ഞു കലമ്പും, എവിടെ നിന്നോ ആ ഐരപ്പാടുകള്‍ കനത്ത പ്രതീക്ഷയോടെ കാതിലേക്കിരമ്പിയാര്‍ത്തു.
ഞങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ വക്കീലാപ്പീസില്‍ നല്ല തിരക്കായിരുന്നു. രാജേട്ടന്‍ ചുറ്റുംകൂടി നിന്നവരെ അരികിലേക്കൊതുക്കി. നിങ്ങളന്വേഷിക്കുന്നത് പി. രാധയെ ആണോന്ന് ഉറക്കെ വിളിച്ചു ചോദിച്ചു. അവരുടെ ഇനീഷ്യല്‍പോലും അറിയാതെ കണ്ടുപിടുത്തത്തിനിറങ്ങിയതിലെ കുറ്റബോധം മറച്ചുപിടിച്ച്, ഇനീഷ്യല്‍ അറിയില്ലെന്ന് പറഞ്ഞു. ഒരഞ്ച് മിനിട്ട് പുറത്ത് നില്‍ക്കാന്‍ ആംഗ്യം കാണിച്ചു. ഒരായുസുമുഴുവന്‍ കാത്തുനില്‍ക്കാനുള്ള ആകാംഷയുമായി പുറത്തേക്കിറങ്ങി. നാല്പത്തഞ്ചു വര്‍ഷങ്ങള്‍ക്കെങ്കിലും മുന്നെ ഏതോ ഉഗ്രശാസനത്തില്‍ താഴിട്ട്പൂട്ടിയ നിലവറയുടെ വിജാഗിരിയുടെ ഞരക്കവും പിന്നെ മണിമണിമാലകളുടെ പിടച്ചിലിന്റെ ശ്രുതിയും കയറികയറി വരുന്ന സത്യം കാതോര്‍ത്തുനിന്നു.
ഒരു അപസര്‍പക കഥയിലെ അവസാന എപ്പിസോഡില്‍ നായകന്‍ പിസ്റ്റള്‍ വില്ലന്റെ നെറ്റിയിലേക്ക് ചൂണ്ടി, ലക്ഷ്യം വീണ്ടും ഉറപ്പിച്ച് വേച്ച് വേച്ച് വരുന്ന അവസാനഷോട്ടുപോലെ എന്തോ ഒന്ന് അരണ്ടവെളിച്ചമുള്ള മുറിയില്‍ നിന്നു ആ സാത്വികനായ വൃദ്ധന്‍ എന്റെ നേര്‍ക്ക് നീട്ടി. എഴുത്തുകളെല്ലാം മാഞ്ഞുപോയ പഴയ മൊബൈല്‍ഫോണ്‍ അത് ഒരു തോക്കുപോലെ തോന്നിപ്പിച്ചു. നിങ്ങള്‍ അന്വേഷിക്കുന്ന രാധയാണോ എന്ന അറിയില്ല….. പക്ഷെ ഇത് ഒരു രാധയാണ്…….
മാഷില്‍ നിന്നും ഞങ്ങളിലേക്ക് കൂടിപാര്‍ത്ത ഒരു ചോരകുഞ്ഞിന്റെ ജാതകം ദീര്‍ഘായുസിനും ക്ഷിപ്രസാധ്യമായ മരണത്തിനും ഇടയ്ക്കു നില്‍ക്കുന്ന അഭിശപ്ത നിമിഷം. ചക്രവാളത്തില്‍ എന്തൊക്കെയോ ഒരുങ്ങികഴിഞ്ഞിരിക്കുന്നു. ഏറെക്കുറെ അവസാനത്തെ പ്രതീക്ഷ തോക്കുപോലെ തോന്നിപ്പിച്ച ഈ യന്ത്രം ഇപ്പോള്‍ വെളിപെടുത്തും . അമ്മമരിച്ചപ്പോഴും ,മോന്‍ ജനിച്ചപ്പോഴും കുഞ്ഞമ്മണി നഴ്‌സിന്റെ മുറിയിലെ പെന്‍സില്‍മുനകൊണ്ട് കുന്നും മലയും, വേലിയും ,നേര്‍രേഖയും വരക്കുന്ന ഇ.സി.ജി. മെഷീന്‍ ഉണ്ടാക്കിയ രണ്ട് എക്‌സ്ട്രീമുകള്‍ ഒരു നിമിഷം എന്നിലേക്ക് ഉള്‍ചേര്‍ത്ത് ഇടിചിന്തി. ഫോണ്‍ കയ്യിലേക്ക് വാങ്ങുമ്പോള്‍ എന്തോ ഭീകരമായത് സംഭവിക്കാന്‍ പോവുന്നു എന്നതിന്റെ തീക്ഷണമായ സംഭ്രമത്തില്‍ നീട്ടിപിടിച്ച എന്റെ കൈകള്‍ വിറകൊണ്ടു.
