Section

malabari-logo-mobile

കഥ

HIGHLIGHTS : ഗുഡ് ഈവനിങ് ഗോപാലകൃഷ്ണന്‍ മാഷ് ഒരു ദിവസ്സം രാവിലെ ഓഫീസിലേക്ക്

ഗുഡ് ഈവനിങ് ഗോപാലകൃഷ്ണന്‍ മാഷ്

ഒരു ദിവസ്സം രാവിലെ ഓഫീസിലേക്ക് ഗോപാലകൃഷ്ണന്‍മാഷ് കയറവന്നു. വാതില്‍ തള്ളിതുറന്ന് സ്വതസിദ്ധമായ ശൈലിയില്‍,ചുണ്ടില്‍ ഒരു മന്ദഹാസം വരുത്തി, ഇടതു കൈകൊണ്ട് കണ്ണടയെ നേരാംവണ്ണം ഉറപ്പിച്ചും
അല്പം ശബ്ദം പുറത്തുകാട്ടി ചിരി വരുത്തിയും മാഷ് മുന്‍പില്‍ വന്നിരുന്നു. കൃത്ത്യമായി ഓര്‍ക്കുന്നു, കഴിഞ്ഞ ആഴ്ചയില്‍ മാഷിന്റെ വീട്ടുമുറ്റത്തുകൂടെ നടന്നുവരുമ്പോള്‍ തടഞ്ഞുനിറുത്തി വലിയ രഹസ്യം പോലെ പറഞ്ഞു നിറുത്തിയ വാചകങ്ങള്‍….അതിന്റെ തുടര്‍ച്ചയെ തിരയും പോലെയായിരുന്നു എന്റെയും പെട്ടെന്നുണ്ടായ മാഷോടുള്ള അന്വേഷണവും. അത് മാഷെ ഏറെ സന്തോഷിപ്പിച്ചു. മേശപ്പുറത്തു കുമിഞ്ഞുകൂടികിടന്ന ഫയലുകള്‍ക്കു മുകളില്‍ പഴയമോഡല്‍ കറുത്ത ബാഗും, വലിയ ശീലക്കുടയും കയറ്റിവച്ച് ,ഇടതുകൈകൊണ്ട് കണ്ണട മുഖത്തുനിന്നും ഊരി, കസേരയിലേക്ക് ഒന്നമര്‍ന്നിരുന്ന് ആശ്വാസത്തോടെ മാഷ് നെടുവീര്‍പ്പിട്ടു. കഴിഞ്ഞ ആഴ്ചയിലെ അപൂര്‍ണ്ണമാക്കിയ സംഭാഷണ ശകലത്തിന്റെ രസം നുണഞ്ഞ മാഷ് കസേരയില്‍കിടന്ന് മതിവരുവോളം ചിരിച്ചു. ഒരല്‍പ്പം കഴിഞ്ഞ് ചിരി ശമിച്ചെന്നായപ്പോള്‍ മാഷ് പറഞ്ഞു.”ഒരാള്‍ മാത്രമല്ലെടോ.പലാളോളുമുണ്ട്…”
ഇന്ന് അതിനെക്കുറിച്ച് പറയാനാണ് മാഷ് വന്നിരിക്കുന്നതെന്നാണ് വിചാരിച്ചത്. കേള്‍ക്കാന്‍ രസമുണ്ടെങ്കിലും ഇന്ന് തീരെ സമയവുമില്ല. മാഷെ എത്രയും പെട്ടെന്ന് എങ്ങനെയാണ് പറഞ്ഞു വിടുക എന്നാണ് അപ്പോള്‍ ആലോചിച്ചത്. അത്രമാത്രം ജോലി ഉച്ചക്കുമുന്‍പു ചെയ്തുതീര്‍ക്കുവാനുണ്ട്. അതേക്കുറിച്ചെല്ലാം മാഷിനുണ്ടോ ചിന്ത. തലക്കു മുകളില്‍ കറങ്ങികൊണ്ടിരുന്ന ഫാനിനെ പോലെയായി എന്റെ ചിന്തകളും,എന്നിരുന്നാലും മാഷിന്റെ ശിരസ്സില്‍ ആ കാറ്റില്‍ ഇളകിയാടിയ വെള്ളിനാരുകള്‍ എന്റെ ശ്രദ്ധയെ കവര്‍ന്നു. മാഷ് ബാഗ് തുറന്ന് ഒരു ഫയല്‍ പുറത്തെടുത്തു.”ആധാരം വായിച്ചുനോക്കാന്‍ ചന്ദ്രന് നിശ്ചയമുണ്ടോ..? ഞാനിപ്പോ എടുത്ത ഭൂമീടേയാ..”
