സംഗീതം സാന്ത്വനം; ഹരിതകം നഷ്ടപ്പെടുന്ന ജീവശാഖയിലേക്ക് ഒരു മുഴുവന്‍ വസന്തതത്തെത്തന്നെയും മടക്കിവിളിച്ചുകൊണ്ടുവരുന്ന വിശുദ്ധമായ പ്രാര്‍ത്ഥനയാണ്; ജീവന്റെ പൊള്ളലുകളില്‍ തഴുകിത്തലോടി ഉറക്കുന്ന ഔഷധമാണ്; സംഗീതം ജീവിതംതന്നെയാണ്… ജീവിതയാത്ര സംഗീതപഥങ്ങളിലൂടെയുള് തീര്ത്ഥയാത്രയാക്കിമാറ്റിയ ലോകമെങ്ങുമുള്ള മറ്റു സംഗീതജ്ഞരെപ്പോലെയോ അതിലുപരിയോ ആയി സംഗീതം ഇതെല്ലാമായിരുന്നു ബീഗം അക്തറിന് – ഔഷധം, സാന്ത്വനം, പ്രാര്ത്ഥ, ജീവിതംതന്നെയും.
സംഗീതം ഔഷധംതന്നെയോ എന്ന ചോദ്യത്തിനു സ്വന്തം ജീവിതത്തില്‍നിന്ന് ഉത്തരം കണ്ടെത്തുകയും സ്വന്തം ജീവിതംകൊണ്ടുതന്നെ ഉത്തരം നല്‍കുകയും ചെയ്തു ബീഗം അക്തര്‍. 1914 ഒക്ടോബര്‍ 7-ന് ഉത്തര്‍പ്രദേശിലെ ഫൈസാബാദിലാണ് അക്തറിബായ് ഫൈസാബാദി എന്ന ബീഗം അക്തര്‍ ജനിച്ചത്. സംഗീതപാരമ്പര്യം ഏറെയൊന്നുമുള്ള കുടുംബത്തിലായിരുന്നി ജനനം. എങ്കിലും ചെറുപ്പംമുതല്‍തന്നെ അക്തറിബായിയുടെ ജീവിതത്തില്‍ സംഗീതമുണ്ടായിരുന്നു. തന്റെ കുട്ടിക്കാലത്ത് ഫൈസാബാദ് സന്ദര്‍ശിച്ച ഒരു സഞ്ചരിക്കുന്ന നാടകക്കമ്പനിയിലെ ഗായികയുടെ ആലാപനവശ്യത തന്നെ സംഗീതലോകത്തേക്ക് ആകര്‍ഷിച്ച ഒരു പ്രധാന ഘടകമായിരുന്നുവെന്നു ബീഗം അക്തര്‍ വെളിപ്പെടുത്തയിട്ടുണ്ട്. ബാലികയായ അക്തറിബായിയുടെ സംഗീതത്തിലുള്ള താത്പര്യം മനസ്സിലാക്കിയ അമ്മാവനാണ് അവരെ സംഗീതപഠനത്തിനുവേണ്ടി ഉസ്താദ് ഇംദാദ് ഖാന് എന്ന ഗുരുവിന്റെ അടുത്തേക്കയച്ചത്. അക്കാലത്തെ അറിയപ്പെടുന്ന സാരംഗിവാദകനായിരുന്നു ഉസ്താദ് ഇംദാദ് ഖാന്.
