Section

malabari-logo-mobile

നാക് അക്രഡിറ്റേഷന് ശ്രമിക്കാത്ത കോളേജുകള്‍ക്ക് പുതിയ പ്രോഗ്രാമുകള്‍  അനുവദിക്കുന്നത് പുനപരിശോധിക്കണം: മന്ത്രി

HIGHLIGHTS : നാക് അക്രഡിറ്റേഷന്‍ ലഭിക്കാത്തതും അതിന് ശ്രമിക്കാത്തതുമായ കോളേജുകള്‍ക്ക് പുതില്‍ പ്രോഗ്രാമുകള്‍ അനുവദിക്കുന്നത് സര്‍വകലാശാലകള്‍ പുനപരിശോധിക്കണമെന്...

നാക് അക്രഡിറ്റേഷന്‍ ലഭിക്കാത്തതും അതിന് ശ്രമിക്കാത്തതുമായ കോളേജുകള്‍ക്ക് പുതില്‍ പ്രോഗ്രാമുകള്‍ അനുവദിക്കുന്നത് സര്‍വകലാശാലകള്‍ പുനപരിശോധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ. ടി. ജലീല്‍ പറഞ്ഞു. കേരളത്തിലെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു മന്ത്രി.
സര്‍വകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളും നാക് അക്രഡിറ്റേഷന് വിധേയമായിട്ടുണ്ടെന്ന് സര്‍വകലാശാലകള്‍ ഉറപ്പു
വരുത്തണം. പുതിയ പ്രോഗ്രാമുകളും നിലവിലെ പ്രോഗ്രാമുകള്‍ക്ക് മാര്‍ജിനല്‍ വര്‍ദ്ധനവും അനുവദിക്കാന്‍ നാക് അക്രഡിറ്റേഷന്‍ മാനദണ്ഡമാക്കാവുന്നതാണ്. നാക് അക്രഡിറ്റേഷനില്‍ എ പ്ലസിനു മുകളില്‍ ഗ്രേഡ് നേടുന്ന കോളേജുകള്‍ക്ക് പ്രോത്സാഹനജനകമായ പദ്ധതികള്‍ നല്‍കാം.
നാക് അക്രഡിറ്റേഷനില്‍ എ പ്ലസിനു മുകളില്‍ ഗ്രേഡ് നേടുന്ന സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക സഹായം നല്‍കും. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം വിലയിരുത്താനും കാര്യക്ഷമത ഉറപ്പാക്കാനും മൂന്നു മാസത്തിലൊരിക്കല്‍ അവലോകന യോഗം ചേരും. ആദ്യത്തെ യോഗം 2019 ജനുവരി നാലിന് എം. ജി സര്‍വകലാശാലയില്‍ നടക്കും. പിഎച്ച് ഡിക്ക് സര്‍വകലാശാല തലത്തില്‍ റോസ്റ്റര്‍ തയ്യാറാക്കി പട്ടികജാതി, പട്ടികവര്‍ഗം, എസ്. ഇ. ബി. സി വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പാക്കാനുള്ള നടപടി സ്വീകരിക്കണം. സര്‍വകലാശാലകളില്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഏര്‍പ്പെടുത്തണം. ദേശീയ അന്തര്‍ദ്ദേശീയ നിലവാരമുള്ള സര്‍വകലാശാലകളും കോളേജുകളും കേരളത്തിലുണ്ടാവണം. നാകില്‍ ലഭിക്കുന്ന കൂടിയ സി ജി പി. എ ആയ 4.00 ലക്ഷ്യമിടണം. കുറഞ്ഞത് എ പ്ലസ് എങ്കിലും നേടണം.
കേരളത്തിലെ സര്‍വകലാശാലകള്‍ നടത്തുന്ന കോഴ്സുകള്‍ പരസ്പരം അംഗീകരിക്കുന്ന സ്ഥിതിയുണ്ടാവണം. സര്‍വകലാശാലകളിലെ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലുകള്‍ പുനസംഘടിപ്പിക്കണം.
