Section

malabari-logo-mobile

മന്ത്രി നായര് തന്നെ! എന്‍എസ്എസ്സിനെ പ്രീണിപ്പിക്കേണ്ടെ?

HIGHLIGHTS : ഗണേഷ് കുമാറിന്റെ രാജി ഗുണം ചെയ്തിരിക്കുന്നത് കോണ്‍ഗ്രസ്സിനാണ്.

ഗണേഷ് കുമാറിന്റെ രാജി ഗുണം ചെയ്തിരിക്കുന്നത് കോണ്‍ഗ്രസ്സിനാണ്. പൊതുവെ എത്ര മന്ത്രിസ്ഥാനം കിട്ടിയാലും തികയാത്ത കോണ്‍ഗ്രസിന് വീണുകിട്ടിയ ഒരവസരമാണ് ഈ രാജി. രാജി പ്രഖ്യാപനം വന്നതോടെതന്നെ തിരുവനന്തപുരത്തെ അധികാര ഇടനാഴികകളില്‍ മന്ത്രിക്കസേരക്ക് വേണ്ടിയുള്ള ചരടുവലികളും ശക്തമായി. ഈ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നത് യുഡിഎഫുമായി ഇടഞ്ഞു നില്‍ക്കുന്ന എന്‍എസ്എസ്സിന് ഒപ്പം നിര്‍ത്താനുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്തണമെന്നതാണ്. ഇതോടെ വനം വകുപ്പിന്റെ തലവനായി വരുന്നത് നായര്‍ സമുദായാംഗമായ ഒരു കോണ്‍ഗ്രസ് എംഎല്‍എ ആകുമെന്ന് ഉറപ്പായി.

ഇതില്‍ ആദ്യമുയര്‍ന്നു വന്ന പേര് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടേതാണെങ്കിലും ഉപമുഖ്യമന്ത്രി സ്ഥാനമോ ആഭ്യന്തരമന്ത്രി സ്ഥാനമോ ആണെങ്കില്‍ മാത്രം മന്ത്രിസ്ഥാനം മതിയെന്ന നിലപാടിലാണ് ചെന്നിത്തല. ഉപമുഖ്യമന്ത്രി സ്ഥാനം സൃഷ്ടിക്കുന്നത് ഇപ്പോഴത്തെ നിലയ്ക്ക് യുഡിഎഫിന്റെ പ്രതിച്ഛായക്ക് വീണ്ടും മങ്ങലേല്‍പ്പിക്കും എന്നതിനാല്‍ ഇതുണ്ടാവില്ല എന്നതാണ് നിരീക്ഷണം. മാത്രമല്ല ലോകസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന വേളയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മന്ത്രിസഭയിലെത്തുന്നത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണം ചെയ്യില്ല എന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം വാദിക്കുന്നു.

sameeksha-malabarinews

മറ്റൊരു പേര് ഉയര്‍ന്നു കേള്‍ക്കുന്നത് ആറന്മുള എംഎല്‍എ കെ ശിവദാസന്‍ നായരുടേതാണ്. എന്‍എസ്എസ്സിന്റെ സ്വന്തം ആളാണ് എന്നതാണ് ശിവദാസന്‍ നായരുടെ പ്ലസ്. ആര്‍ ബാലകൃഷ്ണപിള്ളയോടും അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ശിവദാസന്‍ നായര്‍.

അടുത്തയാള്‍ സാക്ഷാല്‍ മുരളീധരന്‍ തന്നെ. മുന്‍ കെ പി സി സി പ്രസിഡന്റ്, ലീഡറുടെ മകന്‍ എന്നിവയൊക്കെ മുരളിയുടെ ഗുണമായി പറയുമ്പോഴും എന്‍എസ്എസ്സിനും എസ്എന്‍ഡിപിക്കും പ്രിയപ്പെട്ടവനാണ് മുരളിയെന്നതാണ് പ്രധാന യോഗ്യത. പോരാത്തതിന് ഒരു സംഘം എംഎല്‍എമാരും നേതാക്കളും മുരളിയെ വനം മന്ത്രിയാക്കാന്‍ ഓട്ടം തുടങ്ങിക്കഴിഞ്ഞു. വിഡി സതീശന്റെ പേര് ഇടയ്ക്ക് ഉയര്‍ന്നുകേട്ടെങ്കിലും യുഡിഎഫിന്റെ ബുദ്ധി കേന്ദ്രമായ പി സി ജോര്‍ജ്ജ് കണ്ണുവെച്ചയാളാണ് വിഡി സതീശന്‍ എന്നത്് തിരിച്ചടിയായി.

വരും ദിനങ്ങളില്‍ സുകുമാരന്‍ നായരുടെ കനിവ്് ആര്‍ക്കാണ് ലഭിച്ചതെന്ന് നമുക്ക് കണ്ടറിയാം.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!