Section

malabari-logo-mobile

ഹിമാലയം വിളിക്കുന്നു – 4

HIGHLIGHTS : ഭാഷ അറിയില്ലെന്ന് മറുപടി പറയാന്‍ പോലും എനിക്ക് കഴിയുന്നില്ല. "ബ്രീത്തിംഗ് പ്രോബ്ലം.. പ്ലീസ് വാക്കുകള്‍ തൊണ്ടയില്‍ വിറങ്ങലിച്ചു നിന്നു... വായ വെട്ടി...

മരണത്തിന്റെ തണുത്ത മണം

സുര്‍ജിത്ത് അയ്യപ്പത്ത്‌

……….എണ്ണം ഒന്നില്‍ നിന്നും അമ്പതില്‍ അവസാനിച്ചിട്ടും ഇനിയും എണ്ണുന്നോ  ശ്രീനിവാസാ എന്ന ചോദ്യമെറിഞ്ഞ് ഞാന്‍ അഹങ്കാര തിമിര്‍പ്പില്‍ ആറാടി.. ശ്രീനിവാസന്റെ പത്തി പതുക്കെ താഴ്ന്നു.ഞങ്ങള്‍ തിരിച്ചു കയറുമ്പോള്‍ തനിക്കു കേദാര്‍നാഥിലേക്കുള്ള പതിനാലു കിലോമീറ്റര്‍ പിന്നിടാന്‍ തനിക്കു കഴിയുമോ എന്ന ആശങ്ക ബഷീര്‍ മാഷ്‌ പ്രകടിപ്പിച്ചു. ഈ കയറ്റത്തില്‍ പോലും അദ്ദേഹം ക്ഷീണിതനായി തോന്നി. തണുത്ത കാറ്റ് വീശുന്നു. ലോഡ്ജിന്റെ മട്ടുപ്പാവില്‍ നിന്ന് താഴേക്കു നോക്കുമ്പോള്‍ നാളെ ഗൗരികുന്നിലേക്ക് യാത്രക്ക് തയ്യാറായി നില്‍ക്കുന്ന വാഹനങ്ങളുടെ നീണ്ടനിര. ചില വാഹനങ്ങളില്‍ നിന്നും ഹിന്ദി സിനിമ ഗാനങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങുന്നുണ്ട്…അതിനെ തോല്‍പ്പിക്കുന്ന പോലീസ് അനൗണ്‍സ്‌മെന്റും…താഴെതട്ട് കടകളൊക്കെ സജീവമാണ്. ഞാനും ശ്രീനിവാസനും ജോസഫും പുറത്തിറങ്ങി വരാന്‍ തീരുമാനിച്ചു. ബാക്കിയുള്ളവരെല്ലാം മുറിയില്‍ ചടഞ്ഞു കൂടിയിരിപ്പാണ്….ടെലിഫോണ്‍ബൂത്തിനു മുന്നിലാണ് നീണ്ട നിര.. ബൂത്തിനരികില്‍ വിവിധ ഭാഷകള്‍ കേട്ടു. കന്നടയാണ് കേട്ടതില്‍ ഏക ദക്ഷിണേന്ത്യന്‍ ഭാഷ.. “നെക്കു കന്നഡ സ്വല്പ ഗൊത്തു”…. ഇനി എന്തെങ്കിലും സ്വാദുള്ള ഭക്ഷണം കഴിക്കണം എന്നതാണ് ഉദ്ദേശം.. ഉണക്കചപ്പാത്തി കഴിച്ചു മടുത്തിരിക്കുന്നു. അവിടുത്തെ കൊച്ചുഹോട്ടലുകളിലും ചപ്പാത്തി വിഭവങ്ങള്‍ മാത്രം ആണുള്ളത്… ഒടുവില്‍ കടകള്‍ക്ക് മുന്നില്‍ മാല പോലെ തൂക്കിയിട്ടിരിക്കുന്ന ഇന്‍സ്റ്റന്റ് ന്യുഡില്സ് പാകം ചെയ്തു തരാന്‍ ആവശ്യപ്പെട്ടു. . . പാകമായി മേശക്കു മുകളില്‍ എത്തുമ്പോള്‍ വില മുപ്പതു രൂപ… ആ കാശിന് നമ്മുടെ നാട്ടിലെ എത്ര പഴംപൊരിയും, പരിപ്പുവടയും, ബോണ്ടയും കഴിക്കാം…!!! ആവി പറക്കുന്ന നുഡില്സ്നു നല്ല സ്വാദ് … പച്ചക്കറിയുടെ പൊടി പോലും ഇല്ലെങ്കിലും വയറിലേക്ക് പോകുന്ന വഴി അറിയുന്നില്ല. ലോഡ്ജുമുറിയില്‍ എത്തുമ്പോള്‍ എല്ലവരും ഉറക്കം തുടങ്ങിയിരിക്കുന്നു . . . ഞങ്ങളും പതുക്കെ ലജായിയിലേക്ക് ചുരുണ്ടുകൂടി ……..

