താനൂര്‍ : തീരദേശ മേഖലയില്‍ ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയില്‍ കഴിയുമ്പോഴും അധികൃതര്‍ നിസംഗത തുടരുകയാണ്. വലിയ നാശനഷ്ടം ഉണ്ടായ കോര്‍മന്‍ കടപ്പുറം, പണ്ടാര കടപ്പുറം തുടങ്ങിയ മേഖലയോടുള്ള അവഗണനക്കെതിരെ ശക്തമായ ആക്ഷേപമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
ആദ്യ കടല്‍ക്ഷോഭത്തില്‍ 5 വീടുകള്‍ക്ക് നാശം സംഭവിച്ചിരുന്നു. കൂടാതെ കരയിടിഞ്ഞ് നിരവധി പേരുടെ ഭൂമി കടലെടുത്തു. ഇതേ തുടര്‍ന്ന് ദുരന്ത ബാധിതരുടെ നഷ്ടം റവന്യൂ അധികാരികള്‍ കണക്കാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചതാണ്. എന്നാല്‍ യാതൊരു നഷ്ടപരിഹാരവും ഇതു വരെ അനുവദിച്ചിട്ടില്ല. സ്വകാര്യ വ്യക്തികളും, സംഘടനകളും നല്‍കിയ സഹായധനം കൊണ്ടാണ് ഇവിടെയുള്ളവര്‍ ജീവിതം തളളി നീക്കുന്നത്. തങ്ങളുടെ പ്രശ്‌നത്തില്‍ അടിയന്തിരമായി പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങിയിരിക്കുകയാണ് നാട്ടുകാര്‍.
ഒസാന്‍ കടപ്പുറം ഹാര്‍ബര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി പുലിമുട്ട് നിര്‍മ്മിച്ചതാണ് കടല്‍ക്ഷോഭം രൂക്ഷമാകാന്‍ ഇടയാക്കിയിരിക്കുന്നത്. പുലിമുട്ട് നിര്‍മ്മിക്കുമ്പോള്‍ സമീപത്തെ കടല്‍ഭിത്തി ശക്തമാക്കണം. എന്നാല്‍ ഇത് ചെയ്യാതിരുന്നതിനെതുടര്‍ന്ന് ഭിത്തി തകര്‍ന്നതാണ് ദുരിതം രൂക്ഷമായിരിക്കുന്നത്.