സ്വാശ്രയ സ്ഥാപനങ്ങളിലെ ഫീസ് പുതുക്കുന്നതിനും ഏകീകരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. സ്വാശ്രയ കോളേജുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നാക് മാതൃകയില്‍ സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് അസസ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (സാക്) സ്ഥാപിക്കും. സര്‍വകലാശാലകള്‍ കാലത്തിനനുസരിച്ച് പുതിയ പ്രോഗ്രാമുകള്‍ വിഭാവനം ചെയ്യണം. ഇതിന്റെ റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിക്കണം. ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്രോഗ്രാമുകള്‍ ആരംഭിക്കാനും ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഓപ്പണ്‍ കോഴ്സായി എല്ലാ പ്രോഗ്രാമുകളിലും അവതരിപ്പിക്കുന്നതിനും നടപടി സ്വീകരിക്കണം. നവ സംരംഭകര്‍ക്കും നൂതനാശയങ്ങള്‍ വികസിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമായി സ്റ്റാര്‍ട്ട് അപ്പ് പദ്ധതി ബാങ്ക് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മികച്ച ഗവേഷക അധ്യാപകനും വിദ്യാര്‍ത്ഥിക്കും സംസ്ഥാനതലത്തില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തും. സര്‍വകലാശാലകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാലതാമസം കൂടാതെ നല്‍കുകയും ഓണ്‍ലൈനില്‍ ലഭിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തുകയും വേണം.
വിദേശങ്ങളിലെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ നടപടിയുണ്ടാവണം. അടുത്ത അധ്യയന വര്‍ഷത്തില്‍ കുറഞ്ഞത് നൂറ് വിദേശ വിദ്യാര്‍ത്ഥികളെങ്കിലും കേരളത്തിലെ കോളേജുകളില്‍ എത്തുന്നതിന് സാഹചര്യം ഉണ്ടാക്കണം. സര്‍വകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും പഠനത്തിനൊപ്പം പാര്‍ട്ട് ടൈം ജോലി നല്‍കുന്നതിനുള്ള നടപടി കൈക്കൊള്ളണം. വിദേശ സര്‍വകലാശാലകളും മറ്റു ഗവേഷണ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിടണം. ഓരോ ബിരുദത്തിനൊപ്പം അധിക വിഷയങ്ങള്‍ പഠിപ്പിച്ചുകൊണ്ട് അതില്‍ മൈനര്‍ ഡിഗ്രി നല്‍കാനുള്ള പദ്ധതികള്‍ നടപ്പാക്കണം. എന്‍ജിനിയറിംഗ് കോളേജുകളിലെ ഓരോ ബ്രാഞ്ചുകള്‍ക്കും എന്‍. ബി. എ അക്രഡിറ്റേഷന്‍ ലഭ്യമാക്കുന്നതിന് നടപടിയെടുക്കണം.
പരീക്ഷാ നടത്തിപ്പും ഫല പ്രഖ്യാപനവും സമയബന്ധിതമാക്കണം. ബിരുദ പരീക്ഷാഫലം ഏപ്രില്‍ 30നകവും ബിരുദാനന്തരബിരുദ പരീക്ഷാഫലം മേയ് 31നകവും പ്രസിദ്ധീകരിക്കണം. സെമസ്റ്ററില്‍ ഇടവിട്ടുള്ള പരീക്ഷകള്‍ കോളേജിനെ ഏല്‍പ്പിക്കുന്ന കാര്യം പരിഗണിക്കണം. ഓട്ടോണോമസ് കോളേജുകളുടെ പ്രവര്‍ത്തനം മൂന്നു മാസത്തിലൊരിക്കല്‍ വൈസ് ചാന്‍സലര്‍മാര്‍ വിലയിരുത്തണം. ഓപ്പണ്‍ സര്‍വകലാശാല അടുത്ത വര്‍ഷം യാഥാര്‍ത്ഥ്യമാക്കണം. പരീക്ഷാനടത്തിപ്പില്‍ സര്‍വകലാശാലകള്‍ ആധുനികവത്കരണം നടപ്പാക്കണം. ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍, ഓണ്‍ലൈന്‍ പരീക്ഷകള്‍ എന്നിവ സുരക്ഷ ഉറപ്പാക്കി നടപ്പാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ്, വിവിധ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!