HIGHLIGHTS : സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി രഞ്ജിത്ത് സംവിധാനം
ചെയ്ത ഇന്ത്യന്‍ റുപ്പിയും മികച്ച സംവിധായകനായി ബ്ലസി(പ്രണയം)യേയും തിരഞ്ഞെടുത്തു. വെള്ളരിപ്രാവിന്റെ ചങ്ങാതിയിലെ അഭിനയത്തിന് ദിലീപ് മികച്ച നടനായും സാള്‍ട്ട് ആന്റ് പെപ്പറിലെ അഭിനയത്തിന് ശ്വേത മേനോനെ നടിയായും തിരഞ്ഞെടുത്തു.
തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി കെ.ബി.ഗണേഷ്‌കുമാറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച രണ്ടാമത്ത ചിത്രം ഇവന്‍ മേഘരൂപനാണ്. സോള്‍ട്ട് ആന്റ് പെപ്പറാണ് മികച്ച ജനപ്രിയചിത്രം. ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപനാണ് മികച്ച രണ്ടാമത്തെ ചിത്രം.
ഫഹദ് ഫാസിലാണ് മികച്ച രണ്ടാമത്തെ നടന്‍. നിലമ്പൂര്‍ ആയിഷ രണ്ടാമത്തെ നടി.
മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം ജഗതി ശ്രീകുമാറിനാണ് (ചിത്രം സ്വപ്‌ന സഞ്ചാരി)
രതിനിര്‍വേദം എന്ന ചിത്രത്തിലെ ‘ചെമ്പകപ്പൂങ്കാവിലെ’ എന്ന ഗാനം ആലപിച്ച സുധീപ് കുമാറാണ് മികച്ച ഗായകന്‍. ഇതേ ചിത്രത്തിലെ ‘കണ്ണോരം ശിങ്കാരം’ എന്ന ഗാനം ആലപിച്ച ശ്രേയാ ഘോഷാല്‍ ആണ് മികച്ച ഗായിക. മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ശരത്തിനും, പശ്ചാതല സംഗീതത്തിനുള്ള പുരസ്‌കാരം ദീപക് ദേവിനുമാണ് ലഭിച്ചത്. മാളവിക നായരാണ് (ഊമക്കുയില്‍ പാടുമ്പോള്‍) മികച്ച ബാലതാരം.
മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചത് ആദിമദ്ധ്യാന്തം ഒരുക്കിയ ഷെറിക്കാണ്. ഈ ചിത്രം കഴിഞ്ഞ തിരുവനന്തപുരം ഫിലിംഫെസ്റ്റിവെല്ലില്‍ ആദ്യം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാതിരുന്നത് സമരങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടവരുത്തിയിരുന്നു.