” എന്താ മാഷെ പോക്കുവരവു നോക്കിയല്ലേ ഭൂമി വാങ്ങിയത്..?”
”അതൊക്കെ നോക്കി. എന്നിരുന്നാലും ചന്ദ്രനൊന്നു നോക്കണത് നല്ലതാ. ഇന്നാണിത് രജിസ്ട്രാഫീസില്‍നിന്ന് കിട്ടീത്.”
മാഷെ പിണക്കേണ്ടെന്നു കരുതി വാങ്ങി നോക്കി. ഇതൊന്നും കാണിക്കുവാനല്ല മാഷ് വന്നതെന്ന് അറിയാം. അല്ലെങ്കില്‍ തീറ് കഴിഞ്ഞ ഭൂമീടെ ആധാരം കണ്ടിട്ട് എന്താക്കാനാ. മറ്റെന്തൊക്കെയാണ് മാഷിന്റെ ലക്ഷ്യം.
ആധാരം മറിച്ചു നോക്കുന്നതിനിടയില്‍ മാഷുടെ വര്‍ത്തമാനം വന്നു. ഊഹം തെറ്റിയില്ല.” ഇന്നലേ ചന്ദ്രാ ഒരു പോള കണ്ണടച്ചിട്ടില്ല. എന്തു മാത്രം പട്ടികളാ നമ്മുടെ നാട്ടില്. ഇവറ്റകളെ പിടിച്ചു കൊല്ലാന്‍ ഇവിടെ സംവിധാനമൊന്നുമില്ലേ..ഞാനിന്നലെ ഇവറ്റകളുടെ കുര കേട്ട് മുഴുവന്‍ ലൈറ്റുമിട്ട് പുറത്തിറങ്ങി നാലുഭാഗത്തും നടന്നു നോക്കി. എന്നെ കണ്ടപാടെ അവറ്റ കുര നിറുത്തി ഓടി മറഞ്ഞു. നേരം പുലര്‍ച്ചെ രണ്ടര ആയിട്ടുണ്ടാകും. എല്ലാവരും നല്ല ഉറക്കം. എനിക്കു മനസ്സിലാകാത്തത് ഇതൊന്നും ഇവരറിയുന്നില്ലേ എന്നാണ്..”
” വല്ലാത്ത ശല്ല്യമാണെങ്കില്‍ നമ്മുക്ക് മുന്‍സിപാലിറ്റിയില്‍ ഒരു പരാതി കൊടുത്താലോ മാഷേ..”
”ഏയ് അതോണ്ടൊന്നും കാര്യോല്ല്യാന്നേ. വേണ്ടത് നമ്മുടെ ഒരു ജാഗ്രതയാണ്. ചന്ദ്രന് പറ്റ്വോ രണ്ടൂസം ഒന്നു കാവലിരിക്കാന്‍..”
”അയ്യോ മാഷേ ഞാനില്ല. ഒരു ദിവസം ഉറക്കമൊളിച്ചാല്‍ ഞാന്‍ ഒരാഴ്ച കിടപ്പിലാകും..”
”ആ. അതാ പറഞത് അയല്‍പക്കത്ത് ഒരു കളവ് നടന്നാല്‍പോലും നാമറിയില്ല്യാന്ന്..”
”മാഷെ ഈ ആധാരത്തില് കുഴപ്പമൊന്നും കാണുന്നില്ല്യാട്ടോ..”
”അതേയല്ലേ. ചന്ദ്രനെയൊന്ന് കാണിച്ചാലേ സമാധാനമാവുള്ളൂന്ന് കരുതി..”
ഒന്നു രണ്ടു കക്ഷികള്‍ വന്നതുകൊണ്ട് രക്ഷപ്പെട്ടു. പിന്നീട് കാണാമെന്നു പറഞ്ഞ് മാഷെ എഴുന്നേല്‍പ്പിച്ചു. അങ്ങനെ പറയുന്നതു തന്നെയാണ് ശരി. അല്ലാതെ മാഷുണ്ടോ എഴുന്നേല്‍ക്കുന്നു.
രണ്ടാഴ്ചമുന്‍പാണ് ഈ ഓഫിസില്‍ വച്ചുതന്നെ മാഷെ പരിചയപ്പെടുന്നത്. അവിചാരിതമായി വന്നുചേര്‍ന്ന ചില സംഭാഷണ ശകലങ്ങള്‍. പരിചയപ്പെട്ടുവന്നപ്പോള്‍ ഞങ്ങള്‍ അത്ര അടുത്തല്ലെങ്കിലും അയല്‍ക്കാരുമാണെന്നു മനസിലായി. മാഷ് അവിടെ വാടകക്ക് താമസമാക്കിയിട്ട് ഒന്നുരണ്ടു മാസമേ ആയിട്ടുള്ളൂ. മാഷുടെ കഥ കേട്ടുകഴിഞ്ഞപ്പോള്‍ വളരെ അസാധാരണത്ത്വം അനുഭവപ്പെടുകയും ചെയ്തു.
