കൊച്ചി ആസ്ഥാനത്തെ ലൈംഗിക പീഡനക്കേസ്;സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ദില്ലി: കൊച്ചി നാവികാസ്ഥാനത്തെ ലൈംഗിക പീഡനക്കേസില്‍ ഹൈക്കോടതി നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവടക്കമുള്ളവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജ്ജിയിലാണ് സ്റ്റേ.

കൊച്ചി നാവികാസ്ഥാനത്ത് വെച്ച് ലൈംഗീകമായി പീഡിപ്പിച്ചെന്നും സ്ഥാനകയറ്റത്തിനായി ഭര്‍ത്താവ് മുതിര്‍ന്ന ഉദ്യാഗസ്ഥര്‍ക്ക് കാഴ്ചവെക്കുന്നതിനായി നിര്‍ബന്ധിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ ഈ പരാതിയില്‍ പോലീസ് നാവിക സേന ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതെതുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് രവി കിരണ്‍ ഉള്‍പ്പെടെയുള്ളവര്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കേരള പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ യുവതി കേസ് പരിഗണിക്കുന്നത് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസ് ഇന്നലെ പരിഗണിച്ച സമയത്ത് യുവതിയുടെ പരാതിയുണ്ടായിട്ടും ബലാത്സംഗത്തിന് കേസെടുത്തില്ലെന്ന് യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷക അറിയിച്ചു. ഇതെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് സദാശിവം അധ്യക്ഷനായ ബഞ്ച് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന യുവതിയുടെ ആവശ്യം പിന്നീട് പരിഗണിക്കും.

Share news
error: Content is protected !!
Scroll to Top