ഫോണിനു കൈ നീട്ടിയപ്പോള്‍ അതുവരെ ഉണ്ടായിരുന്ന കൗതുകം ആകുലതയും ,ഭയവുമായിരിക്കുന്നു . കാരണം അര്‍ദ്ധശതകം തപോചാരിണിയായ മറഞ്ഞുനിന്ന് ആര്‍ജിച്ച അനുഭവങ്ങളുടെ വരപ്രസാദമുള്ള കനലായ് തീര്‍ന്ന സൃഷ്ടികളുടെ ഞാന്‍ പ്രതീക്ഷിക്കുന്ന ആ അമ്മ തന്നെയാണ് ഞാന്‍ കേള്‍ക്കുവാന്‍ പോവുന്ന മറുശബ്ദത്തിന്റെ ഉടയവളായ ഈ സ്ത്രീയെങ്കില്‍ എന്നോര്‍ത്തപ്പോള്‍ ………ഒരു ഫോട്ടോസെക്കന്റില്‍ ഞാന്‍ ശൂന്യനായെങ്കില്‍, എന്നിലെ പേടികള്‍ മാത്രം കരിക്കട്ട ചിത്രങ്ങളുടെ സ്‌കെല്‍ട്ടനായതിലും അമ്പരക്കേണ്ടതില്ലെന്നും ഉറപ്പിച്ച് മൗത്ത് പാഡിലേക്ക് മുഖംകുനിച്ചു.
ഫോണിന്റെ മറുതലക്കല്‍ എന്നെ എന്തിനാണ് വിളിച്ചത് എന്ന മറുപടിക്കു മാത്രമായി ഒരു അപരിചിതമായ സ്ത്രീയുടെ ഹലോപറച്ചില്‍ .തുടര്‍ന്ന് സംസാരിക്കാന്‍ ഇഷ്ടമില്ലാത്ത അവരുടെ ഫുള്‍സ്റ്റോപിന്റെ താളം എന്റെ തുടക്കം പിഴപ്പിച്ചു. എന്തൊക്കെയോ ഒപ്പിച്ച്പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. ഒരു മാഗസിന്റെ പണിപുരയില്‍ അറിയാതെ എത്തപ്പെട്ട കയത്തില്‍ നീറിനില്‍പായി പോയതാണെന്നും കൂട്ടിചേര്‍ത്തു. പിന്നെ സ്വയവും ,പരസ്പരവും ആവര്‍ത്തിക്കപ്പെട്ട ആയിരംകാലുള്ള ആ ഒറ്റചോദ്യത്തിന്റെ ഹവ്യം ഞാന്‍ അവര്‍ക്കുനിവേദിച്ചു. അറുപത്തിയഞ്ചുകളില്‍ ചന്ദ്രികയിലും മാതൃഭൂമിയിലും തുടരെ അച്ചടിച്ചുവന്ന കഥകളുടെ ആത്മാവുപേറുന്ന എഴുത്തുകാരി രാധയെയാണ് ഞാന്‍ തിരയുന്നത് എന്ന് പറഞ്ഞൊപ്പിച്ചു.
