Section

malabari-logo-mobile

ഞാന്‍ പറയട്ടെ ……. ആണ്‍കുട്ടികള്‍ എങ്ങനെ പെരുമാറണം ?

HIGHLIGHTS : ഈ ശീര്‍ഷകത്തില്‍ തുടങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത് ഈ അടുത്ത നാളുകളില്‍ ഇന്ത്യയില്‍ നടക്കുന്ന സംഭവവികാസങ്ങളാണ്.

ഞാന്‍ പറയട്ടെ …….

ആണ്‍കുട്ടികള്‍ എങ്ങനെ പെരുമാറണം ?



ജോളി ജോസ്

 

 

 

 

ഈ ശീര്‍ഷകത്തില്‍ തുടങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത് ഈ അടുത്ത നാളുകളില്‍ ഇന്ത്യയില്‍ നടക്കുന്ന സംഭവവികാസങ്ങളാണ്.

sameeksha-malabarinews

അമ്പത് വര്‍ഷംപുറകോട്ടുപോയാലും, അഞ്ച് ദിവസം പുറകോട്ടുപോയാലും നമ്മുടെ നാടും നാട്ടുകാരും “നല്ല നടപ്പ്” പഠപ്പിക്കണമെന്ന് തീരുമാനിച്ചിരിക്കുന്നത് പെണ്‍കുട്ടികളെ മാത്രമാണ്. പെണ്‍കുട്ടികള്‍ എന്തുപറയണം. എങ്ങനെ നടക്കണം എന്തിനേറെ, എന്തെടുക്കണം എന്നുപോലും ചര്‍ച്ച ചെയ്യാന്‍ ആളുകള്‍ ഏറെ.

ഇവരെല്ലാം കാണാതെ പോയ ഒന്നുണ്ട്’ ആണ്‍കുട്ടികളുടെ നല്ല നടപ്പ്. നമ്മുടെ സമൂഹം ആണിനെ എങ്ങനെയാണ് വിലയിരുത്തുന്നത്? മലയാള സിനിമകളില്‍ പറഞ്ഞു പറയാതേയും നമ്മളേയും നമ്മുടെ കുട്ടികളേയും മനസ്സിലാക്കിത്തരുന്ന “ആണത്തം” എന്താണ് ? ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രസംഗിച്ചു നടക്കുന്ന ഒരു സമൂഹത്തിലാണ് ജനിച്ചു വീണ കുഞ്ഞുമുതല്‍ എഴുപതുവയസ്സായ മുത്തശ്ശിമാര്‍ വരെ പിച്ചിച്ചീന്തപ്പെടുന്നത്. അപ്പോള്‍ നമ്മുടെ സമൂഹത്തിന് എവിടെയാണ് തെറ്റിയത്?


ഈയടുത്തകാലത്ത് ദില്ലിയില്‍ നടന്ന കൂട്ടബലാല്‍സംഗത്തിനെതിരെ പ്രതികരിച്ച ഒരു വനിതയുടെ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡില്‍ കണ്ട ഈ മുദ്രാവാക്യം നമ്മുടെ സമൂഹത്തിന്റെ മൂല്യശോഷണം തുറന്നുകാട്ടുന്ന ഒന്നാണ്.

“ഞാന്‍ എന്തെടുക്കും എന്ന് എന്നെ പഠിപ്പിക്കുന്നതിനുപകരം നിങ്ങള്‍ അവരോടു പറയൂ എന്നെ ബലാല്‍സംഗം ചെയ്യരുതെന്ന്.”
നമ്മുടെ ആണ്‍കുട്ടികള്‍ എങ്ങനെ പെരുമാറണം എന്ന് നമ്മള്‍ തന്നെയാണ് അവരെ പഠിപ്പിക്കേണ്ടത്. ആണ്‍കുട്ടികള്‍ക്ക് മാത്രം അവകാശപ്പെട്ട ചില അലിഖിത നിയമങ്ങള്‍ ചുവടെ ചേര്‍ക്കട്ടെ.
കമന്റടി: ഓ .. ആണ്‍കുട്ടിയല്ലേ അതൊക്കെ ആവാം.