പുലര്‍ച്ചെ നാലുമണിക്ക് തന്നെ എല്ലാവരും എഴുന്നേറ്റു. പ്രാഥമികകൃത്യങ്ങള്‍ക്ക് ശേഷം യാത്രക്കൊരുങ്ങി. തണുപ്പുള്ളതിനാല്‍ കുളിച്ചു സമയം കളയാന്‍ ഒന്നും ആരും തയ്യാറായില്ല. സോനാ പ്രയാഗില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ പിന്നിട്ടാല്‍ ഗൗരി കുണ്ഡ് ആയി. അവിടെനിന്നും കേദാര്‍നാഥ് വരെ നീണ്ട പതിനാല് കിലോമീറ്റര്‍… ഗൗരി കുണ്ഡ് വരെ വാഹനം എത്തും.. അവിടെ നിന്നും നടക്കണം. സമുദ്ര നിരപ്പില്‍ നിന്നും ക ദ്മ്ക്;ദക; അടി ഉയരത്തില്‍ ആണ് കേദാര്‍നാഥ് ക്ഷേത്രം. എല്ലാവരും ആവശ്യമുള്ള വസ്ത്രങ്ങളും തണുപ്പിനെ പ്രതിരോധിക്കാനുള്ള കോട്ടും മങ്കിക്യാപ്പും ലഘുഭക്ഷണവും ബാഗില്‍ നിറച്ചു. ലസ് ലഗേജ് മോര്‍ കംഫര്‍ട്ട് എന്ന തത്വം പാലിക്കാന്‍ പലരും തയ്യാറായി. പക്ഷെ അതിനൊരു അപവാദമായി പോളേട്ടനും റോബിന്‍ ചേട്ടനും ഷെര്‍പ്പകളായി…താങ്ങാവുന്നതിലും അധികം ലഗേജുകള്‍ ആണ് അവര്‍ ഏറ്റിയത്. മൂന്ന് ടിഷര്‍ട്ട്‌കളും ഒരു ട്രാക്ക്സ്യൂട്ടും തല മാത്രം മറയുന്ന ഒരു ക്യാപ്പും മാത്രമാണ് ഞാന്‍ കരുതിയിരുന്നത്. മുകളിലേക്ക് കയറും തോറും തണുപ്പ് ഏറും എന്ന് പോളേട്ടനും, ശ്രീനിവാസനും പറഞ്ഞത് ഞാന്‍ തികഞ്ഞ അവജ്ഞയോടെ ആണ് ഞാന്‍ സ്വീകരിച്ചത്. വളരെ ലളിതമായി ഹിമാലയയാത്ര പൂര്‍ത്തീകരിക്കാന്‍ എന്റെ മനസും ശരീരവും സജ്ജമാണെന്ന് ഞാന്‍ അമിത ആത്മവിശ്വാസത്തോടെ മറുപടി പറഞ്ഞു.
സൂര്യന്‍ വളരെ നേരത്തെ ഉദിച്ച പോലെ.. തട്ടുകടകളില്‍ കച്ചവടം സജീവം…ഞങ്ങള്‍ യാത്ര ആരംഭിച്ചു. പോലീസ്‌ ചെക്ക്‌പോസ്റ്റ്‌ കടന്നുപോകുമ്പോള്‍ മുന്നില്‍ വാഹനങ്ങളുടെ നീണ്ടനിര… പോണി കുതിരകള്‍ റോഡ്‌ അരികിലൂടെ കടന്നു പോകുന്നു. മണികള്‍ കുലുക്കി കുണുങ്ങി കുണുങ്ങി നടന്നു നീങ്ങുന്ന പോണി കുതിരകള്‍ രസകരമായ കാഴ്ച തന്നെ…ഇനിയങ്ങോട്ട് പലരെയും ചുമക്കാനുള്ള ദുര്യോഗമാണ്‌ അവര്‍ക്കെന്ന് ഡ്രൈവര്‍ പറഞ്ഞു. റോഡിനു സമാന്തരമായി മന്ദാകിനി ഒഴുകുന്നു. വാഹനം ഗൗരി കുണ്ടില്‍ എത്തി. നല്ല ജനതിരക്കുണ്ട്. ഭക്തജനങ്ങള്‍ ആണ് അധികവും. കേദാര്‍ നാഥ് അത്തരത്തില്‍ ഉള്ളവര്‍ക്ക് മഹാ തീര്‍ത്‌ഥാടന ഭൂമിയാണ്‌. ഞങ്ങളുടെ കൂട്ടത്തില്‍ തികഞ്ഞ വിശ്വാസികള്‍ ഉണ്ട്. വിശ്വാസം ഇല്ലാത്തവരും ഉണ്ട്. എല്ലാവരും അവരവര്‍ക്ക് സ്വീകാര്യം ആകും വിധം യാത്രയെ കാണുന്നു. ചിലര്‍ക്കിതു തീര്‍ത്‌ഥാടനം ആണ്. മറ്റു ചിലര്‍ക്ക് സ്വപ്നസാഫല്യ പൂര്‍ത്തീകരണത്തിനായുള്ള സഞ്ചാരവും.

 

കൂട്ടത്തില്‍ പോണി കുതിരകളെ ആശ്രയിക്കാന്‍ തീരുമാനിച്ചവരും ഉണ്ടായിരുന്നു. പതിനാല് കിലോമീറ്റര്‍ സഞ്ചാരത്തെ കുറിച്ച് എനിക്ക് യാതൊരു തരത്തിലുള്ള ആശങ്കയും ഉണ്ടായിരുന്നില്ല…ഞാന്‍ നടന്നുതന്നെ കയറും..സഞ്ചാരികളും, പോണി കുതിരകളും, ചുമടെടുക്കുന്ന ഗഡ്വാളികളെയും കൊണ്ട് ഗൗരി കുണ്ട് വീര്‍പ്പുമുട്ടുന്നു… കൂട്ടത്തില്‍ എലിസബത്ത്‌ ചേച്ചിയും അനോണ ചേച്ചിയും പോണി കുതിരകളെ തുടക്കത്തില്‍ തന്നെ ആശ്രയിച്ചു… ബാക്കിയുള്ളവര്‍ നടക്കാന്‍ തീരുമാനിച്ചു. ആയിരത്തി അഞ്ഞൂറ് രൂപയാണ് പോകാന്‍ വരുന്ന തുക…ഇവിടെ സര്‍ക്കാര്‍ അംഗീകൃത കുതിരക്കാരും, ചുളുവില്‍ ആളുകളെ കയറ്റി പോകുന്നവരും ഉണ്ട്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നതിനാല്‍ ഞങ്ങള്‍ സര്‍ക്കാരിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. റോബിന്‍ ചേട്ടന്‍, പോളേട്ടന്‍, സീബ ചേച്ചി, ജോസഫ്, ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം ഞാന്‍ നടത്തം തുടങ്ങി..ബഷീര്‍ മാഷിനെ കാണാനില്ല. ഒരു പക്ഷെ അദ്ദേഹം നടത്തം തുടങ്ങി കാണണം…സുബൈര്‍ പോണി കുതിരകള്‍ക്ക് ലാടം അടിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയാണ്. കയറ്റം തുടങ്ങി… വളഞ്ഞു പുളഞ്ഞു പോകുന്ന വഴിയില്‍ കരിങ്കല്ല് പാകിയിരിക്കുന്നു. ഉയരങ്ങളിലേക്കുള്ള പ്രയാണത്തില്‍ മറ്റുള്ളവരെ പിറകിലാക്കി ഞാനും ശ്രീനിവാസനും ജോസഫും നടത്തം വേഗത്തിലാക്കി.

