ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം ഒട്ടേറെ ദുരൂഹതകള്‍ ബാക്കിവെക്കുന്നു എന്ന് കരുതപ്പെടുന്നത് ആ ജീവതം ശരിയായി മനസിലാക്കാതെ പോയതുകൊണ്ട് മാത്രമായിരിക്കും സിന്ധുജോയിമാരും അബ്ദുള്ള കുട്ടിമാരും പുളച്ച് നടക്കുന്ന ഇടതുപക്ഷ വര്‍ത്തമാനത്തില്‍ ചന്ദ്രശേഖരന് ഒരു അപരിചിതനാകാതെ വയ്യ. ചന്ദ്രശേഖരന് തിരഞ്ഞെടുത്ത വഴി പോരാട്ടത്തിന്റെതായിരുന്നു. അലസസംതൃപ്തിയുടെ പകലിനേക്കാള്‍ പോരാളികള്‍ ശവകുടീരത്തിന് മുകളിലെ നക്ഷത്രഖജിതമായ രാത്രിയെ ഇഷ്ടപ്പെടുന്നവരാണ്. രണ്ടുതരത്തിലുള്ള മരണങ്ങളുണ്ടെന്ന് ഒഞ്ചിയം എന്ന രക്തസാക്ഷി ഗ്രാമത്തിലെ പുതിയ തലമുറ
നടുക്കത്തോടെ വീണ്ടുമറിയുകയായിരുന്നു. ഒരു പക്ഷിതൂവലിനേക്കാള് ലാഘവം കുറഞ്ഞ മരണവും, പര്‍വ്വതത്തേക്കാള്‍ കനമേറിയ മരണവും . പര്‍വ്വതത്തേക്കാള്‍ കനമേറിയ രക്തസാക്ഷിത്വത്തിന്റെ മടത്തട്ടിലേക്ക് പ്രയനേതാവ് ചന്ദ്രശേഖരന് കടന്നുപോകുന്നത് വേദനയോടെ അറിയുകയായിരുന്നു. അവര്‍ക്ക് അവരുടെ മുന്നില്‍ അനുഭവിച്ച ഈ ജീവിതത്തെ തൊട്ടറിയാവുന്നത്കൊണ്ട് മരണത്തെകുറിച്ചും ഒട്ടും ദുരൂഹതകളിലില്ലായിരുന്നു.
വിഎസ് ധീരനായ കമ്മ്യൂണിസ്റ്റ് എന്ന ചന്ദ്രശേഖരനെ വിശേഷിപ്പിച്ചത് മന്ത്രി വൃന്ദങ്ങള്ക്കൊപ്പം സന്ദര്‍ശിച്ചെന്നു വരുത്താന്‍ മാത്രമാണെന്ന പിണറായി വിജയന്റെ ലളിത വല്‍ക്കരണം പോരാളികളെ തള്ളിപ്പറയുന്ന മാടമ്പി ധാര്‍ഷ്ട്യത്തിന്റെ മനസാണ്് പ്രതിഫലിപ്പിക്കുന്നത്. മരണം പോലും മയപ്പെടുത്താത്ത ധാര്‍ഷ്ട്യത്തിന്റെ ദുര്‍ഭൂതം സിപിഐഎം പത്രസമ്മേളനങ്ങള്‍ക്കു പിന്നില്‍ നിന്ന് ഇളിച്ചുകാട്ടുന്നുണ്ട്. ഇതേ ദുര്‍ഭൂതത്തെ പിണറായിയുടെ ഒഞ്ചിയം പ്രസംഗത്തില്‍ കണ്ടവര്‍, കീചകവധത്തിലെ ഭീമനെ തിരഞ്ഞിട്ടുണ്ടെങ്കില്‍ കുറ്റം പറയാനാകില്ല.
പാര്ട്ടിപ്രമാണിമാര് പകുത്തു നല്കിയ തെമ്മാടികുഴിയിലേക്കല്ല ചന്ദ്രശേഖരന്റെ മൃതദേഹം കൊണ്ടുപോയത്. അയാളെ പുതപ്പിക്കാന്‍ തങ്ങളുടെ സ്വപനങ്ങളും പ്രതീക്ഷകളും കൊണ്ട് മണ്ടോടികണ്ണന്റെ ഗ്രാമം കാലെകൂട്ടി ഒരു ചെങ്കൊടി നെയ്തുവെച്ചിരുന്നു. അതിജീവനത്തിന്റെ നിത്യ ജീവിത സ്പന്ദനങ്ങള്‍ കൊണ്ട് തീര്‍ത്ത ഒരു രക്ത പതാക……………. രക്തസാക്ഷികളെ വിപ്ലവ ഗ്രാമങ്ങള്‍ എപ്രകാരമാണ് ഏറ്റു വാങ്ങുക എന്നതിന്റെ ആവേശകരമായ ഒരു സമീപകാല സാക്ഷ്യമായി ചന്ദ്രശേഖരന്റെ ശവസംസ്ക്കാരം.
ഒഞ്ചിയം പോലുള്ള ഒരു രക്തസാക്ഷി ഗ്രാമമാകെ ഓര്ക്കട്ടരിയിലെ ടി.പിയുടെ വീട്ടിലേക്ക് ഒഴുകിയെത്തിയപ്പോള്‍ സിപിഐഎമ്മിന്റെ കോഴിക്കോട്ടെയും കേരളത്തിലെയും നേതാക്കളാരും അതിലുണ്ടാവാഞ്ഞതെന്തേ? കേരളത്തിലെ രക്തസാക്ഷി ഗ്രാമങ്ങളൊന്നാകെ സിപിഐഎം നേതൃത്വത്തിന്, കയറിയാല്‍ തലപ്പൊട്ടിത്തെറിച്ച് പോകുന്ന ബാലികേറാ മലകളാകുകയാണോ ? ഇനി ദുസ്വപ്നം കണ്ട് ഞെട്ടിയുണരുന്ന കുട്ടികളെ ഏതേതു രക്തസാക്ഷിത്വങ്ങളുടെ വീരഗാഥകള്‍ പാടി ഇവര്ക്കുറക്കാനാകും.
ചന്ദ്രശേഖരന്റെ മരണത്തിന് മുന്നില്‍ നിന്ന് കൊണ്ട് അന്വേഷണത്തിന്റെ ‘എസ ്’ കത്തി നിര്‍മ്മിക്കാന്‍ സിപിഐഎം നേതൃത്വം ഇനി ഒരുങ്ങേണ്ട. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള സ്വയം പരിശോധനകളില്‍ മുഴുകുകയാണ് കാമ്യം.
ജനങ്ങളും പാര്‍ട്ടിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ഈ ചോദ്യം തന്നെയാണ് സ്വന്തം ജീവിതം കൊണ്ട് ചന്ദ്രശേഖരന് നിര്‍വ്വഹിച്ചിരിക്കുന്നത്.