ഗോപാലകൃഷ്ണന്‍ മാഷ് ഈ മുന്‍സിപാലിറ്റിയില്‍ എത്തിയിട്ട്് മുപ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞു. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞനാളുകളില്‍ ഉള്ളതു വിറ്റുപെറുക്കി അഞ്ചുപിള്ളാരേയും കൊണ്ട് മാഷും ഭാര്യയും വണ്ടികയറി വന്നതാണിവിടെ. അതിനുശേഷമാണ് പൊതുമരാമത്ത് വകുപ്പില്‍ പ്യൂണിന്റെ പണിതരപ്പെട്ടത.്അവിടെനിന്നും മാഷുടെ ജീവിതം പടിപടിയായി പച്ചപിടിച്ചു. മൂന്നു പെണ്‍മക്കളെ വിവാഹം ചെയ്തു കൊടുത്തു. ആണ്‍പിള്ളേര് രണ്ടുപേരും ഗള്‍ഫിലും പോയി. സര്‍വ്വീസില്‍നിന്നും റിട്ടയര്‍ ചെയ്ത ശേഷമാണ് മാഷ് തന്റെ ആഗ്രഹം വീട്ടുകാരെ അറിയിച്ചത്. ശേഷിക്കുന്ന നാളുകള്‍ ജന്മനാട്ടില്‍ നില്‍ക്കുവാന്‍ ആഗ്രഹമുണ്ടെന്നു അിറയിച്ചപ്പോള്‍ അതിനാരും എതിരു പറഞ്ഞില്ല. ഓണത്തിനാണ് ആണ്‍മക്കള്‍ രണ്ടുപേരും നാട്ടില്‍ വരിക. കൂടിയാല്‍ ഒന്നോ രണ്ടോ ആഴ്ച നാട്ടിലുണ്ടാകും. ഗള്‍ഫില്‍ സ്വന്തമായി കച്ചവടം നടത്തുകയാണവര്‍. അവര്‍ക്ക് വേണമെങ്കില്‍ കുറച്ചുനാള്‍ ഈ പ്രായമായ മാതാപിതാക്കളെ പരിപാലിച്ചുകൊണ്ട് വീട്ടില്‍ നില്‍ക്കാം. അവരുടെ ഭാര്യയേയും കുട്ടികളേയും കൂട്ടി വന്ന് ഈ കൊച്ചു വീടിന് ഒരു ഉത്സവഛായ പകരാം. അതിനവര്‍ക്കു നേരമില്ലെന്നാണവര്‍ പറയുക. പുതിയതായി പണികഴിപ്പിച്ച വീട്ടിലാണ് അവര്‍ തങ്ങുക. ഒരു പകല്‍ ഇവിടെ ചിലവിടും. പിന്നെ പെണ്‍മക്കള്‍.. അവരും തങ്ങളുടെ പ്രാരാബ്ദങ്ങളുമായി നീങ്ങുന്നതിനിടക്ക്
വര്‍ഷത്തില്‍ ഒന്നോരണ്ടോ തവണ വന്നുപോകും. അത്ര തന്നെ. ആരേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അതുകൊണ്ടൊക്കെ തന്നെ, സ്ഥലം വില്‍ക്കുന്നതിനെക്കുറിച്ച് ആരും എതിരു പറഞ്ഞില്ല. മാഷ് സ്ഥലം വിറ്റു. തന്റെ ജന്മ നാട്ടില്‍ കുറച്ചു സ്ഥലം വാങ്ങുകയും ചെയതു. സ്ഥലത്തിന്റെ തീറ് കഴിഞ്ഞില്ലെങ്കിലും ഉടനെ ഒഴിഞ്ഞു കൊടുക്കേണ്ടതുകൊണ്ട് മാഷ് മറ്റൊരു വാടക വീട് തരപ്പെടുത്തി. ഇനിയാണ് കഥയുടെ രസം..വാടക വീട് ഇളയ മകളുടെ വീടിനു സമീപമാണ് കിട്ടിയത്. മകളാണെങ്കില്‍ വീട്ടില്‍ തനിച്ച്..നാലിലും രണ്ടിലും പഠിക്കുന്ന മക്കള്‍..ഭര്‍ത്താവ് ഗള്‍ഫില്‍. ഞാന്‍ മാഷോട് ചോദിച്ചു, മാഷിന് അവരുടെ കൂടെ നിന്നാല്‍ പോരായിരുന്നോ..?