 

 

 

കാഴ്ചകളില്‍ ഏറ്റവും ഭീകരമായി തോന്നിയത് മനുഷ്യനെ ചുമക്കുന്ന മനുഷ്യരെ കണ്ടപ്പോഴാണ്..അവരില്‍ അധികം പേരും നേപ്പാളി മുഖമുള്ളവര്‍…മെലിഞ്ഞ ശരീര പ്രകൃതിയുള്ള യുവാക്കള്‍..ചാരുകസേരക്ക്‌ സമാനമായ ഇരിപ്പിടത്തില്‍ തങ്ങളേക്കാള്‍ രണ്ട് ഇരട്ടി വരുന്നവരെ നാല് പേര്‍ ചുമന്നു കൊണ്ട് പോകുന്നു. അവരുടെ കാലടികള്‍ പട്ടാള ചിട്ടയോടെ മാര്‍ച്ച് ചെയ്യുന്നു… ഒരേ താളത്തില്‍.. ഒരേ വേഗത്തില്‍…. ഇരിപ്പടത്തില്‍ പ്രാര്‍ത്ഥനാ നിരതരായിരിക്കുന്നവര്‍ ആണ് അധികവും…പുറത്ത് കുട്ട കെട്ടിവച്ചു അതില്‍ ആളെ ഇരുത്തി ചുമന്നു കൊണ്ട് പോകുന്നവരെയും കാണാം…. ഇവരൊക്കെയാണ് ഈ യാത്രയിലെ താരങ്ങള്‍… അവരെ ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്ത് ഞാനും സുഹൃത്തുക്കളും യാത്ര തുടര്‍ന്നു. ഇതിനിടയില്‍ അനോണ ചേച്ചിയും, എലിസബത്ത്‌ ചേച്ചിയും ഞങ്ങളെ കടന്നു പോയി.. അവരെ ആര്‍പ്പു വിളിച്ചു ഞങ്ങള്‍ യാത്രയാക്കി. താഴെ ആര്‍ത്തലച്ചു കൊണ്ട് മന്ദാകിനി ഒഴുകുന്നു. ചുറ്റും വനമാണ്. ഇടയ്ക്കിടെ ടി ഷോപ്പുകളും, ടാബകളും ഇടയ്ക്കിടെ വന്നു പോകുന്നു. എന്റെ ഏഴാം ക്ലാസ്സിലെ ശബരിമല യാത്ര ഓര്‍ത്തു പോയി.. വലിയ ശബ്ദമുണ്ടാക്കി പച്ചയും കാവിയും ചുവപ്പും നിറമുള്ള ഹെലി കോപ്ടറുകള്‍ തുമ്പികളെ പോലെ തലയ്ക്കു മുകളിലൂടെ കടന്നു പോകുന്നു. കയ്യില്‍ കാശുള്ളവര്‍ക്ക് ഹെലി കോപ്ടര്‍ വഴിയും കേദാര്‍ നാഥില്‍ എത്താം…. പോകാന്‍ മാത്രം ആറായിരം രൂപ വരും എന്ന് മാത്രം. ഹെലി കോപ്ടരില്‍ വരുന്നവര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പ്രത്യേകം സൗകര്യം ഉണ്ടത്രേ.. !!! ഹെലി കോപ്ടറുകള്‍ക്ക്‌ സമാന്തരമായി പറക്കുന്ന ചെമ്പരുന്തുകള്‍ രസകരമായ കാഴ്ചയാണ്.

 