ഞാന്‍ പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും അവരുടെ രഥം ഈ പ്രപഞ്ചത്തിന്റെ താഴ്‌വരകള്‍ പിന്നിട്ട് ശബ്ദകണങ്ങള്‍ ഇല്ലാത്ത പുതിയ സൗരയൂഥം തേടി അലയുന്ന മൗനം പിറന്നു. പിന്നെയും ഏറെ നേരത്തെ നിശബ്ദതയ്ക്കു ശേഷവും ഭീകരമായ മൗനം. ഞാന്‍ ചോദിച്ചതൊന്നും അവര്‍കേട്ടില്ലെ?. കേള്‍ക്കാതിരിക്കുന്നതെങ്ങനെ? അവരുടെ വാക്കുടഞ്ഞ നിശ്വാസം വേഗം വെച്ച് പിരിഞ്ഞ് വീണത് എന്റെ കാതിലേക്ക് ആയിരുന്നു. നിശ്വാസത്തിന്റെ പ്രവേഗം തെററിയാല്‍ അത് തേങ്ങലാകുന്നു. അവരുടെ മൗനം നിയന്ത്രണമില്ലാത്ത തേങ്ങലായിരിക്കുന്നു, ഇപ്പോള്‍ ഞാന്‍ ശരിക്കു അറിയുന്നു അവര്‍ക്ക് സഹിക്കാന്‍ കഴിയാത്ത എന്തോ ഒന്ന് ഇവിടെ സംഭവിച്ചിരിക്കുന്നു. അവരുടെ ഹൃദയം പൊട്ടിയുള്ള തേങ്ങല്‍ ആരോ ഒരു മഞ്ചലില്‍ കരച്ചിലിലേക്ക് കൊണ്ടുപോയിരിക്കുന്നു. എല്ലാം കരുതലുകളും നഷ്ടപ്പെട്ട് ഇപ്പോള്‍ അവര്‍ ഫോണിന് പുറത്തേക്ക് കേള്‍ക്കുന്ന പൊട്ടിക്കരച്ചിലായിരിക്കുന്നു. ആളുകള്‍ ഒഴിഞ്ഞു ശൂന്യമായ വക്കീലാപ്പീസിന്റെ വരാന്തയില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഒരു സ്റ്റില്‍ ഫോട്ടോയിലെന്നപോലെ രാജേട്ടനും സൂരജേട്ടനും എന്നെ തുറിച്ചുനോക്കുന്നു. ഞാന്‍ തിരയുന്ന രാധയിലേക്കു ഇവര്‍ കരഞ്ഞുകയറുകയാണെന്ന് ആരോ രഹസ്യം പറയുന്നു. വളര്‍ന്നു പെരുകി കലങ്ങിയ കണ്ണീര്‍ ചുഴിയുടെ വട്ടം തെളിയുവാന്‍ കാത്തുനിന്നു.
വളരെ അപ്രതീക്ഷിതമായി കണ്ണുനീരില്‍ മുങ്ങിപോയതുകൊണ്ടാവാം എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് മനസ്സിലായതേ ഇല്ല. എന്തിനായിരിക്കും ആശയറ്റ് നിരാലംമ്പയായ് അവര്‍ കരഞ്ഞുപെയ്തത് . ഞാന്‍ പ്രതീക്ഷിക്കുന്ന രാധയ്ക്ക് കരയുവാനാകുമോ? തടവില്‍ പാര്‍ക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്ന രാധതന്നെയാണോ ഇവര്‍ ? അല്ലെങ്കില്‍ പിന്നെ എന്തിന് കരയണം?. അങ്ങനെ തന്നെയാണെങ്കിലും എന്തിനായിരിക്കും അവര്‍ കരഞ്ഞുപോയത്? . സൈരന്ധ്രിയെയും, ബ്രഹന്ദളയെയുമൊക്കെ ആവാഹിച്ച് കൂട് വരെ ആരൊക്കെയോ തീപന്തങ്ങളുമായി എത്തപ്പെട്ടിരിക്കുന്നു. കാലാവധിയില്ലാതെ പാര്‍ത്ത ഞെരിഞ്ഞുണങ്ങിയ ചില്ലകളുള്ള കൂട്ടില്‍ തീച്ചൂട് നാക്കുതൊട്ടുവോ. ആശ്രമം വെടിയുന്ന താപസിയുടെ വേദനയാണോ ഈകണ്ണുനീര്‍, ഇതു രാധതന്നെ. ……………..
