തൊടുപുഴ: രക്ഷിതാക്കളുടെ ക്രൂര പീഡനത്തിനിരയായി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അഞ്ചു വയസ്സുകാരന്റെ അരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ വൈകുന്നേരം കുട്ടിക്ക് അപസ്മാരം ഉണ്ടായതിനെ തുടര്‍ന്നാണ് കുട്ടിയുടെ നില വീണ്ടും വഷളാവാന്‍ ഇടയായത്. ഇന്ന് കുട്ടിയെ സിടി സ്കാനിങ്ങിന് വിധേയനാക്കും.
അപസ്മാരത്തിലൂടെ കുട്ടിയുടെ മസ്തിഷ്കത്തിന് കൂടുതല്‍ ക്ഷതമേറ്റിട്ടുണ്ടോ എന്ന കാര്യം ഇന്നു നടക്കുന്ന സിടി സ്കാനിങ്ങിന് ശേഷം വ്യക്തമാകൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ ഇപ്പോഴത്തെ സ്ഥിതി പൂര്‍ണ്ണമായി നിരാശാജനകമാണെന്ന് പറയാന്‍ കഴിയില്ലെങ്കിലും 48 മണിക്കൂര്‍ ഇതേ അവസ്ഥയില്‍ വെന്റിലേറ്ററില്‍ തന്നെ കഴിയേണ്ടി വരും. ഇന്നലെ ഉച്ചയോടെ കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് ഭാഗികമായി മാറ്റാന്‍ ശ്രമിച്ചിരുന്നുവെങ്കിലും കുട്ടിയുടെ ശരീരം ഇതിനോട് പ്രതികരിക്കാത്തതിനാല്‍ ഈ ശ്രമം പരാജയപ്പെടുകയായിരുന്നു.
കുട്ടിയുടെ രണ്ടാനമ്മയുടെ മാതാവ് സുബൈദയെ പോലീസ് ചോദ്യം ചെയ്തു. കുട്ടിയെ മര്‍ദ്ധിക്കുന്ന സമയത്ത് ഇവര്‍ വീട്ടിലുണ്ടായിരുന്നു എന്നതിന്റെ അടിസ്ഥാനത്തലാണ് ഇവരെയും ചോദ്യം ചെയ്തത്. തിങ്കളാഴ്ച കുട്ടിയുടെ പിതാവ് ഷെരീഫിനെയും മാതാവ് അലീഷ്യയെയും കസ്റ്റഡിയില്‍ വാങ്ങാനായി പോലീസ് അപേക്ഷ നല്‍കുന്നുണ്ട്. ഇവരെ കസ്റ്റഡിയില്‍ ലഭിച്ച ശേഷം ഇവര്‍ക്കൊപ്പം സുബൈദയെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.