പെട്ടന്നാണ് അങ്ങ് അകലെ ഒരു സുന്ദരന്‍ കാഴ്ച ശ്രദ്ധയില്‍പ്പെട്ടത് . . .” ഗ്ലേസിയര്‍ ….. ഗ്ലേസിയര്‍”…. ഒരു നോര്‍ത്ത് ഇന്ത്യന്‍ സുന്ദരി ആര്‍ത്തു വിളിച്ചു… കണ്ടവരുടെ മുഖത്തെല്ലാം ആഹ്ലാദം പ്രകടം… എന്തോ പ്രതീക്ഷിച്ചത് കിട്ടിയപോലെ….!!! നീല മേഘങ്ങള്‍ക്ക്‌ താഴെ കേദാര ശൈലം…ഇത് വരെയും ഈ കാഴ്ച കണ്ടിരുന്നില്ല…. ഇപ്പോഴിതാ അങ്ങ് ദൂരെ .. ഇത് സ്വപ്നമോ, യഥാര്‍ഥ്യമോ എന്ന് തിരിച്ചറിയുന്നില്ല… അത്രക്കും മനോഹരമായ കാഴ്ച… ആ മലക്ക് താഴെയാണ് കേദാര്‍ നാഥ്‌ ക്ഷേത്രം.
അതിനിടെ ഞങ്ങള്‍ ഇരുവര്‍ക്കും വേഗം പോര എന്ന് ശ്രീനിവാസന്‍…. വേഗം വേണ്ടവര്‍ വേഗം നടന്നു കൊള്ളൂ എന്നായി ഞങ്ങള്‍…. ശ്രീനിവാസന്‍ നടന്നു നീങ്ങി… ഒടുവില്‍ കാഴ്ചകളില്‍ നിന്നും മറഞ്ഞ് അയാള്‍ ആള്‍ കൂട്ടത്തില്‍ അലിഞ്ഞു. ഞാനും ജോസഫും ആസ്വദിച്ച് തന്നെ നടത്തം തുടര്‍ന്നു… ഇടുങ്ങിയ വഴിയാണ് .. കുതിര ചാണകത്തിന്റെ മടുപ്പിക്കുന്ന ഗന്ധം.. കാറ്റൊന്ന് ആഞ്ഞു വീശിയാല്‍ നാസിക ദ്വാരങ്ങളെ തുളക്കുന്ന പൊടിപടലങ്ങള്‍… ഇടയ്ക്കിടെ കാല്‍നട യാത്രികര്‍ക്ക് തടസം സൃഷ്ടിച്ച് “ഘോഡാ-ഘോഡാ” വിളികള്‍ ഉയരും… പോണി കുതിരകളുടെ വരവറിയിക്കുകയാണ്.. നമ്മള്‍ മാറി നിന്ന് കൊള്ളണം… അറിയാതെ ഒന്ന് തട്ടിയാല്‍ ചിലപ്പോള്‍ മന്ദാകിനിയില്‍ നിന്നും ഭൗതിക ശരീരം പെറുക്കി എടുക്കേണ്ടി വരും..ജോസഫ് ഇടയ്ക്കിടെ റോഡരുകില്‍ സ്ഥാപിച്ച സുരക്ഷ വേലിയില്‍ പിടിച്ചു നിന്ന് കിതപ്പ് മാറ്റി തുടങ്ങി.. ഞാന്‍ ഒരു നിശ്ചിത അകലത്തില്‍ എത്തുമ്പോഴേക്കും അവന്‍ എനിക്ക് അടുത്തേക്ക് നടന്നു വരും… ഞാന്‍ വീണ്ടും കാത്തു നില്‍ക്കും… അവന്റെ കിതപ്പിന് വേഗം കൂടി തുടങ്ങി.. നില്‍പ്പ് പിന്നീട് വഴിയരികില്‍ സ്ഥാപിച്ച ബഞ്ച്കളിലേക്കും, ഡാബകളിലെ ഇരിപ്പിടങ്ങളിലേക്കും മാറി…ഞങ്ങള്‍ തമ്മിലുള്ള അകലം കൂടിക്കൊണ്ടിരുന്നു. പക്ഷെ അവന്‍ പിറകില്‍ വരുന്നവര്‍ക്കൊപ്പം എത്തുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു….ഫലത്തില്‍ ഞാന്‍ ഒറ്റക്കായി എന്ന് സാരം. . . .എവിടെയും തളര്‍ച്ച അനുഭവപ്പെട്ടില്ല… കുതിര മൂത്രത്തിന്റെയും ചാണകത്തിന്റെയും അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്ന ഇടങ്ങളില്‍, കാലു കുത്താന്‍ അറക്കുന്ന പാതകളെ പിന്നിട്ട് ഞാന്‍ നടന്നു നീങ്ങി…താഴെ മന്ദാകിനി പാറകളില്‍ പ്രകമ്പനം തീര്‍ത്ത് നുരഞ്ഞ് ഒഴുകുന്നു. ലക്‌ഷ്യം ഒന്നുമാത്രം ആയിരുന്നു… മഞ്ഞ്‌ അണിഞ്ഞു നില്‍ക്കുന്ന ആ മലനിര…സമയം പതിനൊന്നു മണിയോടടുത്ത്… ഉച്ച വെയിലിന്റെ ഇളം ചൂടില്‍ യാത്ര ഏറെ സുഖകരം… മലയാളം എവിടെയും കേട്ടില്ല.. കന്നഡ മാത്രമാണ് കേള്‍ക്കാനായ ഏക ദക്ഷിണ ഇന്ത്യന്‍ ഭാഷ.

 