”അത് ശരിയാകില്ലെടോ. കാര്യം ശരിയാണ് അവളും പിള്ളാരും മാത്രമേ അവിടെയുള്ളൂ. അവളും അവിടെ നില്‍ക്കുവാന്‍ നിര്‍ബ്ബന്ധിച്ചു. എന്തു പറഞ്ഞാലും അത് അവളുടെ വീടാണ്. നമ്മുടെ ശീലങ്ങള്‍ നമ്മുക്കുതന്നെ പിടിക്കാത്ത കാലമാണിത്. അതൊക്കെ അവള്‍ക്ക് സഹിച്ചുവെന്നുവരില്ല”.
”അതല്ല മാഷെ, മാഷ് പുതിയ സ്ഥലം വാങ്ങിച്ചു കഴിഞ്ഞല്ലോ. വീടും ഉടനെ പണിയും. കേവലം കുറച്ചു നാളത്തെ അഡ്ജസ്റ്റുമെന്റ്. ഏഴായിരം രൂപാ വാടക എന്നുപറയുന്നത് ലാഭിക്കാമല്ലോ. മാത്രവുമല്ല, മാഷുടെ ഭാര്യയും വൈകുന്നേരമാകുന്നതോടെ മകളുടെ വീട്ടിലേക്ക് കൂട്ടുകിടക്കുവാന്‍ പോവുകയും ചെയ്യും. അപ്പോള്‍ മാഷവിടെ ഒറ്റക്കുമാണല്ലോ..”
”ഒക്കെ ശരിയണ് ചന്ദ്രാ. എന്നാലും അവിടെ ചെന്ന്താമസിക്കാന്നുപറയണത് പറ്റില്ല.”
”മാഷുടെ അഭിമാനം സമ്മതിക്കുന്നില്ലെന്നു പറഞ്ഞാല്‍ മതിയല്ലോ..” മാഷുടെ ചിരി..
വൈകുന്നേരമാകുന്നതോടെ മാഷുടെ ഭാര്യ സാവിത്രിയമ്മ വീട്ടില്‍ നിന്നും ഇറങ്ങും. ആ നേരമാകുന്നതോടെ മാഷിനും ഒരു വല്ലായക അനുഭവപ്പെടും. വീട്ടുമുറ്റത്തുനിന്നും റോഡുവരെ മാഷ് സാവിത്രിയമ്മയെ കൊണ്ടുചെന്നാക്കും. ”സാവിത്രിയമ്മേ..ഈ ആഴ്ചയല്ലേ അവന്‍ വരുമെന്ന് പറഞ്ഞത്..?” റോഡുവരെ നടന്നുചെല്ലുന്നതിനിടക്ക് മാഷ് സ്ഥിരമായി ചോദിക്കുന്ന ചോദ്യമാണത്. ചിലപ്പോള്‍ സാവിത്രിയമ്മ അതിനു മറുപടി പറയും. മറുപടി പറഞ്ഞില്ലെങ്കിലും മാഷിന് പരിഭവമില്ല. മാഷിനറിയാം രണ്ടു മാസം കൂടിക്‌ഴിഞ്ഞാലേ മരുമകന്‍ വരികയുള്ളുവെന്ന്. എങ്കിലും ആദ്യമായി ചോദിക്കും പോലെ മാഷ് ചോദിക്കും” അടുത്ത ആഴ്ചയല്ലേ അവന്‍ വരാമെന്നു പറഞ്ഞത്..” സാവിത്രിയമ്മക്കു ചിരിവരും. കുസൃതിചിരി ഒളിപ്പിച്ച് അവര്‍ കെറുവാക്കു പറയും.”ഇതു കേട്ടാതോന്നും ഞാന്‍ പോകുന്നതിലുള്ള വിഷമം കൊണ്ടാണെന്ന്. ആര്‍ക്കാഇപ്പൊ അിറയാത്തെ മുരുകന്‍ മോന്‍ പറഞ്ഞതിയ്യതിക്കു മുമ്പെങ്ങാനും എത്തോന്നറിയാനുള്ള വെമ്പലാണിതെന്ന്.. ഞാനിവിടുണ്ടായാല്‍ പലതും നട്ക്കില്ലല്ലോ..” കളിവാക്ക് പറഞ്ഞ് പടി കടന്ന് റോഡിലേക്ക് ഇറങ്ങുവാന്‍ നേരത്ത് സാവിത്രിയമ്മ ഗോപാലകൃഷ്ണന്‍ മാഷെ ഒന്നു നോക്കും. ഗോപാലകൃഷ്ണന്‍മാഷുടെ മുഖം അപ്പോള്‍ വിവരണതീതമായ നിലയില്‍ കാറും കോളും കൊണ്ട് ആടിയുലഞ്ഞ വഞ്ചിപോലെയാകും. ഒടുവില്‍ എല്ലാം കഴിഞ്ഞ്, കാറും കോളുമെല്ലാം പോയി ശാന്തമാകുമ്പോള്‍ തനിച്ചാകുന്ന വഞ്ചി ഉറ്റവരെ ഓര്‍ത്ത് വിലപിക്കും പോലെയായിതീരും. മാഷുടെ കണ്ണുകളില്‍ സൂക്ഷിച്ചുനോക്കിയാല്‍ കാണാം ആരോ ഒരാള്‍ തനിച്ച്..ആരെയോ തിരഞ്ഞ് നടക്കുന്നത്…അതു കാണുമ്പോള്‍ സാവിത്രിയമ്മ കണ്ണുകള്‍ പിന്‍വലിക്കും. തിരിഞ്ഞ് ഒരു നടത്തം കൊടുക്കും. സാവിത്രിയമ്മയുടെ മനസ്സും വേദനിക്കും. ഇനി നേരം പുലരുവോളം മാഷ് തനിച്ച് ആ വീട്ടില്‍..
