പരപ്പനങ്ങാടിയില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം ദുരൂഹത നീങ്ങുന്നില്ല

പരപ്പനങ്ങാടി: തിരൂര്‍ മംഗലം സ്വദേശി കോഴിശ്ശേരി ദിവ്യ(26) തീപൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല. പരപ്പനങ്ങാടി അഞ്ചപ്പുര ഓവര്‍ബ്രിഡ്ജിന് സമീപത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ ഭര്‍ത്താവുമൊന്നിച്ച് താമസിച്ച്‌വരവെയാണ് കഴിഞ്ഞ ഫെബ്രുവരി 27 ന് ഗുരുതരമായി പൊള്ളലേറ്റ് ദിവ്യയെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മാര്‍ച്ച് 6 ന് ഇവര്‍ മരിക്കുകയായിരുന്നു. ഈ സമയത്ത് ഇവര്‍ ഗര്‍ഭിണിയായിരുന്നു.

ഇതെ തുടര്‍ന്ന് പോലീസ് ഭര്‍ത്താവ് ഒറ്റപ്പാലം സ്വദേശി ചീനിക്കപറമ്പില്‍ രതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു് ഇയാളെ അറസ്റ്റുചെയ്തിരുന്നു.

പൊള്ളലേറ്റ ദിവ്യ ആദ്യം മജിസ്‌ട്രേറ്റിന് വിളക്കില്‍ നിന്ന് വസ്ത്രത്തിന് തീ പിടിച്ചതാണെന്ന് മൊഴി നല്‍കിയിരുന്നു. പിന്നീട് ഭര്‍ത്താവ് രതീഷ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്നും പോലീസില്‍ മൊഴിമാറ്റി നല്‍കുകയായിരുന്നു.

എന്നാല്‍ ഇവര്‍ തമ്മില്‍ നല്ല സ്‌നേഹബന്ധത്തിലായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. ദിവ്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഇവരുടെ അഭിപ്രായം. ദിവ്യയുടെ മരണത്തെകുറിച്ച് പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തണമെന്നും പരപ്പനാട് റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ജനറല്‍ബോര്‍ഡി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ അഡ്വ. യു വി സുരേന്ദ്രന്‍ അധ്യക്ഷനായ യോഗത്തില്‍ തുടിശ്ശേരി സൈതലവി, അല് അക്ബര്‍, വിജയരാജ പണിക്കര്‍, ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top