സുന്ദരി-സുന്ദരന്‍ മാരുടെ നീണ്ട നിര എനിക്ക് മുന്നിലൂടെ കടന്നു പോകുന്നു.. അവര്‍ ഉറക്കെ സംസാരിക്കുന്നു… പൊട്ടി ചിരിക്കുന്നു. എനിക്ക് സമാന്തരമായി ഉള്ളത് പോണി കുതിരകളുടെ കൂട്ടം… ഒരു പാവം കുതിരയുടെ മുകളില്‍ ഇരുന്നു യാത്ര ചെയ്യുന്ന വൃദ്ധ കണ്ണടച്ച് നാമ ജപങ്ങള്‍ ഉരുവിടുന്നു. ദൃതിയില്‍ ചുവടു വച്ച് താഴേക്ക് ഇറങ്ങുന്നുണ്ട് ചിലര്‍.. ആരുടേയും മുഖത്ത് നിര്‍വൃതിയുടെ ആവരണം ലവലേശം ഇല്ല… എല്ലാ മുഖങ്ങളിലും പ്രകടമായുള്ളത് ക്ഷീണം മാത്രമാണ്. കുട്ടികള്‍ മാത്രമാണ് അല്പമെങ്കിലും ഉലസാഹം കാണിക്കുന്നത്.. അവര്‍ ഓടി ചാടി മലയിറങ്ങുന്നു.ജംഗിള്‍ ചട്ടിയില്‍ നിന്നും റംബാറയിലേക്കുള്ള യാത്രക്കിടെ വഴിയുടെ ഇടതു ഭാഗത്തായി ഒരു അതി മനോഹരമായ വെള്ളചാട്ടം ശ്രദ്ധയില്‍ പെട്ടു..അതിലെ വെള്ളം ഒരു പാലത്തിനടിയിലൂടെ താഴെ മന്ദാകിനി നദിയില്‍ ചേരുന്നു. കാലത്ത് കുളിക്കാത്തതിന്റെ ക്ഷീണം..വെള്ളച്ചാട്ടത്തിന്റെ താഴെ രണ്ടു കുട്ടികള്‍ വസ്ത്രം അലക്കുന്നുണ്ട്..ഒടുവില്‍ അങ്ങ് കുളിക്കാന്‍ തീരുമാനിച്ചു..പാറക്കുമുകളിലൂടെ കാല്‍വച്ചു വെള്ള ചാട്ടത്തിന്റെ താഴേക്കു നീങ്ങി…അവിടെ ഉണ്ടായിരുന്ന രണ്ടു കുട്ടികള്‍ക്കും നേപ്പാളി മുഖം…ഒരാള്‍ മനോഹരമായി പുഞ്ചിരിക്കുന്നു. മറ്റെയാള്‍ ഗൗരവക്കാരന്‍ ആണ്. പടങ്ങള്‍ എടുത്തപ്പോള്‍ ഇരുവര്‍ക്കും ഒരുപോലെ സന്തോഷം..ഡിജിറ്റല്‍ കാമറയുടെ സ്ക്രീനില്‍ അവരെ കാണിച്ചു കൊടുത്തപ്പോള്‍ മുഖം കൂടുതല്‍ തെളിഞ്ഞു.. ഫോട്ടോ എടുക്കാനായി അവര്‍ പോസ് ചെയ്തു തന്നു.. “ഗഡികളെ ഇവിടെ കുളിക്കാന്‍ പറ്റുമോ?” എന്ന് പച്ച മലയാളത്തില്‍ ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ കൗതുകപൂര്‍വ്വം നോക്കി നിന്നു.. ആംഗ്യ ഭാഷയില്‍ കാര്യം തിരക്കിയപ്പോള്‍ അവര്‍ തലയാട്ടി.. പിന്നീടവര്‍ പരസ്പരം എന്തൊക്കെയോ മൊഴിഞ്ഞു കൊണ്ടിരുന്നു. ഇരുവരും പാറകള്‍ക്ക് മുകളില്‍ കയറി നിന്നുകൊണ്ടാണ് വസ്ത്രം അലക്കുന്നത്‌..ഒരാള്‍ വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്നും വസ്ത്രം താഴേക്കു ഇട്ടു കൊടുക്കും. മറ്റെയാള്‍ അത് താഴെ പിടിച്ചെടുത്ത് പിഴിഞ്ഞ് മുകളിലേക്ക് എറിയും.. അയാള്‍ വീണ്ടും അതെടുത്ത് താഴേക്ക്…അത് അവര്‍ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു.. അതിരപ്പിള്ളി കുത്തിലും, ധോനിയിലും, അഗസ്ത്യാര്‍കൂടതിലും, മീന്‍ വല്ലതും, ചാര്‍പ്പയിലും കുളിച്ച അനുഭവം ഇങ്ങു ഹിമാലയത്തിലും ആവര്‍ത്തിക്കാന്‍ പോകുന്നു….ക്യാമറ ബാഗില്‍ ആക്കി, ട്രാക്ക് സ്യുട്ടും ബനിയനും അഴിച്ചു വച്ച് ഞാന്‍ വെള്ള ചാട്ടത്തിന് അടുത്തേക്ക് ആവേശത്തോടെ നീങ്ങി.. പാറകള്‍ക്ക് വഴുക്കില്ല..കാല്‍ വച്ചപ്പോള്‍ വെള്ളത്തിന്‌ നല്ല തണുപ്പ്..പച്ചപ്പ്‌ പറ്റി ചേര്‍ന്ന പാറക്കുമുകളില്‍നിന്നും വെള്ളം കുതിചിറങ്ങുന്നു. വെള്ളച്ചാട്ടത്തിന്റെ മുകളില്‍ ആകാശത്തിന്റെ നീലിമയില്‍ തൂവെള്ള മേഘങ്ങള്‍ പാറി നടക്കുന്നു. ആ ദൃശ്യം ആസ്വദിച്ചു ഞാന്‍ ജലപാതത്തിനു അടുത്തേക്ക് നടന്നു. വെള്ളച്ചാട്ടത്തിന്റെ കുത്തില്‍ ഒരു ചെറിയ വിടവുണ്ട്‌. ആ വിടവില്‍ പളുങ്ങി വെള്ളം പുറത്തു വീഴാന്‍ പാകത്തിന് ഞാന്‍ കുനിഞ്ഞു നിന്നു.” പൊള്ളി പോയിരിക്കുന്നു” മുതുകില്‍ അനുഭവപ്പെടുന്നത് തണുപ്പോ, ചൂടോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. കുളി മതിയാക്കി തിരിച്ചു കയറുമ്പോള്‍ ശരീരം മരവിച്ചിരിക്കുന്നു.. കൈകള്‍ കോര്‍ത്ത്‌ വക്കുമ്പോള്‍ സ്പര്‍ശനം അറിയുന്നുപോലുമില്ല. പല്ലുകള്‍ കിടുകിടാ വിറക്കുന്നു. ബാഗും, വസ്ത്രങ്ങളും വാരിക്കൂട്ടി ബാഗില്‍ തിരുകികയറ്റി ഞാന്‍ പാറക്കെട്ടില്‍ നിന്നും താഴെക്കിറങ്ങുമ്പോള്‍ ആ നേപ്പാളി മുഖം ഉള്ള കുട്ടികള്‍ ചിരിക്കുന്നുണ്ടായിരുന്നു. അവരുടെ ചിരിക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഡത തേടാന്‍ മനസ് അനുവദിച്ചില്ല.

 