തിളച്ചുമറിഞ്ഞ് പിന്നെ പുണ്യാഹമായ് പരിണമിച്ച് കരച്ചിലില്‍ നിന്ന് തേങ്ങലിലേക്കും തേങ്ങലില്‍ നിന്ന് വിതുമ്പലിലേക്കും പിന്‍ നടന്ന് നനഞ്ഞ വാക്കുകളിലൂടെ അവരിറ്റിയൊലിച്ചു. ഒരുനിമിത്തമാവുക മാത്രമായ ഞങ്ങളെക്കാള്‍ കൂടുതല്‍ ആരൊക്കെയോ കേള്‍ക്കാന്‍ ആഗ്രഹിച്ച ആചോദ്യം അവരില്‍ നിന്നും ഞെട്ടടര്‍ന്ന് വീണ് ഈ യാഗാന്ത്യത്തിന്റെ പുണ്യമാവുകയായിരുന്നു.

sameeksha-malabarinews

ഞാനാണ് ആ രാധയെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്?
ഞാന്‍ പോലും മറന്നുപോയ എന്നെ ഇപ്പോഴും ആരാണോര്‍ക്കുന്നത് ?
ഉപേക്ഷിക്കേണ്ടിവന്ന എഴുത്തിന്റെ വിശാലമായ മലയാളലോകത്തില്‍ ഞാനുണ്ടായിരുന്നുവെന്ന് പറഞ്ഞു….
ഇപ്പോഴില്ല….. എന്നോര്‍മിപ്പിച്ച് കരയിപ്പിച്ചതെന്തിനായിരുന്നു?
എഴുത്തുമുറിയില്‍ അക്ഷരങ്ങള്‍ പിണ്ഢം വെച്ച് ദര്‍പ്പണം ചെയ്ത് എന്നെ എന്തിനാണ് എഴുത്തുകാരിയെന്ന് വിളിച്ചത്? ചോദ്യങ്ങളുടെ പെരുമഴയില്‍ ഞാന്‍ നനഞ്ഞുകുതിരാന്‍ വെറുതേ നിന്നുകൊടുത്തു. ഉത്തരങ്ങള്‍ കെണ്ടത്താന്‍ ശ്രദ്ധിച്ചതേയില്ല. കാരണം രാധ അവതരിച്ചിരിക്കുന്നു, ശബ്ദം രൂപവും പൂണ്ടിരിക്കുന്നു. ചോദ്യങ്ങളുടെ ഈ ഹവീസ് ഞാന്‍ കൈകൂപ്പിവാങ്ങുകയാണ്, ഋഷിവര്യനായ ആ മാഷിനോട് മാഷിന്റെ രാധയെ കണ്ടത്തിയിരിക്കുന്നുവെന്ന് ഉറക്കെയുറക്കെ വിളിച്ചുപറയാന്‍ ……….

ചോദ്യങ്ങളുടെ തീര്‍ത്ഥം ഇറ്റിറ്റ് നിലച്ചു……….. പിന്‍വാങ്ങിപോയ സാമ്രജ്യത്തിന്റെ തലയെടുപ്പ് അറിയുകയും ആരൊക്കയോ ഓര്‍ത്തെടുത്ത് ഇപ്പോഴും തെരെഞ്ഞെത്തുന്നത് പുണ്യമാണെന്നും ഉളളിലെ സംഘര്‍ഷമടങ്ങി രക്തമര്‍ദ്ദത്തിന്റെ വേലിയേറ്റം കരയില്‍ നിന്നും പിന്‍വാങ്ങി

പുഴയിലൂടൊഴുകുമ്പോള്‍ അവര്‍ പറഞ്ഞു. നിലാവ് പോലെ ശാന്തമായിരിക്കുന്നു അവര്‍.
