Categories

യാത്ര : ഉന്മാദിയുടെ കൈപ്പുസ്തകം

“ഗയയിലെ ആല്‍ത്തറയിലിരിക്കുമ്പോള്‍

നമുക്കുമുന്‍പേ വേണ്ടപ്പെട്ടൊരാള്‍

മധുമേനോന്‍

ഗയയിലെ ആല്‍ത്തറയിലിരിക്കുമ്പോള്‍ 

നമുക്കുമുന്‍പേ വേണ്ടപ്പെട്ടൊരാള്‍ 

അവിടെയിരുന്നിട്ടുണ്ട് എന്ന് തോന്നും.
ഇടുക്കി അണക്കെട്ടിന് മുകളിലൂടെ
നടക്കുമ്പോള്‍ പരിചയമുള്ളൊരാള്‍
മുന്നേ പോകുന്നതായി തോന്നും

-ഗോപീകൃഷ്ണന്റെ കവിതയില്‍ നിന്നും.

ഇരിക്കപ്പൊറുതിയില്ലായ്മയാണ് അയാളെ തിരിച്ചറിയാനുള്ള ആദ്യലക്ഷണം. ദേശാന്തരങ്ങളിലെ വരണ്ട കാറ്റേറ്റു ഉറച്ചുപോയ മുഖം. അപരിചിതത്വം ലവലേശമില്ലാ്ത്ത കണ്ണുകള്‍,തികഞ്ഞ ഉന്മാദിയായ ഒരു സഞ്ചാരിയെ തിരിച്ചറിയാന്‍ ഇതില്‍ കൂടുതല്‍ അളവുകളും അടയാളങ്ങളും വേണ്ട. അയാള്‍ സ്വയം വ്യവസ്ഥകളില്ലാത്ത ഒരു പാക്കേജ്ഡ് ടൂറിന്റെ പരസ്യപ്പലകയാണ്.

ഒരു ഗൃഹസ്ഥന്റെ യാത്രകള്‍ പോലെ കണിശെപ്പടുത്ത്ിയതല്ല ഉന്മാദിയുടെ യാത്രകള്‍. റിട്ടേണ്‍ ടിക്കറ്റ് കയ്യിലില്ലാത്ത ഒഴുകലുകളാണവ. ചെന്നെത്തുന്ന ദേശം, പ്രകൃതി, ആളുകള്‍ ഇവയൊക്കെ തന്നെ എത്ര ദിവസം ആവേശിക്കുമെന്ന് അയാള്‍ക്കിപ്പോള്‍ പറയാന്‍ വയ്യ. അവിടെ നിന്ന് പിന്നെങ്ങോട്ടെന്നും.

നിരന്തര യാത്രികരായിത്തീര്‍ന്നവരാണ് ചരിത്രത്തിന്റെ അവകാശികള്‍. അവര്‍ കീഴടക്കിയ വഴികളെയും മനസ്സുകളെയും പിന്നിട്ട ജനപഥങ്ങളെയും അനുഭവങ്ങളെയും പറ്റി പിന്നീട് അവര്‍ പറഞ്ഞ കഥകളാണ് ചരിത്രമായി മാറിയത്. അവയാകട്ടെ പലതും ഭാവനാപൂര്‍ണ്ണമായ കെട്ടുകഥകള്‍ മാത്രമായിരുന്നു. അതുകൊണ്ട് തന്നെയാണ് മനുഷ്യന്‍ ചെയ്ത കാര്യങ്ങളെ പറ്റി അവര്‍ പറയുന്ന നുണകളെയാണ് ചരിത്രം എന്ന് വിളിക്കുന്നത്.

In the middle of the journey
of my life I sound myself
in a darkwood for I had
lost the right path
 – from the movie ‘Path Adams’

സിവില്‍ സമൂഹത്തിന്റെ അസ്വസ്ഥതകളില്‍ നിന്നും സ്വയം പിടഞ്ഞെഴുനേല്‍ക്കലാണ് യാത്രകളെല്ലാം, അവ ബന്ധുവീടുകളിലെ സന്ദര്‍ശനങ്ങളോ ഔദ്യോഗിക യാത്രകളോ അല്ലാതരിക്കുമ്പോള്‍, ഉന്മാദം നിറഞ്ഞ യാത്രികന്റെ മനസ്സ് വഴി ആരംഭികുമ്പോള്‍ കമിഴ്ത്തിവെച്ച കുടം പോലെ. ലക്ഷ്യത്തിനു മുന്‍പുള്ള യാതൊന്നും അവനെ ആവേശിക്കുന്നില്ല. ലോക്കല്‍ തീവണ്ടികളില്‍ യാത്രചെയ്യുന്ന പ്രാന്തരെ ശ്രദ്ധിച്ച് നോക്കു. നിങ്ങളുടെ എല്ലാ തിരക്കകള്‍ക്കിടയിലും അവര്‍ പുറത്തേക്ക് നോക്കിയിരിക്കുന്നത് കാണാം. പ്രകൃതിയിലേക്ക് സന്ദേശങ്ങള്‍ അയക്കുന്നും സ്വീകരിക്കുന്നതും കാണാം. തീവണ്ടി മനോഹരമായ പാലത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരു പക്ഷേ അവര്‍ മലകളെയും മഞ്ഞിനെയും സ്വപ്‌നം കാണുകയായിരിക്കും.