വാസ്തവത്തില്‍ മാഷുടെ ജീവിതത്തിലെ ദിനചര്യകള്‍ ആരംഭിക്കുന്നത് ഇപ്പോള്‍ മുതലാണെന്ന് വേണമെങ്കില്‍ പറയാം. സാവിത്രിയമ്മപോയതിനുശേഷം ഏകദേശം അരമണിക്കൂര്‍ നേരം ആമുറ്റത്ത് മാഷ് സാവകാശം നടക്കും. നടക്കുന്നതിനിടയില്‍ മാഷിന് ചില സഹയാത്രികരെ ലഭിക്കും. അവരോട് വര്‍ത്തമാനം പറഞ്ഞുനടക്കുക മാഷിനും ഇഷ്ടമുള്ള കാര്യമാണ്. മിക്ക ദിവസങ്ങളിലും അവന്‍ വരും. പുറത്ത് മൂന്നുവരയുള്ള കുഞൗസേപ്പ്.”ന്താ ഔസേപ്പേ സുഖോല്ലേ..” ന്ന് ചോദിച്ചാല്‍ ഉടനേ അവന്‍ ”ചില്‍..ചില്‍..” എന്ന ശബ്ദത്തില്‍ ” സുഖാലോ..” എന്നു മറുപടി പറയും.”നിനക്ക് ഓര്‍മ്മയുണ്ടോ ഔസേപ്പേ..” മാഷ് ഔസേപ്പിന്റെ ഓര്‍മ്മകളിലേക്ക് ഔസേപ്പിനെ കൊണ്ടുപോകുവാനൊരു ശ്രമം നടത്തും.” ഒരൂസം കള്ളുകുടിക്കാന്‍ വേണ്ടി നമ്മ നടന്നത്. ഒരു ഞായറാഴ്ചയാണൂന്നാ തോന്നണത്. നല്ല ഉച്ച നേരം. ഞവരികണ്ടം മുറിച്ചുകടന്ന് മന്ദാരക്കുന്നും കയറിയിറങ്ങിമാവിന്‍ചുവട് ഷാപ്പിലെത്തി രണ്ട് കുപ്പി കള്ള് മോന്തിക്കുടിച്ചത് ഓര്‍മ്മേണ്ടോടാ കുവ്വേ..” ഔസേപ്പ് വര്‍ത്തമാനം പറയാന്‍ നിന്നില്ല. നേരം മൂന്തിയാവുന്നതുകണ്ട് മരച്ചില്ലകള്‍ ചാടിക്കടന്ന് അവന്‍ പോയി.” നീ പോയ്‌ക്കോ, പോയി ഭാര്യക്കും കുട്ടികള്‍ക്കും കാവലിരിക്ക്..” ഔസേപ്പിന്റെ പോക്കുകണ്ട് മാഷ് പറയും. കുറച്ചുകഴിയുമ്പോള്‍ മറ്റു ചിലര്‍ കൂടി വരും. അടക്കാകിളികള്‍, മൂന്നാലു കാക്കകള്‍.. അവര്‍ക്കു കൊടുക്കാന്‍ മാഷുടെ കയ്യില്‍ കുറച്ചു അരിമണിയുണ്ടാകും. മാഷ് അത് തന്റെ ചുറ്റും വിതറും. അരിമണി കൊത്തിതിന്നശേഷം ചില വിരുതന്‍മാര്‍ തന്റെ കൊക്കും പപ്പും വൃത്തിയാക്കുവാന്‍ വേണ്ടി മാഷുടെ തോളില്‍ കയറിയിരിക്കും. കൊക്കില്‍ പറ്റിച്ചേര്‍ന്ന മണ്‍തരികളെ മാഷുടെ പൂടപോയ തലയില്‍കോന്തി വൃത്തിയാക്കി അവ ചോദിക്കും. ”ഇന്നെന്താടോ അരിമണി കറഞ്ഞുപോയത്..? വെപ്പും കുടിയും ഇല്ലാതായോടോ കുവ്വേ..?”അതു കേള്‍ക്കുമ്പോള്‍ മാഷ് കടകടാന്ന് ഉറക്കെ പോട്ടിച്ചിരിക്കും. മാഷോടു കുശലം പറഞ്ഞ്,മാഷെ സന്തോഷിപ്പിച്ചുവെന്ന സംതൃപ്തിയോടെ അവ പറന്നുപോകും. ഇത്രയും ആയികഴിയുമ്പോഴേക്കും നേരം ഇരുട്ടി തുടങ്ങും. മാഷ് പതിയെ അകത്തേക്കു വലിയും.