ഇംദാദ് ഖാനും അത്ത മുഹമ്മദ് ഖാനുമായിരുന്നു സംഗീതലോകത്ത് ബീഗം അക്തറിന്റെ ആദ്യ ഗുരുക്കന്മാര്. അതിനുശേഷം വ്യത്യസ്ത കാലങ്ങളിലായി മുഹമ്മദ് ഖാന്, അബ്ദുല്‍ വഹീദ് ഖാന്, ഉസ്താദ് ഝന്സെ ഖാന് എന്നിവരുടെ കീഴിലും ബീഗം അക്തര്‍ സംഗീതമഭ്യസിച്ചു. ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആഴങ്ങള്‍ തൊട്ടറിഞ്ഞ മഹാഗുരുക്കന്മാരുടെ കീഴിലുള്ള പഠനമാണ് ക്ലാസിക്കല്‍ സംഗീതത്തില്‍ ഉറച്ച അടിത്തറയും സവിശേഷമായ ആലാപന ശൈലിയുമുള്ള ബീഗം അക്തര്‍ എന്ന അതുല്യയായഗസല് ഗായികയെ ഹിന്ദുസ്ഥാനി സംഗീതത്തിന് സമ്മാനിച്ചത്.
തന്റെ പതിനഞ്ചാം വയസ്സില്‍ ബീഗം അക്തര്‍ തന്റെ ആദ്യത്തെ സംഗീതപരിപാടി അവതരിപ്പിച്ചു എന്ന ഒറ്റ കാര്യം മതി ബീഗം അക്തറിന്റെ സിരകളിലൊഴുകിയിരുന്ന സംഗീതം എത്രമേല്‍ ശക്തവും അഗാധവുമായിരുന്നെന്ന് മനസ്സിലാക്കാന്‍. ഗസലുകള്ക്കുപുറമെ തുമ്രികളും പാടിയിരുന്ന ബീഗം അക്തറിന്റെ വശ്യവും അഗാധവുമായ ആലാപനം സരോജിനി നായിഡുവിനെ ഏറെ ആകര്‍ഷിച്ചിരുന്നു. സരോജിനി നായിഡുവില്‍നിന്ന് ലഭിച്ച പ്രശംസ തന്റെ സംഗീതജീവിതത്തിന് ഏറെ ഊര്‍ജ്ജം പകര്‍ന്നതായി ബീഗം അക്തര്‍ പ്രസ്താവിച്ചിട്ടുണ്ട്. മെഗാഫണ് റിക്കാര്‍ഡ് കമ്പനിയാണ് ബീഗം അക്തറിന്റെ ആദ്യഗസല്‍ റിക്കാര്‍ഡ് പുറത്തിറക്കിയത്. തുടര്‍ന്ന് നിരവധി ഗസല്‍ തുമ്രി റിക്കാര്‍ഡുകള്‍ ബീഗം അക്തറിന്റേതായി പുറത്തുവന്നിട്ടുണ്ട്. ഗായിക എന്നതിനുപുറമേ ചലച്ചിത്ര നടി, നാടകനടി എന്നീ നിലകളിലും പ്രശസ്തയായിരുന്നു ബീഗം അക്തര്‍. ഏക് ദിന് കാ ബാദ്, മുംതാസ് ബീഗം, അമീന, രൂപ്കുമാരി, ജവാനി കാ നഷറോട്ടി, ജല്‍ സാഗര്‍ തുടങ്ങിയ നിരവധി സിനിമകളില്‍ അഭിയിച്ചിട്ടുള്ള ബീഗം അക്തര്‍, റോട്ടി എന്ന സിനിമക്കുവേണ്ടി പാടിയ ഗസലുകള്‍ ഏറെ ജനപ്രീതി നേടുകയുണ്ടായി. അവര്‍ അഭിനയിച്ച ജലസാഗര്‍ എന്ന ചിത്രത്തിന്റെ സംവിധായകന് സത്യജിത് റായ് ആയിരുന്നു. താന്‍ മറ്റെന്തിലുമുപരി ഗായികയാണെന്ന ബോധമാണ് പില്ക്കാലത്ത്അഭിനയരംഗം വിട്ട് സംഗീതത്തില്‍മാത്രം ശ്രദ്ധ കേന്ദീകരിക്കാന്‍ അവരെ പ്രേരിപ്പിച്ചത്.
