HIGHLIGHTS : കൊച്ചി: ഐപിഎല്‍ ഒത്തുകളി കേസില്‍ ജാമ്യം ലഭിച്ച് ശ്രീശാന്ത് കൊച്ചിയിലെത്തി
കൊച്ചി: ഐപിഎല്‍ ഒത്തുകളി കേസില്‍ ജാമ്യം ലഭിച്ച് ശ്രീശാന്ത് കൊച്ചിയിലെത്തി. രാവിലെ 9.30 മണിയോടെ എയര്‍ ഇന്ത്യാ വിമാനത്തില്‍ നെടുമ്പാശേരി വിമാനതാവളത്തിലാണ് ശ്രീശാന്ത് കൊച്ചിയിലെത്തിയത്. നാട്ടിലെത്തിയതില്‍ സന്തോഷമുണ്ടെന്നും അച്ഛനെയും അമ്മയെയും കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ശത്രുക്കള്‍ക്ക് പോലും തന്റെ ഗതിയുണ്ടാവരുതെന്നും ശ്രീശാന്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇതുവരെ തന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയും ശ്രീശാന്ത് പറഞ്ഞു.
നെടുമ്പാശേരി വിമാനതാവളത്തില്‍ രാവിലെ മുതല്‍ ശ്രീശാന്തിനെ കാത്ത് നൂറുകണക്കിന് ആരാധകരാണ് നിന്നിരുന്നത്. പൊന്നാട അണിയിച്ചാണ് ആരാധകര്‍ ശ്രീശാന്തിനെ സ്വീകരിച്ചത്. പിന്നീട് തൃപ്പൂണിത്തറയിലെ സഹോദരിയുടെ വീട്ടിലേക്ക് പോയി.

26 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ ശ്രീശാന്ത് ജാമ്യം ലഭിച്ച് ഒരു ദിവസത്തിന് ശേഷമാണ് തീഹാര്‍ ജയിലില്‍ നിന്ന് പുറത്ത് വന്നത്. ശ്രീശാന്തിനെതിരെ മകോക്ക ചുമത്തിയതിന് മതിയായ തെളിവില്ലെന്ന് വ്യക്തമാക്കികൊണ്ട് സാകേത് കോടതി ശ്രീശാന്ത് ഉള്‍പ്പെടെ 18 പേര്‍ക്ക് തിങ്കളാഴ്ച ജാമ്യം നല്‍കിയിരുന്നു. രാജസ്ഥാന്‍ റോയല്‍സ് താരമായ അങ്കിത് ചവാന്‍, ശ്രീശാന്തിന്റെ സുഹൃത്ത് ജിജു ജനാര്‍ദ്ദനന്‍ എന്നിവര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.