ചുമരില്‍ ചെവി ചേര്‍ത്ത് വെച്ചുനോക്കൂ…

ശബ്ദം കെള്‍ക്കുന്നില്ലേ ?
ഇബിലീസുകളുടെ ഘോഷയാത്രയാണത്.’
 – ബഷീറിന്റെ ജീവിതത്തില്‍ നിന്ന്

വിഭ്രാന്തിയുട ദിനങ്ങളില്‍ മലയാളത്തിന്റെ ഇമ്മിണി ബല്യ എഴുത്തുകാരന്‍ തന്റെ കാലന്‍ കുടയുമായി വീടുവിട്ടിറങ്ങും. ചെറിയ മാനസിക വിഭ്രാന്തി കൊടിയ പ്രാന്തിലേക്ക് മാറാതിരിക്കാനുള്ള ഔഷധമാണ് പലപ്പോഴും ആ യാത്ര. അത് അവസാനിക്കുന്നതാകട്ടെ തൃശൂരിലെ വല്ലപ്പുഴ വൈദ്യരുടെ വീട്ടിലും.

‘എനിക്കു നിങ്ങളുടെ വീടും ഫഌറ്റും ഒന്നും ഒന്നും വേണ്ട. ഒന്നോ രണ്ടോ പെഗ്ഗു കൊണ്ട് എനിക്ക് ഫഌറ്റാവാം’ തനിക്കും ഭാര്യ അംബുജത്തിനും താമസിക്കാന്‍ ഒരു പാര്‍പ്പിടം തട്ടിക്കൂട്ടാന്‍ ഒരുങ്ങിയ സുഹൃത്തുകളോട് സുരാസു കയര്‍ത്തു. മാത്രമല്ല താമസിക്കുന്ന മുക്കത്തെ കുടിലിന് തീ വെക്കുകയും ചെയ്തു. എന്നും യാത്രയായിരുന്നു സുരാസുവിന്റെ ജീവിതം. ധിക്കാരവും നിഷേധവും ലഹരിയും നാടകവുമായിരുന്നു അയാളുടെ ഇന്ധനം. ആ യാത്രകളുടെ രസവും തീര്‍ന്നപ്പോള്‍ കോട്ടയത്തെ റെയില്‍വേ സ്‌റ്റേഷനില്‍ കിടന്ന് സ്വയം അങ്ങു മരിച്ചുകൊടുത്തു.

യാത്ര എന്ന തോന്നലോടെ
യാത്രയുടെ സുഖമറിഞ്ഞ്
ഞാന്‍ യാത്രചെയ്യുന്നു.
ഇറ്റുവീഴുന്ന ചോരത്തുള്ളികളുടെ നിറത്തില്‍
കൊടികള്‍ കാറ്റില്‍ പറക്കുന്ന വേഗത്തില്‍
എത്ര വേഗത്തില്‍ ഞാന്‍ യാത്രചെയ്യുന്നു
എത്ര വേഗത്തില്‍
                       – അയ്യപ്പന്‍