1945ല്‍ ഇഷ്തിയാഖ് അഹമ്മദ് അബ്ബാസി എന്ന വകക്ലിനെ വിവാഹംകഴിച്ചതോടെ ബീഗം അക്തറിന്റെ സംഗീതജീവിതത്തിന് താല്‍ക്കാലിക വിരാമമായി. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിനുവഴങ്ങി വിവാഹശേഷം അഞ്ചുവര്‍ഷത്തോളം അവര്‍ സംഗീതലോകത്തുനിന്നു വിട്ടുനിന്നു. പക്ഷേ സംഗീതലോകത്തുനിന്നുള്ള ഈ അകല്‍ച്ച സംഗീതം ജീവിതമാക്കിയിരുന്ന ബീഗം അക്തറിനെ ശാരീരികമായും മാനസികമായും തളര്‍ത്തി. അക്തറിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അവരുടെ അസുഖത്തിനുള്ള ഔഷധമായി നിര്‍ദ്ദേശിച്ചത് സംഗീതംതന്നെയായിരുന്നു. അങ്ങനെ സ്ഗീതലോകത്തേക്ക് മടങ്ങിയെത്തിയ ബീഗം അക്തര്‍ പിന്നീട് തന്റെ അവസാന നിമിഷംവരെ സംഗീതലോകത്തില്‍നിന്ന് അകന്നുനിന്നില്ല.”രഹ്നെ ലഗാ ഹെ ദില്‍ മേം അന്ധേര…” ”അമേ യാദ് സതാനെ ലഗി…” ”ഇഷ്ക് മുഝെ ഓര് കുച്ച് തൊ യാദ് നഹീ…” തുടങ്ങി 400ല്‍പരം ഗാനങ്ങലിലൂടെ സംഗീതസ്നേഹികളുടെ കര്‍ണ്ണപുടങ്ങളില്‍ അമൃതമഴപെയ്യിച്ച ബീഗം അക്തറിനെ തേടി പത്മഭൂഷണ്‍. പത്മശ്രീ, സംഗീത നാടക അക്കാദമി അവരാഡ് എന്നിങ്ങനെ നിരവധി ബഹുമതികള്‍ തേടിയെത്തി. പക്ഷേ ഈ ബഹുമതികള്ക്കെല്ലാമുപരി ബീഗം അക്തര്‍ ഹൃദയത്തോടുചേര്ത്തുപിടിച്ചത് സംഗീതസ്നേഹികള്‍ സ്നേഹാദരങ്ങളോടെ ചാര്‍ത്തിക്കൊടുത്ത ‘മലിക-എ-ഗസല്‍’ (ഗസലുകളുടെ രാജ്ഞി) എന്ന ബഹുമതിയായിരുന്നു. 1974 ഒക്ടോബര്‍ 30 ന് ഈ അതുല്യ ഗായിക ലോകത്തോട് വിടപറഞ്ഞപ്പോള്‍ സംഗീതലോകത്തിന് നഷ്ടപ്പെട്ടത് ആലാപനത്തിന്റെ ക്ലാസിക്കല്‍ ആഴങ്ങള്‍കൊണ്ടും വശ്യതകണ്ടും ഹൃദയങ്ങള്‍ കീഴടക്കിയ ഗസലുകളുടെ ഗാജ്ഞിയെയായിരുന്നു. അവര്‍ അവസാനമായി പാടിയ ഗസലുകളില്‍ ഒന്നായ
‘സുനാ കരോ മേരിജാന്‍ ഉന്‍സെ
ഉന്‍ക അഫ്സാനെ,
സബ് അജ്നബി ഹെ യഹാം,
കോന്‍ കിസ്കൊ പഹ്ചാനെ….’ – എന്ന ഗസലില്‍ ജീവിതം പലപ്പോളായി അവര്‍ക്കു നല്കിയ വേദനകളുടെ മായാമുദ്രകള്‍ പതിഞ്ഞുകിടന്നിരുന്നുവോ?