ഇനിയും ഏറെ ദൂരം പിന്നിടെണ്ടതുണ്ട്. ചെറിയ പാലം കടന്നു റംബാറ ലക്ഷ്യമാക്കി നടക്കുമ്പോള്‍ എന്റെ ചലനത്തിന്റെ തീവ്രത നഷ്ട്ടപ്പെട്ടിരിക്കുന്നു. പതിനൊന്നായിരം അടി ഉയരത്തിലേക്ക് ആണ് കയറി പോകുന്നത്. ജോസഫിന്റെ അനുഭവം എന്നെയും വലച്ചുതുടങ്ങിയിരിക്കുന്നു . റംബാറയില്‍ എത്തിയപ്പോള്‍ വീണ്ടും ചായ കഴിക്കാന്‍ തീരുമാനിച്ചു. ലജായിയിലേക്ക് പതുക്കെ ചൂളി ഇരുന്നു. ജഗ്ഗില്‍ തിളയ്ക്കുന്ന ചായ ചൂടോടെ തന്നെ അവിടെ ഉണ്ടായിരുന്ന വൃദ്ധന്‍ എനിക്ക് പകര്‍ന്നു തന്നു. ഒന്നും കഴിക്കാന്‍ തോന്നിയില്ല.. അയാള്‍ ഹിന്ദിയില്‍ എന്തോ ചോദിച്ചു. ഹിന്ദി അറിയില്ലെന്ന മറുപടി രണ്ടു വാക്കുകളില്‍ പറഞ്ഞു തീര്‍ത്ത് ഞാന്‍ നടത്തം ആരംഭിച്ചു. ആള്‍ക്കൂട്ടത്തിനും കോവര്‍ കഴുതകള്‍ക്കും ഇടയിലൂടെ ഉള്ള നടത്തവും ഒഴിവാക്കാന്‍ വളഞ്ഞു തിരിഞ്ഞുള്ള വഴികള്‍ ഉപേക്ഷിച്ച് ഞാന്‍ ഓടു വഴികളെ ആശ്രയിച്ചു. കുത്തനെ ഉള്ള കയറ്റങ്ങള്‍ എങ്കിലും സമയ ലാഭം ഉണ്ടായിരിക്കും എന്നതു ഒരു തോന്നല്‍ മാത്രമാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞത് പിന്നീടാണ്. റംബാറയില്‍ നിന്നും ഉള്ള കയറ്റത്തില്‍ കടുത്ത ഏകാന്തത അനുഭവിച്ചു തുടങ്ങി. പല വിധത്തിലുള്ള ചിന്തകളും എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. പോകുന്ന വഴികളിലെ കാഴ്ചകള്‍ എനിക്കൊട്ടും മനോഹരം ആയി തോന്നിയില്ല. ഇനിയും ആറു കിലോമീറ്റര്‍ കൂടി പിന്നിടാനുണ്ട്. ഹെലികോപ്ടറിന്റെ കാതടപ്പിക്കുന്ന ഇരമ്പല്‍ എനിക്ക് അസഹനീയമായി തോന്നി. സമയം രണ്ടു മണിയോടടുത്ത്. തണുത്ത കാറ്റ് വീശുന്നു. പതുക്കെ നടത്തം തുടര്‍ന്നു. ഒരു കയറ്റം കയറിയാല്‍ പിന്നെ കുറച്ചു സമയം നില്‍ക്കും. കിതപ്പ് ആറിയാല്‍ യാത്ര തുടരും. എന്റെ കാലടികള്‍ക്ക് വേഗം കുറഞ്ഞു കൊണ്ടേ ഇരുന്നു. ഇനി കുറച്ചു ദൂരം- “ആരം സെ ജാവോ ബായ്”…താഴേക്കു വരുന്നവര്‍ വിളിച്ചു പറയുന്നുടായിരുന്നു. വിറങ്ങലിച്ചു തുടങ്ങിയ എന്റെ ശരീരത്തിലേക്ക് കയ്യില്‍ കരുതിയ നാമമാത്രമായ വസ്ത്രങ്ങള്‍ ഒന്നൊന്നായി കയറിക്കൊണ്ടിരുന്നു. ഓം നമശിവായ എന്ന് ഹിന്ദിയില്‍ ആലേഖനം ചെയ്ത തുണി കൊണ്ട് കാതടച്ചു കെട്ടി വച്ച് ക്യാപ് ധരിച്ചു. കൈ തിരുമ്മി ചൂടാക്കാന്‍ ശ്രമം നടത്തി. പക്ഷെ കൈകള്‍ കൂട്ടി മുട്ടാന്‍ പോലും വിസമ്മതിക്കുകയാണ്. ഹൃദയ താളം വര്‍ധിച്ചു…. എവിടെ ആകും എന്റെ സുഹൃത്തുക്കള്‍? ഇത്രമേല്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും ഞാന്‍ എങ്ങിനെ അവരെ കണ്ടു പിടിക്കും..? അവിടെ എത്തുമ്പോള്‍ ഞാന്‍ എങ്ങിനെ ആയിരിക്കും? ………അലട്ടുന്ന ചിന്തകള്‍ എന്റെ മുന്നില്‍ പടര്‍ന്നു നില്‍ക്കുന്നു…എനിക്ക് ചുറ്റും ഭീമാകാരമായ മലകള്‍ വലയം ചെയ്തിരിക്കുന്നു. ആ ഗാംഭീര്യത്തിനു മുന്നില്‍ പകച്ചു നില്‍ക്കുന്ന ജീവന്റെ തുടിപ്പ് മാത്രമായി ഞാന്‍. താഴെ മന്ദാകിനി മദിച്ചൊഴുകുന്നു. ദൂരങ്ങളില്‍ അപ്പോഴും ഹിമം നെഞ്ചേറ്റിയ ചെരിവുകള്‍ എന്നെ നോക്കി ചിരിച്ചു നില്‍ക്കുന്നു, വലിയ കയറ്റങ്ങള്‍ താണ്ടി ഒടുവില്‍ എത്തിച്ചേര്‍ന്നത് കല്ലുകൊണ്ട് കെട്ടിയുണ്ടാക്കിയ വിശ്രമ കേന്ദ്രത്തില്‍ ആണ്. അവിടുത്തെ ബഞ്ചില്‍ ഏകനായി ഞാന്‍ ഇരുന്നു. ശരീരം മരവിച്ചിരിക്കുന്നു. ബഞ്ചില്‍ വിരിച്ചിട്ടിരിക്കുന്ന ഹിന്ദി ദിനപത്രത്തിലേക്ക് ഞാന്‍ പ്രതീക്ഷയോടെ കാലുകള്‍ പൂഴ്ത്തി. കൈകള്‍ കോര്‍ത്ത്‌ പിടിച്ച് ഞാന്‍ ബഞ്ചിലേക്ക് ചുരുണ്ടു. കണ്ണുകള്‍ അടഞ്ഞു പോകുന്ന പോലെ… വല്ലാത്ത ഭയം എന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു… കണ്ണുകളില്‍ ഇരുട്ട് കയറുമ്പോലെ.

ആരുടെ ഒക്കെയോ ഉച്ചത്തിലുള്ള വര്‍ത്തമാനം കേട്ടാണ് ഉണര്‍ന്നത്. ബഞ്ചില്‍ ആരൊക്കെയോ സ്ഥാനം പിടിച്ചിരിക്കുന്നു. എഴുന്നേറ്റു ബാഗും എടുത്ത് നടത്തം ആരംഭിച്ചപ്പോഴും ആ ഇടത്തില്‍ നിന്നും അട്ടഹാസം ഉയരുന്നുണ്ടായിരുന്നു. ഇനി കുത്തനെ ഉള്ള കയറ്റം ആണ്. നിന്നും, ഇരുന്നും, കിടന്നും, നിരങ്ങിയും ഞാന്‍ പ്രയാണം തുടര്‍ന്ന്. ശ്വാസം എടുക്കാന്‍ ഞാന്‍ നന്നേ പാടുപെട്ടു. അസഹനീയമായ തണുപ്പിലും കടുത്ത ശ്വാസതടസതിനിടയിലും ഞാന്‍ വേച്ചു വേച്ചു നടന്നു. ഇനിയൊരു അടി മുന്നോട്ടു വക്കാന്‍ കഴിയില്ലെന്നായപ്പോള്‍ ഞാന്‍ ഒരു ബഞ്ചില്‍ നിലയുറപ്പിച്ചു.