നാടും, വീടും ,രാജ്യവും ,വന്‍കരയും ,ഉപേക്ഷിച്ച് നീണ്ടുനീണ്ടുകിടന്ന പ്രവാസത്തിനിടയ്ക്ക് ഒരേ ഒരാഴ്ചത്തെ മോഹമായിരുന്നു ഈ മടങ്ങിവരവ് . തറവാടും, കാവും, അമ്പലവും ,കുളവും ,നടന്നുപോയ നാട്ടുവഴികളും റെയിലും വായനശാലയും ജീവിച്ചിരിക്കുന്ന ബന്ധുക്കളും,സുഹൃത്തുക്കളും, പിന്നെ വര്‍ഷങ്ങള്‍ക്കപ്പുറം നാടുവിട്ടോടി പോവുമ്പോള്‍ മുകളിലെ മച്ചില്‍ ഇരുമ്പുപെട്ടികകത്ത് പൊതിഞ്ഞ് സൂക്ഷിച്ച് വെച്ച പ്രാണനായ എഴുത്തുകള്‍ ഒന്നുകൂടെ ഇവിടിരുന്നു വായിക്കാനും കൊണ്ടുപോവാനും ആരെയും അറിയിക്കാതൊരു വരവ് പോക്ക് അതിനിടയിലാണ് കാലം അതിന്റെ നിയോഗം നടത്തുവാന്‍ ആരെയോ ഏല്‍പ്പിക്കുന്നത്. കൂടുതലൊന്നും ചോദിക്കില്ലെങ്കില്‍ ആ അമ്മയെ കാണാമെന്നു സമ്മതിച്ചു.
മാഞ്ഞുപോയ ചില വരകള്‍ എന്തിനോടോ തെളിഞ്ഞുചേര്‍ന്ന് എഴുത്തും, കഥകളുമാവുന്നു…..പിന്നെ അത് രാധയാവുന്നു. ഈ സൂചനകള്‍ക്ക് രാധയല്ലാതെ മറ്റൊന്നുമാവാന്‍ കഴിയില്ല. റഷീദ് മാഷിനെ ഫോണില്‍ വിളിച്ച് രാധയെ കണ്ടെത്തിയിരിക്കുന്നുവെന്ന് പറഞ്ഞു. ആദ്യമൊന്നും മാഷ് അത് വിശ്വസിക്കുവാന്‍ കൂട്ടാക്കിയതേയില്ല. ആ ടെലഫോണ്‍ സംഭാഷണം പല തവണ എന്നെകൊണ്ട് ആവര്‍ത്തിപ്പിച്ച ് പറയിപ്പിച്ചു. രാധ ഒരു സത്യമായിരുന്നുവെന്ന് കാലംകൊണ്ട് മാഷ് മറന്നുപോയിരിക്കുന്നു, സത്യത്തിനും ഫാന്റസിക്കുമിടയിലെ സമദൂരത്തുനിന്ന് നാളെ രാധയെ കാണാന്‍ പോവുമ്പോള്‍ തന്നെ കൂടെ കൊണ്ടുപോവണമെന്ന ഉള്ളിലെ ആഗ്രഹം അദ്ദേഹം പറഞ്ഞു . രാവിലെ ഒന്‍പതുമണിക്ക് കാണാമെന്ന് പറഞ്ഞ് ഫോണ്‍ കട്ടായി.
