കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്റിന് പുതിയ മുഖം ചെലവ് 30 ലക്ഷം

കൊയിലാണ്ടി :കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്റും പരിസരവും മോടികൂട്ടി നവീകരിക്കാന്‍ നഗരസഭയുടെ പുതിയ പദ്ധതി ഒരുങ്ങുന്നു. നഗരസഭയുടെ ഫണ്ട് ചെലവാക്കാതെ സ്‌പോണ്‍സര്‍ഷിപ്പിലൂടെയും പരസ്യത്തിലൂടെയുമാണ് തുക സമാഹരിക്കുക. 30 ലക്ഷം രൂപയാണ് സൗന്ദര്യവത്കരണ പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്.
നവീകരണ പദ്ധതിയുടെ ഭാഗമായി പുതിയ ബസ്സ്റ്റാന്റ് പെയിന്റടിച്ചും നിലം ടൈല്‍ പാകിയും മനോഹരമാക്കും. സ്റ്റാന്റില്‍ യാത്രക്കാര്‍ക്ക് ഇരിക്കാനായി കമനീയവും ഉറപ്പുളളതുമായ ഇരിപ്പിടങ്ങള്‍, ഫില്‍ട്ടര്‍ ചെയ്ത കുടിവെളള സംഭരണികള്‍ എന്നിവ സ്ഥാപിക്കും. കൂടാതെ വിശ്രമകേന്ദ്രം, ലഗേജുകള്‍ സൂക്ഷിക്കാനുളള ക്ലോക്ക് റൂം, പോലീസ് എയ്ഡ്‌പോസ്റ്റ്, എ.ടി.എം കൗണ്ടര്‍ എന്നിവയും നിര്‍മ്മിക്കും.
മുറുക്കിത്തുപ്പി വൃത്തികേടാക്കുന്നതും പുകവലിച്ച് സിഗരറ്റ് കുറ്റികള്‍ വലിച്ചെറിയുന്നതും തടയും. സ്റ്റാന്റും പരിസരവും വൃത്തിയായി പരിപാലിക്കാന്‍ സ്ഥിരമായി കാവല്‍ക്കാരെ നിയോഗിക്കും. കച്ചവടക്കാര്‍ പുറത്തേക്ക് സാധനങ്ങള്‍ പ്രദര്‍ശിപ്പിച്ച് വില്‍പ്പന നടത്തുന്നത് തടയും. ദേശീയ പാതയില്‍ നിന്ന് സ്റ്റാന്റിലേക്കുളള ഫുട്പാത്തുകള്‍ ടൈല്‍ പാകി നവീകരിക്കും. ഫൂട്പാത്തിന് ഇരുവശത്തും ബാരിക്കേഡുകള്‍ പണിയും. ഫുട്പാത്തിലെ തെരുവ് കച്ചവടം നിരോധിക്കും. ബസ്സ്റ്റാന്റിലും പരിസരത്തും വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കും.
കണ്ണൂര്‍, വടകര ഭാഗത്തുനിന്നും വരുന്ന ദീര്‍ഘദൂര ബസുകള്‍ അതിവേഗമാണ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നത്. ഇത് യാത്രക്കാരുടെ ജീവന് ഭീഷണിയാണ്. അതിവേഗം തടയാന്‍ ബസുകള്‍ സ്റ്റാന്റിലേക്ക് കടക്കുന്നിടത്ത് വരമ്പുകള്‍ സ്ഥാപിക്കും.
കോഴിക്കോട്ടെക്കുളള ദീര്‍ഘദൂര ബസുകള്‍ നിര്‍ത്തുന്ന സ്റ്റാന്റിന്റെ തെക്കുഭാഗത്ത് ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കും. പുതിയ മേല്‍പ്പാലത്തിലേക്ക് കാല്‍നട യാത്രക്കാര്‍ക്ക് കയറാനായി കോണിപ്പടികള്‍ സ്ഥാപിക്കുന്നതിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. കോണിപ്പടികള്‍ വരെ നഗരസഭ റോഡ് നിര്‍മ്മിക്കും. യാത്രക്കാരുടെ സൗകര്യത്തിനായി പാലത്തിനടിയിലും തെരുവ് വിളക്കുകള്‍ സ്ഥാപിക്കും.
പുതിയ ബസ്സ്റ്റാന്റ് നവീകരണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ കെ.ശാന്ത പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top