 

പെട്ടന്നാണ് ഞാന്‍ ആ സ്ത്രീയെയും കുട്ടിയേയും ശ്രദ്ധിച്ചത്. ഇങ്ങോട്ടുള്ള യാത്രക്കിടയില്‍ ഞാന്‍ അവരെ പല പോയന്റിലും വച്ച് കണ്ടു മുട്ടിയിരുന്നു. ഇപ്പോഴും പുഞ്ചിരിക്കുന്ന മുഖം കോട്ട് ധരിച്ച്, തലയ്ക്കു മുകളില്‍ മഫ്ലര്‍ ചുറ്റി, കയ്യില്‍ ഊന്നുവടിയുമായാണ് അവര്‍ മല കയറിയിരുന്നത്. വെളുത്ത നിറത്തിലുള്ള ഗ്ലൗസും, ഷൂസും മുട്ടറ്റം വരെ എത്തുന്ന ഉടുപ്പും ഒക്കെ ആയിരുന്നു ആ കുട്ടിയുടെ വേഷം. തലമൂടിക്കെട്ടിയ അവന്റെ മുഖം മാത്രം കാണാം…പല്ലില്ലാത്ത മോണ കാട്ടി അവന്‍ ചിരിക്കുന്നു. “ആരെ ബാബ്രെ” എന്ന് പറഞ്ഞ് അവര്‍ ഞാന്‍ ഇരുന്നു ബഞ്ചിന്റെ സമീപത്തിരിന്നു. ഹിന്ദിയില്‍ എന്തോ ആരാഞ്ഞപ്പോള്‍ മറുപടി പറയാന്‍ കഴിയുന്നില്ല… ശ്വാസം നിലക്കുന്ന പോലെ തോന്നി. എന്റെ ബാഗിന്റെ അകത്തു സൂക്ഷിച്ചിരുന്ന മെഡിക്കല്‍ കിറ്റ്‌ എടുക്കാന്‍ പോലും കഴിയാത്ത അവസ്ഥ. കൈ മരവിച്ചത്‌ മൂലം ബാഗിന്റെ സിബ് തുറക്കാന്‍ കഴിയുന്നില്ല. എന്റെ ദൈന്യത അവര്‍ക്ക് ബോധ്യമായെന്നു തോന്നി… അവര്‍ ഹിന്ദിയില്‍ എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു. ഭാഷ അറിയില്ലെന്ന് മറുപടി പറയാന്‍ പോലും എനിക്ക് കഴിയുന്നില്ല. “ബ്രീത്തിംഗ് പ്രോബ്ലം.. പ്ലീസ് ഹെല്പ് മി” തുടങ്ങിയ വാക്കുകള്‍ മാത്രം ഞാന്‍ പറയാന്‍ ശ്രമിച്ചു. വാക്കുകള്‍ തൊണ്ടയില്‍ വിറങ്ങലിച്ചു നിന്നു… വായ വെട്ടിത്തുറന്ന് ശ്വാസം പിടിച്ച് അടയുന്നതും, കണ്ണുകള്‍ തുറിച്ചു അടഞ്ഞു പോകുന്നതും അവര്‍ ഭീതിയോടെ നോക്കി. അടുത്ത നിമിഷം പൊട്ടിക്കരയാന്‍ എന്റെ മനസ് വെമ്പി. “മൈ ബാഗ്‌ … മെഡിക്കല്‍ കിറ്റ്‌ …….ബാം… ” ഞാന്‍ പറഞ്ഞൊപ്പിച്ചു… കാര്യം ബോധ്യപ്പെട്ട അവര്‍ ബാഗ്‌ തുറന്ന് മെഡിക്കല്‍ കിറ്റില്‍ നിന്നും ബാം എടുത്ത് തന്നു. വിറയ്ക്കുന്ന കയ്യാലെ ഞാന്‍ അത് ഏറ്റുവാങ്ങി.. പക്ഷെ എനിക്ക് അതിന്റെ അടപ്പ് തുറക്കുവാന്‍ പോലും കഴിഞ്ഞില്ല… എന്റെ വിരലുകള്‍ക്കിടയില്‍ കുരുങ്ങി ആ കുപ്പി നാലഞ്ചു വട്ടം തിരിഞ്ഞു. ഇതിനിടയിലും അവര്‍ തുടര്‍ച്ചയായി സംസാരിക്കുകയാണ്. കാലാവസ്ഥയെ കുറിച്ചും, അവര്‍ക്കൊപ്പം ഉള്ളവരെ കുറിച്ചും ഒക്കെയാണ് അവര്‍ സംസാരിക്കുന്നതെന്ന് എനിക്ക് മനസിലായി. അസഹനീയമായ വേദനയില്‍ ഞാന്‍ അത് കേള്‍ക്കാന്‍ പോലും ശ്രമിച്ചില്ല.. അല്പസമയത്തിനകം അവര്‍ ആ ടൈഗര്‍ ബാം കുപ്പി വാങ്ങി തുറന്നു.. എന്റെ നെറ്റിയില്‍ അവരുടെ കൈവിരല്‍ പതിച്ചപ്പോള്‍ കണ്ണ് നനഞ്ഞു പോയി… ചങ്ക് തകരുന്ന വേദന പുറത്തേക്കു അണപൊട്ടി ഒഴുകാതെ ഞാന്‍ എന്നെ നിയന്ത്രിക്കാന്‍ ശ്രമിച്ചു.