കാത്തിരിക്കുന്നുവെന്ന് പറഞ്ഞ് രാവിലെ രാധയുടെ ഫോണ്‍വന്നു. രാത്രി ഉറക്കം ശരിയാവാത്തതുകൊണ്ട് കാലത്തേഉറങ്ങിെയളളു എന്നും, ഓട്ടോയില്‍ കയറിയെന്നും പറഞ്ഞ് മാഷും, മാഷെ കാത്തു നില്‍ക്കുകയാണെന്ന് സൂരജേട്ടന്റെയും ഫോണ്‍വന്നു. അമ്പലത്തിനു മുന്നിലെ ഇരട്ട ആല്‍മരത്തിന്റെ ചുവട്ടില്‍ ഞാന്‍ ഇരുവരെയും കാത്തു നിന്നു. അരയാലിലകളെ വിറകൊള്ളിച്ച് കാറ്റ് പിന്നെയും കടന്നു പൊയ്‌ക്കൊണ്ടിരുന്നു.

ഒരു സംസ്‌കാരത്തിന്റെ അവശേഷിക്കുന്ന പൈതൃകങ്ങള്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന ആര്‍ക്കിയോളജിക്കല്‍ ഗ്രാമത്തിലേക്ക് മുച്ചക്രവാഹനത്തില്‍ ചെന്നിറങ്ങാന്‍ പോവുന്ന മനസ്സുമായി ഞങ്ങള്‍ ഓട്ടോയില്‍ തിങ്ങിയിരുന്നു. ഇരിപ്പുറക്കുമ്പോഴേക്കും അടയാളം പറഞ്ഞ ഗേറ്റിനു മുന്നില്‍ വണ്ടി നിന്നു. ക്യാമ്പിനുള്ളില്‍ നിന്നും മാഷ് കുത്തിയൊലിച്ചിറങ്ങി. എഴുത്ത് കൂട്ടത്തില്‍ നിന്നും പെറുക്കി കൂട്ടിയ ചില്ലക്ഷരങ്ങളുടെ നിരപ്പ് തെറ്റിയിട്ടില്ലന്ന് ശിരസിളക്കി ഉറപ്പിച്ച് ഗേറ്റ് തുറന്നു.
നാളുകള്‍ ഉടഞ്ഞുടഞ്ഞു ചിതറി പിന്‍വാങ്ങിപോയ കാലവും, രാധയും മാഷും ഞങ്ങളും ഒരുമിച്ച് പഴയ മച്ചിനു താഴെ ഒരേ കോലായിലേക്ക് ഏതോ ദിക്കില്‍ നിന്നെത്തിചേരുന്നു. കോലായില്‍ മരക്കസേരയില്‍ രാധയിരിക്കുന്നു സ്‌നേഹത്തോടെ വീര്‍പ്പുമുട്ടലോടെ അകത്തേക്കിരുത്തുന്നു.

വിളംബരപലകയിലെ അക്ഷരങ്ങള്‍ കാലത്തിന്റെ പോക്കുതട്ടി ചാറൊലിച്ച് നരച്ച് വെളുത്തിരിക്കുന്നു.സൂക്ഷിച്ച് ചേര്‍ത്ത് വെക്കാന്‍ ഒരക്ഷരം പോലും രാധയുടെ അലമാരയില്‍ ഉണ്ടായിരുന്നില്ല. എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. ചിതലുകള്‍ തിന്ന് തീര്‍ത്ത ഈ സാഹിത്യ ജീവിതം വെറുമൊരു പ്രവാസിയായി വീണ്ടും ഈ അമ്മയെ ഇതേകോലായിലിരുത്തി തോല്‍പ്പിക്കുന്നു. പക്ഷേ അനുഭവങ്ങളുടെ കൂട് പൊളിച്ച് പറന്ന ഈ പക്ഷിയുടെ ചിറകില്‍ വീണ്ടും ചിറകടി മുഴങ്ങുന്നു. പത്രമോഫീസിലെ ആര്‍ക്കവേസില്‍ നിന്നും നഷ്ടപ്പെട്ടതെല്ലാം തിരഞ്ഞെടുക്കാം എന്ന ഉറപ്പ് പറഞ്ഞ് കഥകളുടെ ഈ അമ്മയേ കുറിച്ച് എഴുതാന്‍… പറയാന്‍ പുറത്തേക്ക് നടന്നു.

 

മറ്റൊരു കഥയില്‍ നിന്നും രാധ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!