നേരേകയറുന്നത് വലിയ ഒരു ഹാളിലേക്കാണ്. ഇരുള്‍ പരന്നുകിടന്ന ആ ഹാളിലേക്ക് കലെടുത്തുവക്കുമ്പോള്‍ അപരിചിതമായൊരു ഭാവമാണ് മാഷുടെ മുഖത്തുണ്ടാവുക. ഒരു പ്രേതാലയത്തിലേക്ക് കടന്ന പ്രതീതി. അതുകൊണ്ടു തന്നെ മാഷ് ഉടനെ ചെയ്യുക ആഒരു മൂടിനെ മാറ്റുക എന്നുളളതാണ്. അതിനായി മാഷ് അകത്തേ മുറിയിലേക്ക് കടക്കും. അകത്ത് മൂലയില്‍ ഒതുക്കിയിട്ട അലമാരയില്‍നിന്ന് കഴിഞ്ഞമാസം മകന്‍ കൊടുത്തുവിട്ട ശീമക്കുപ്പി പുറത്തെടുക്കും. ഒരൗണ്‍സ്… അത്രയേവേണ്ടൂ. അതു കഴിച്ചുകഴിഞ്ഞാല്‍ മാഷ് ലൈറ്റുകളെല്ലാം ഓണ്‍ ചെയ്യും. അടുക്കളയില്‍ പോയി കൊറിക്കുവാനെന്തെങ്കിലും എടുത്തുകൊണ്ടുവന്ന് ഉമ്മറത്തു വന്നിരിക്കും. ഉമ്മറത്ത് ചാരു കസേരയുണ്ട്. അതിലാണ് കിടപ്പ്. അതില്‍കിടന്നുകൊണ്ട് മാഷ് പുറത്തെ ലോകകാര്യങ്ങളെക്കുറിച്ച് വിചിന്തനം നടത്തും
കഴിഞ്ഞആഴ്ചയില്‍ മാഷ് സാവിത്രിയമ്മയോട് പറഞ്ഞു : ”സാവിത്രിയമ്മേ..ഇന്നലെ ഒരു വിശേഷോണ്ടായി. ഞാനത്താഴവും കഴിഞ്ഞ് ഉമ്മറത്തേക്ക് വരുമ്പോഴുണ്ട് ആരോ കോളിങ്ങ്‌ബെല്ലില്‍ തൂങ്ങിയാടുണ്..സുമുഖനായ ഒരു ചെറുപ്പക്കാരന്‍..ആരാന്ന് ചോദിച്ചപ്പോ സുകുമോന്റെ ഫ്രണ്ടാന്ന് പറഞ്ഞു. ഫ്രണ്ട് പറയ്യാ, സുകുമോന് ഏതുനേരവും നമ്മുടെ കാര്യം പറയാനേ നേരമുള്ളുവെന്ന്..” ” എന്നിട്ട് മോനൊന്നും കൊടുത്തയച്ചില്ലേ..” സാവിത്രിയമ്മ ചോദിച്ചു. ”കൊടുത്തയച്ചിട്ടുണ്ടാവും. പാതിര ആയില്ലേ അവന്‍ വന്നപ്പോള്‍..” സാവിത്രിയമ്മക്കറിയാം മാഷിന് ഈയിടെയായി കുറച്ച് ഓര്‍മ്മ പിശകുകള്‍ സംഭവിക്കുന്നുണ്ടെന്ന്, പരസ്പരബന്ധമില്ലാത്ത പലതും സംസാരിച്ചു പോകുന്നു. ഒരു ദിവസം പറഞ്ഞു, ഇന്നലെ വീട്ടിനകത്താരോ കയറിയിരുന്നെന്ന്. എന്നിട്ട് എല്ലാ മുറികളും അരിച്ചുപെറുക്കി നോക്കിയെന്ന്.. എഴുപത് പിന്നിട്ടെങ്കിലും ഓര്‍മ്മക്കുറവിന്റേതായ രോഗലക്ഷണങ്ങള്‍ മാഷെ കീഴ്‌പ്പെടുത്താറായിട്ടില്ല. വൈകുന്നേരം മുതലുള്ള ഈ ഏകാന്ത വാസ മാണ് മാഷെ മാറ്റിമറിക്കുന്നത്. മാഷെ കൂടി മകളുടെ വീട്ടിലേക്ക് കൂട്ടാമെന്നുവച്ചാല്‍ മാഷൊട്ടും സമ്മതിക്കത്തുമില്ല. ദീര്‍ഘമായൊരു നെടുവീര്‍പ്പോടെ സാവിത്രിയമ്മ ആ അദ്ധ്യായം അടക്കും.
