പരപ്പനങ്ങാടി ശ്രീമൂകാംബികക്ഷേത്ര ദര്‍ശനത്തിനായി നടി ശാരദയെത്തി.

പരപ്പനങ്ങാടി :നെടുവ പിഷാരീക്കല്‍ ശ്രീമൂകാംബികക്ഷേത്രത്തില്‍ ദര്‍ശനത്തിനായി മലയാളിയുടെ പ്രിയനടി ശാരദയെത്തി. ശനിയാഴ്ച നടന്ന ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ തിരക്കുകള്‍ മാറ്റിവെച്ച് ഇവര്‍ എത്തിയത്.
സംവിധായകന്‍ കമലിന്റെ അസോസിയേറ്റ് ഡയറക്ടറായ നെടുവ സ്വദേശി ഹരീഷാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളെ കുറിച്ച് ശാരദയോട് പറഞ്ഞത്. തികഞ്ഞ മൂകാംബിക ഭക്തയായ അവര്‍ അപ്പോള്‍ തന്നെ ഇവിടം സന്ദര്‍ശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പിന്നീട് ക്ഷേത്രത്തില്‍ നടക്കുന്ന ധ്വജപ്രതിഷ്ഠ ചടങ്ങിനെ കുറിച്ച് ഹരീഷ് അറിയിച്ചപ്പോള്‍ യാത്രാക്ലേശം വകവെക്കാതെ ശാരദ ഹൈദരാബാദിലെ ലൊക്കേഷനില്‍ നിന്ന് ഇവിടേക്ക് പുറപ്പെടുകയായിരുന്നു.

ക്ഷേത്രത്തിലെ ഭക്തി നിര്‍ഭരമായ ചടങ്ങുകളില്‍ പങ്കെടുത്ത് ഏറെ നേരം ശാരദ അവിടെ കഴിച്ചുകൂട്ടി. ക്ഷേത്രവളപ്പില്‍ നിന്നിരുന്ന സ്ത്രീകളും കുട്ടികളും ശാരദയെ സ്‌നേഹത്തോടെ വളഞ്ഞു. ഇവരോട് ശാരദ ഏറെ നേരം സംസാരിച്ചു. കൗതുകത്തോടെ തന്നെ ശ്രവിക്കുന്ന കുട്ടികളോടും ഇവര്‍ ഏറെ വാത്സല്ല്യത്തോടെ പെരുമാറി.

വൈകീട്ട് ചെന്നൈ മെയ്‌ലില്‍ ശാരദ ഹൈദരബാദിലേക്ക് മടങ്ങി. ‘സുകുമാരലു’ എന്ന തെലുങ്കു ചിത്രത്തിലാണ് ഇവര്‍ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top