 

മരണം മുന്നില്‍ കാണുന്നവന് എന്ത് ഔചിത്യം…!!! അവന്റെ ആശയവിനിമയത്തിന് ഒരു ഭാഷയും തടസം അല്ലെന്ന തിരിച്ചറിവുകൂടി നേടുകയായിരുന്നു ഞാന്‍ … ആ കുഞ്ഞിന്റെ പേര് വിളിച്ച് ചലോ ബേട്ടാ എന്ന് പറഞ്ഞ് അവര്‍ നടന്നു നീങ്ങുമ്പോള്‍ ഹിമാലയം നല്‍കുന്ന തീക്ഷ്ണമായ അനുഭവങ്ങളുടെ അഭേദ്യമായ വാല്മീകത്തില്‍ അകപ്പെട്ട് ഉരുകുകയായിരുന്നു ഞാന്‍…. കാരുണ്യം ചാറ്റല്‍മഴ പോലെ പെയ്തിറങ്ങിയ നിമിഷങ്ങളുടെ ഊര്‍ജ്ജം ലാക്കാക്കി ഞാന്‍ നടന്നു. അങ്ങ് ദൂരെ കേദാര്‍നാഥ്‌ ക്ഷേത്രത്തിന്റെ ഗോവണിപ്പടികള്‍ കാണാം. ജീവന്‍ കാര്ന്നെടുക്കുന്ന കൊടും തണുപ്പില്‍ ഞാന്‍ നിന്നും, ഇരുന്നും നടന്നു നീങ്ങി.. ശ്വാസം നിലക്കുന്ന പോലെ… കണ്ണുകള്‍ അടഞ്ഞു പോകുന്നു… “എന്റെ അമ്മയുടെ കരയുന്ന മുഖം ഞാന്‍ കണ്ടു. രക്തസാക്ഷിത്വത്തിന്റെ അമരത്വത്തിലേക്ക് നടന്നുകയറിയ എന്റെ പ്രിയ്യപ്പെട്ട സുഹൃത്തിന്റെ മരണമില്ലാത്ത ഓര്‍മകള്‍ എന്നിലേക്ക്‌ കടന്നു വരുന്നു. ചേതന അറ്റ് പോയ അവന്റെ മുഖം….. നാട്ടിലെ സുഹൃത്തുക്കള്‍… എന്റെ കുഞ്ഞനുജന്‍”…എല്ലാം ഞൊടിയിടയില്‍ മിന്നിമായുന്നു. “ഇല്ല…. അടുത്ത നിമിഷം ഞാന്‍ ഇല്ല…ഞാന്‍ ഒന്നും കേള്‍ക്കുന്നില്ല… എന്റെ അമ്മ എന്നെ നോക്കി കരഞ്ഞു കൊണ്ടേ ഇരിക്കുകയാണ്. മണ്ടാകിനിക്ക് മുകളിലെ പാലം എനിക്ക് അപ്പുറത്തക്കുള്ള യാത്രക്ക് യോഗ്യത കല്‍പ്പിച്ചു. ഇനി അങ്ങോട്ട്‌ ചലിക്കാന്‍ ശേഷി നഷ്ട്ടപ്പെട്ടിരിക്കുന്നു. നാവു കുഴയുന്നു… ആരൊക്കെയോ ആക്രോശപ്പെട്ട് ഉന്തി-തള്ളി പിടിച്ച് വലിച്ച് എന്നെ പാലം കടത്തി. പാലം കടന്നു അമ്പലത്തിനു സമീപം എത്തിയതും എങ്ങിനെ ഒക്കെയോ ആണ്.. ഓര്‍മ്മകള്‍ മങ്ങി തുടങ്ങിയിരിക്കുന്നു. ആരും എനിക്കായി കാത്തു നില്‍ക്കുന്നില്ല. എന്റെ ഒപ്പം ഉള്ളവര്‍ എവിടെ എന്ന് അറിയില്ല. ക്ഷേത്രത്തിനു പുറത്തു ഒരു കൂട്ടം സന്യാസിമാര്‍ തമ്പടിച്ചിട്ടുണ്ട്‌. അവര്‍ ഇരിക്കാനായി വിരിച്ചിട്ടിരുന്ന കമ്പിളി പുതപ്പിലെക്കായിരുന്നു എന്റെ നോട്ടം…അതിലേക്കു നൂണ്ടു കയറാന്‍ മനസ് വെമ്പുന്നു.. അമ്പലത്തിനടുത്ത് ഇരിക്കുന്ന സന്യാസികൂട്ടത്തെ ലക്ഷ്യമാക്കി ഞാന്‍ ഇടറുന്ന കാലടികള്‍ വച്ചു. അവിടെ എങ്ങും എനിക്കൊപ്പമുള്ളവര്‍ ഉണ്ടായിരുന്നില്ല… ഇനിയൊരു നിമിഷം പോലും എനിക്ക് ആയുസില്ല…എല്ലാം ഇവിടെ അവസാനിക്കുകയാണ്. ശ്വാസം നഷ്ടപ്പെടുന്നു- പൂര്‍ണമായി ……ഹൃദയതാളം നിലച്ചിരിക്കുന്നു.. നിരാശപൂത്ത മനസുമായി ഞാന്‍ നിലത്തേക്ക് പതിക്കാന്‍ ഒരുങ്ങി…. കൈകാലുകള്‍ തളര്‍ന്നിരിക്കുന്നു… ആ “വെള്ളപ്പോക്കത്തിലെ ശ്വാനന്‍” ആവര്‍ത്തിക്കപ്പെടുന്നു… തല ചുറ്റിത്തിരിയുന്നു—- പെട്ടന്നാണ് തല നരച്ച്, താടി നീട്ടി വളര്‍ത്തിയ ആള്‍ രൂപം അമ്പലത്തിനകതുനിന്നും ഇറങ്ങി വരുന്നത് ശ്രദ്ധയില്‍ പതിച്ചത്… ഞങ്ങളുടെ നോട്ടങ്ങള്‍ തമ്മിലുടക്കി… അത് ബഷീര്മാഷായിരുന്നു… വരണ്ട മരുഭൂമിയില്‍ ഹരിതാഭയുടെ ചെറിയ തുരുത്ത്…… ഒരു തുള്ളി തെളി നീര്‍… ബഷീര്മാഷ് എന്നെ ചേര്‍ത്ത് പിടിച്ചു…എന്തൊക്കെയോ പറഞ്ഞത് ഓര്‍മയുണ്ട്.. അസഹനീയമായ പിടച്ചിലില്‍ ഞാന്‍ കരഞ്ഞു തളര്‍ന്നതും ഓര്‍മയുണ്ട്. മാഷിന്റെ കൈകളിലേക്ക് ചായുകയായിരുന്നു ഞാന്‍.

(അവസാനിക്കുന്നില്ല)

ഹിമാലയം വിളിക്കുന്നു

 

ഹിമാലയം വിളിക്കുന്നു 2

ഹിമാലയം വിളിക്കുന്നു 3

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN സാഹിത്യം