Section

malabari-logo-mobile

എംബസിയുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് പ്രമുഖ മലയാളി വ്യവസായിക്കെതിരെ മുന്‍ ജീവനക്കാരന്റെ പരാതി

HIGHLIGHTS : ദോഹ: എംബസിയില്‍ നല്‍കാനെന്ന പേരില്‍ ഖത്തറിലെ അറിയപ്പെടുന്ന

ദോഹ: എംബസിയില്‍ നല്‍കാനെന്ന പേരില്‍ ഖത്തറിലെ അറിയപ്പെടുന്ന മലയാളി വ്യവസായി കൈക്കൂലി വാങ്ങിയെന്നാരോപിച്ച് മുന്‍ ജീവനക്കാരന്‍ കേന്ദ്ര പ്രവാസികാര്യ വകുപ്പിനും കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്കും ഖത്തറിലെ ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കി.
പരാതിയുടെ പകര്‍പ്പ് വിവിധ മാധ്യമ സ്ഥാപനങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. ദോഹ ബാങ്കിലെ മുന്‍ ജീവനക്കാരനായിരുന്ന തന്റെ പാസ്‌പോര്‍ട്ട് സി ഐ ഡി വിഭാഗത്തില്‍ നിന്ന് ഇന്ത്യന്‍ എംബസി വഴി തിരിച്ചെടുക്കുന്നതിന് 25,000 റിയാല്‍ കൈക്കൂലി വാങ്ങിയെന്നാണ് പരാതിക്കാരന്‍ ബോധിപ്പിച്ചിട്ടുള്ളത്. വ്യവസായിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയും സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെയും നിറഞ്ഞു നില്‍ക്കുന്ന വ്യവസായിക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. അംബാസിഡറുടെ അഭാവത്തില്‍ എംബസിയുടെ ചുമതല വഹിച്ചിരുന്ന അന്നത്തെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സഞ്ജീവ് കോഹ്‌ലിക്ക് നല്‍കാനാണ് പണം വാങ്ങിയതെന്ന് പരാതിക്കാരന്‍ വിശദീകരിച്ചിട്ടുണ്ട്. പണം നല്കിയതിന് ശേഷം അംബാസഡറുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ആരോപണ വിധേയനായ വ്യവസായിയും ചേര്‍ന്ന് സി ഐ  ഡി വിഭാഗത്തില്‍ നിന്നും പാസ്‌പോര്‍ട്ട് തിരിച്ചെടുത്ത് നല്‍കി. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഐ സി ബി എഫിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന അന്നത്തെ അഭിഭാഷകനെ തന്റെ കേസ് വാദിക്കുന്നതിനായി ചുമതലപ്പെടുത്താന്‍ 10,000 റിയാല്‍ വാങ്ങിയതായും പരാതിയില്‍ പറയുന്നു.  വ്യവസായിയുമായി നേരത്തെ തൊഴില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് പരാതിക്കാരന്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നീട് ചില മധ്യസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് കേസ് പിന്‍വലിക്കുകയും അവകാശങ്ങള്‍ അനുവദിച്ചു നല്‍കാന്‍ ധാരണയിലെത്തുകയും ചെയ്തു. എന്നാല്‍ ഈ ധാരണ തെറ്റിച്ച് വ്യവസായി പിന്നെയും ചൂഷണം ചെയ്യുകയും വിവിധ കേന്ദ്രങ്ങളിലെ സ്വാധീനം ഉപയോഗിച്ച് തന്നെ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും ഇന്ത്യന്‍ എംബസിക്ക് നല്‍കിയ മറ്റു പരാതികളില്‍ വ്യവസായിയുടെ കീഴില്‍ ഏതാനും വര്‍ഷങ്ങള്‍ ജോലി ചെയ്ത  ജോണ്‍ കോശി മൂലത്തേരൂര്‍ വ്യക്തമാക്കി.
വ്യവസായിക്കൊപ്പം ജോലി ചെയ്ത സമയത്ത് ലഭിച്ച ശമ്പളത്തിന്റെയും ലഭിക്കാതെ പോയ പണത്തിന്റെയും കണക്കുകള്‍, സ്വന്തം പേരില്‍ സ്ഥാപനത്തിന് വേണ്ടി എടുത്തു നല്‍കിയ വായ്പയുടെ രേഖകള്‍, മധ്യസ്ഥര്‍ മുഖേനയുണ്ടാക്കിയ ധാരണയുടെ പകര്‍പ്പുകള്‍ തുടങ്ങിയവയും പരാതിക്കൊപ്പമുണ്ട്. ഇന്ത്യന്‍ അംബാസഡറുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന്റെ പേരില്‍ നടന്ന അഴിമതിയില്‍ അന്വേഷണം നടത്തണമെന്നും എപ്പോള്‍ വേണമെങ്കിലും അന്വേഷണ ഏജന്‍സിക്ക് മുമ്പില്‍ ഹാജരാകാന്‍ തയ്യാറാണെന്നും ജോണ്‍ കോശി പരാതിയില്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!