പതിവുപോലെ മാഷ് അത്താഴം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പുറത്താരോ ഇവിടെ ആരുമില്ലേ എന്നു ചോദിക്കുന്നതു കേട്ടത്. സമയം എട്ടുമണി തന്നെ. അത്താഴം കഴിഞ്ഞ് പാത്രം സിങ്കിലേക്ക് ഇറക്കിവച്ച് കൈകഴുകി വാക്കിങ്ങ് സ്റ്റിക്കുമായി മാഷ് ഉമ്മറത്തേക്ക് വന്നു. ഒരു ഇരയെക്കിട്ടിയാല്‍ അവനെ കത്തിവച്ച് സമയത്തെ കശീപ്പുചെയ്തിരിക്കാമെന്ന മോഹം മാഷുടെ ഉള്ളില്‍ അലതല്ലിക്കളിച്ചു. മാഷ് വാതില്‍ തുറന്നു. മദ്ധ്യവയസ്സു എത്തിയ ഒരു അപരിചിതന്‍ പുറത്തു നില്‍ക്കുന്നു. ”ഗോപാലകൃഷ്ണന്‍ മാഷുടെ വീടല്ലേ..?” എന്ന് അയാള്‍ ചോദിച്ചതും നിന്നെ എനിക്കറിയാം എന്ന വ്യംഗേന അയാളെ അകത്തേക്ക് മാഷ് ക്ഷണിച്ചതും എല്ലാം പെട്ടെന്നായിരുന്നു.
നന്നേ മെലിഞ്ഞ്, ഒരു ജയില്‍ വാസം കഴിഞ്ഞുവന്ന പ്രതീതിയായിരുന്നു അയാളുടെ ശരീരത്തിന്. അയാള്‍ മാഷ് ചൂണ്ടിക്കാണിച്ച കസേരയില്‍ ഇരുന്നു. അയാള്‍ പറഞ്ഞു. ” ഞാന്‍ അല്പം അകലെ നിന്നു വരികയാണ്. കവലയില്‍ അന്വേഷിച്ചപ്പോഴാണ് മാഷ് ഇവിടെ താമസമുണ്ടെന്ന് അറിഞ്ഞത്. അദ്ദേഹത്തെ ഒന്നു വിളിക്കാമോ..?” അതു ശരി, ഇവനെന്നെ മനസിലായിട്ടില്ലല്ലേ..മാഷ് മനസ്സില്‍ പറഞ്ഞു. മാഷ് ചോദിച്ചു.”ആട്ടെ, മാഷെ കണ്ടാല്‍ താങ്കള്‍ അിറയുമോ..?” ”പിന്നില്ലേ, എന്റെ അച്ഛനെ കണ്ടാല്‍ ഞാന്‍ അിറയില്ലേ..?” അതു ശരി, അച്ഛനെ അന്വേഷിച്ചാണ് ഇയാള്‍ ഇറങ്ങിയിരിക്കുന്നത്. അയാള്‍ സ്വയം പരിചയപ്പെടുത്തുവാനൊരുങ്ങി. ”ഇരുപതു വര്‍ഷത്തോളമായി ഞാന്‍ പുറത്തായിരുന്നു. ഇതിനിടയില്‍ നാട്ടിലേക്കു വരുവാന്‍ തോന്നിയതുമില്ല. മനപൂര്‍വ്വമായിരുന്നു. അല്പം പണം സ്വരൂപിച്ചിട്ടു വരാമെന്നുകരുതി. എന്നാല്‍ നാട്ടിലെത്തിയപ്പോള്‍ വീടും പുരയിടവും വിറ്റ് കുടുംബം ഇവീടേക്ക് പാലായനം ചെയ്തുവെന്നറിഞ്ഞു..” കഥ കേട്ട് അതിലലിഞുപോയ മാഷ് ഉണര്‍ന്നു. അടുക്കളയിലേക്കുചെന്ന് ഒരു ഗ്‌ളാസ്സ് വെള്ളം കൊണ്ട് വന്ന് മാഷ് അയാള്‍ക്ക് നല്‍കി. മാഷ് അയാളോട് ചോദിച്ചു. ”അച്ഛനെ കണ്ടാല്‍ നിങ്ങള്‍ ഇപ്പോള്‍ തിരിച്ചറിയുമോ..?” ”പിന്നെന്താ അറിയാണ്ട്..?” ”എന്നിട്ട് നിനക്കെന്നെ മനസ്സിലായില്ലേ..?” മാഷുടെ ചോദ്യം കേട്ട് അയാള്‍ വാ പൊളിച്ചു. അയാള്‍ തന്റെ ഓര്‍മ്മകളെ കാര്‍ന്നുതിന്ന ഇരുപത് വര്‍ഷങ്ങളുടെ പഴമകളിലേക്ക് പതിയെ ഒന്നിറങ്ങിനോക്കി. അയാള്‍ പറഞ്ഞു. ”അച്ഛനാകെ മാറിപ്പോയിരിക്കുന്നു. അച്ഛന്റെ ഇടതുകണ്ണിനു താഴെ ഒരു മറുകുണ്ടായിരുന്നല്ലോ..” ”കഷ്ടം. മറുകു ഇടതു കണ്ണിനു താഴെ ആയിരുന്നില്ല. എന്റെ മുതുകത്തായിരുന്നു. നീ അതും മറന്നു..” അയാള്‍ കസേരയില്‍നിന്നും എഴുന്നേറ്റു. അയാള്‍ മാഷുടെ അരുകിലേക്ക് വന്ന് മാഷുടെ ശിരസ്സിലും മുഖത്തും കൈവിരലുകൊണ്ട് ഉഴിഞ്ഞു. പെട്ടന്നുതന്നെ അയാള്‍ കൈകള്‍ പിന്‍വലിച്ചു. അയാള്‍ പറഞ്ഞു. ”അല്ല..ഇതെന്റെ അച്ഛനല്ല. കോവിലത്ത് ഗംഗാധരന്‍ മാഷ് നിങ്ങളല്ല..” അതു കേട്ട്മാഷ് ഉറക്കേ ചിരിച്ചു. എന്നിട്ട് അയാളെ ഉറക്കെ ആട്ടി.”കടന്നുപോടാ നായിന്റെ മോനെ ഇവിടെ നിന്നും. അച്ഛനെ തേടി ഒരു മോനിറങ്ങിയിരിക്കുന്നു..” അയാള്‍ അവിടെ നിന്നും പോയ ശേഷവും മാഷ് അവിടെ കുറേ നേരമങ്ങിനെ ഇരുന്നു. മക്കള്‍ അച്ഛനമ്മമാരോടു കാണിക്കുന്ന ഇത്തരം സമീപനങ്ങളില്‍ മനസ്സുവിഷമിച്ചായിരുന്നില്ല അങ്ങനെ ഇരുന്നുപോയത്. മാഷ് അപ്പോള്‍ ആലോചിച്ചതുമുഴുവന്‍ ഗോപാലകൃഷ്ണന്‍മാഷ് എന്നു പേരുള്ള ഒരു മനുഷ്യനെ ക്കുറിച്ചു തന്നെയായിരുന്നു.
നേരം ഒരുപാട് ചെന്നതിനുശേഷം മാഷ് അവിടെ നിന്നും എഴുന്നേറ്റു. വാക്കിങ്സ്റ്റിക്കുമായി പതിയെ ആ വീടിനുള്ള മൂന്നു മുറികളിലും മാഷ് വെറുതെ കയറിയിറങ്ങി. പിന്നെ ഉമ്മറത്തേക്കിറങ്ങിയ മാഷ് വാതില്‍ പുറത്തുനിന്നും കൊളുത്തിട്ടു. എന്നിട്ട് വീടിനെ ഒന്നു വലം വച്ചു വന്നു. താഴിട്ടു പൂട്ടിയ വാതിലിനു മുന്നില്‍ വീണ്ടുമെത്തിയ മാഷ് കോളിങ്‌ബെല്ലില്‍ വിരലമര്‍ത്തി. ഉള്ളില്‍ അനക്കമൊന്നും കേള്‍ക്കാതായപ്പോള്‍ മാഷ് ഉറക്കെ നീട്ടി വിളിച്ചു. ”ഗോപാലകൃഷ്ണന്‍ മാഷേ.. ഉറക്കമായോ..ഒന്നെണീക്കു മാഷേ..”
അകത്തു വെളിച്ചം പരക്കുന്നതും, ഉറക്കച്ചടവു വിട്ടുമാറാത്ത ഒരു രൂപം വന്ന് വാതില്‍ തുറക്കുന്നതും മാഷ് അപ്പോള്‍ കണ്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!