അനാവശ്യ നോട്ടം: ആണ്‍കുട്ടയല്ലേ ഭംഗി (കളര്‍) കണ്ടാല്‍ നോക്കും
തോണ്ടലും പിടിക്കലും: ആണ്‍കുട്ടികളായാല്‍ അങ്ങനെയാ പെണ്‍കുട്ടികള്‍ അടങ്ങി ഒതുങ്ങി നടക്കണം അല്ലെങ്കില്‍ ഇങ്ങനെയാ….
ഇങ്ങനെയുള്ള ധാരാളം തെറ്റിദ്ധാരണകള്‍ നമ്മുടെ കുട്ടികളിലും കാണുന്നു. എന്തുകൊണ്ടാണ് പെരുമാറ്റചട്ടങ്ങള്‍ ലിംഗഭേദമില്ലാതെ നടപ്പിലാക്കാന്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമ്മള്‍ മടിക്കുന്നത്. ഉത്തരം ഒന്നേയുള്ളൂ പുരുഷാധിപത്യത്തിലുറച്ചു വിശ്വസിക്കുന്ന നമ്മുടെ സമൂഹം.

നാം എല്ലാവരും ഭീതിയിലാണ് ഈ കുട്ടികളുടെ പോക്ക് എങ്ങോട്ട് എന്ന് ചിന്തിച്ചാണത്. ഈ തലമുറ എന്തേ ഇങ്ങനെ എന്ന് അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കുന്നതിനുപകരം എല്ലാവരും ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എന്താണ് നമ്മുടെ സംഭാവനകള്‍? എന്താണ് നമ്മള്‍ അവരെ പഠിപ്പിച്ചത് ? അപ്പോള്‍ തെറ്റ് സംഭവിച്ചത് എത് തലമുറക്കാണ് ? നിങ്ങള്‍ ചിന്തിക്കുക.


പെണ്‍കുട്ടികള്‍ക്കായി കടുത്ത പെരുമാറ്റചട്ടങ്ങള്‍ ഉണ്ടാക്കിയ സമൂഹം എന്തുകൊണ്ട് മറ്റൊരു വിഭാഗത്തെ കണ്ടില്ല എന്ന് നടിക്കുന്നു. ഇത് ഇനിയെങ്കിലും മാറണം. അതിന് ഓരോ കുടുംബത്തിലും മാറ്റങ്ങള്‍ വരണം. നമ്മുടെ കുട്ടികളെ കുട്ടികളായിട്ട് കണ്ട് അവരുടെ കടമകള്‍ മനസ്സിലാക്കികൊടുക്കണം. മാറ്റങ്ങള്‍ വീടുകളില്‍ തുടങ്ങണം. ആണ്‍കുട്ടികളെ എങ്ങനെയാണ് പെരുമാറാന്‍ പഠിപ്പിക്കേണ്ടത്. നമ്മള്‍ ശ്രദ്ദിക്കേണ്ട ചില ചെറിയ (വലിയ) കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
കൊച്ചു കുട്ടികളില്‍ ലിംഗവ്യത്യാസത്തിന്റെ അനാവശ്യ അഹങ്കാരം വളര്‍ത്തരുത്.
കുട്ടികള്‍ക്ക് വീടിനുള്ളില്‍ ചെറിയ ചെറിയ ജോലികളില്‍ പോലും ആണ്‍ പെണ്‍ വ്യത്യാസം കാണിക്കരുത്.
വീടിനുള്ളില്‍ കുട്ടികള്‍ക്ക് തുല്യസ്ഥാനം നല്‍കണം.
ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പരസ്പര ബഹുമാനം അത്യന്താപേക്ഷിതമാണ് !
സ്‌കൂളുകളിലും ഇത് ബാധകമാണ്
ഇങ്ങനെയുള്ള ചെറിയ വലിയ കാര്യങ്ങളാണ് നമ്മള്‍ ശ്രദ്ധിക്കാതെ പോയത്. ഈ ചെറിയ വലിയ കാര്യങ്ങളാണ് ഭാവിയില്‍ ആണ്‍കുട്ടികളെ ആണത്തം ഉള്ളവരാക്കുന്നത് “ആണത്തമെന്നാല്‍ നല്ല സ്വഭാവമുള്ളവന്‍” എന്നാണ് എന്ന് അറിയാവുന്നവരുടെ എണ്ണം വര്‍ദ്ധിക്കണം. അതാണ് നമ്മുടെ കുട്ടികള്‍ മനസ്സിലാക്കേണ്ടതും
നമ്മള്‍ മനസ്സിലാക്കി കൊടുക്കേണ്ടതും. അല്ലെങ്കില്‍ ഇങ്ങനെയാണ് അവര്‍ പെരുമാറാന്‍ പഠിക്കേണ്ടതും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!