മലയാളിയുടെ വലിയ കവി ചെറിയ അയ്യപ്പന്‍ തന്റെ ജീവിതത്തിന്റെ നല്ലൊരു പങ്കും ജീവിച്ചു തീര്‍ത്തത് ട്രെയിന്‍ മുറികളില്‍. ആദ്യമായി അയ്യപ്പനെ ചിത്തരോഗം പിടികൂടിയതും ഒരു ട്രെയിന്‍ യാത്രക്കിടയില്‍. തന്നെ ആരോ കൊല്ലാന്‍ വരുന്നു വെന്ന തോന്നലിനൊടുവില്‍ ആ യാത്ര മുറിഞ്ഞു. ജീവിതത്തിലെ അച്ചടക്കമില്ലായിമ പക്ഷെ ട്രെയിന്‍ യാത്രയില്‍ കവി പ്രകടിപ്പിച്ചിരുന്നില്ല. ഒരു പ്രാവിശ്യം പോലും അയ്യപ്പന്‍ ടിക്കെറ്റെടുക്കാതെ യാത്രചെയ്തിരുന്നില്ല. ഒരു തവണ ടിക്കറ്റ് നഷ്ടപ്പെട്ടപ്പോഴാകട്ടെ ആ തുകയുടെ ചെക്ക് റെയില്‍വേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. കൊടിയ ലഹരിയിലും പായ്മരം അറ്റ കപ്പല്‍ പോലെ അയ്യപ്പന്‍ യാത്രചെയ്തു. കോഴിക്കോട്ടെ ബീച്ചാശുപത്രിയില്‍ നിന്നും ഇറങ്ങിയ അയ്യപ്പന്‍ അടുത്ത ഫ്രയ്മില്‍ ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിനരികില്‍ കൂനികൂടിയിരുന്നു. പേരാമ്പ്രയില്‍ കവിയരങ്ങ് കഴിഞ്ഞ് കിടന്നുറങ്ങിയ അയാള്‍ ഉറക്കത്തിന്റെ പാതി തിരുവനന്തപുരം പബ്ലിക്ക് ലൈബ്രറിയ്ക്കു പുറത്തെ ‘അയ്യപ്പന്‍ കല്ലില്‍’ തീര്‍ത്തു. മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്തികള്‍ക്കൊപ്പം കവിതചൊല്ലിക്കൊണ്ടിരിക്കെ എറണാകുളത്തെ പച്ചക്കറി മാര്‍ക്കറ്റിലെ കീറച്ചാക്കില്‍ ചുരുണ്ടു കിടന്നുറങ്ങി. വീണുമരിച്ച തിരുവനന്തപുരത്തെ പാതയോരം വരെ നിരന്തര യാത്ര.

ജോണ്‍ എബ്രഹാമിന്റെ മരണവാര്‍ത്ത കേരളത്തിലെ സിനിമാപ്രേമികള്‍ക്ക് നടുക്കമുണ്ടാക്കിയെങ്കില്‍ പത്രവാര്‍ത്ത കണ്ട് അത്ഭുതപ്പെട്ട ഒരുകൂട്ടരുണ്ടായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള ചാരായ ഷാപ്പുകളിലെ ജോലിക്കാര്‍. കാരണം ഏത് സമയത്തും ഒരു മൂളിപ്പാട്ടുമായി കയറിവന്നിരുന്ന ഈ മനുഷ്യന്‍ ലോകമറിയുന്ന ചലചിത്ര സംവിധായകനാണെന്ന് അവരറിഞ്ഞത് അന്നായിരുന്നു. അതായിരുന്നു ജോണ്‍. എവിടെ എപ്പോ കാണുമെന്ന് പ്രവചിക്കാനാവാത്ത വിധം ജോണ്‍ യാത്രചെയ്തു. ഇറ്റലി, റോം, ബര്‍ലിന്‍, കാന്‍…. ഫിലിം ഫെസ്റ്റവലുകള്‍ നടക്കുന്ന നഗരങ്ങളിലെല്ലാം കോട്ടയത്തെ ഒരു ഇടവഴിയില്‍ കൂടി നടക്കുന്ന ലാഘവത്തോടെ നടന്നു. ഭിക്ഷാംദേഹിയായിട്ടു തന്നെ. ജോണിനെ മുറിയിലിരുത്തി പുറത്തുപോയി തിരിച്ചുവരുമ്പോഴേക്കും ജോണ്‍ അടുത്ത നഗരത്തിലേക്കുള്ള ബസ്സുപിടിച്ചിരിക്കും. കോഴിക്കോട് ഒയാസിസ് ഹോട്ടലിനടത്തുള്ള ഒരു ബില്‍ഡിംഗിനു മുകളില്‍ യേശുവിനെപ്പോലെ കൈകള്‍ ഉയര്‍ത്തി ഷേക്‌സ്പീരിയന്‍ ഡയലോഗുകള്‍ ഉറക്കെ പറഞ്ഞുകൊണ്ടുനിന്ന ജോണിനെ അടുത്ത നിമിഷം കാണുന്നത് ബില്‍ഡിങ്ങിനു താഴെ മരണത്തിന്റെ കയ്യില്‍.

യാത്രകളെ സ്‌നേഹിച്ച ധൈഷണികരായായ വിഭ്രാന്തിചിത്തരുടെ ചരിത്രം അനവധിയാണ്. വിഷാദരോഗം മൂര്‍ച്ഛിക്കുമ്പോഴെല്ലാം യോര്‍ക്ക് ഷെയറിലെ തന്റെ വീട്ടില്‍ നിന്നും പ്ര്ശസ്ത എഴുത്തുകാരിയായിരുന്ന സില്‍വിയ പ്ലാത്ത് യാത്രപുറപ്പെടും. മഞ്ഞുമൂടിയ ലണ്ടന്‍ നഗരത്തില്‍ അലഞ്ഞു തിരിയുന്നതായിരുന്നു അവരുടെ ഔഷധം.

സാധാരണ മനുഷ്യരെയും അവരുടെ സ്വഭാവ വൈചിത്രങ്ങളെയും പറ്റിപഠിക്കാനായിരുന്നു പാരീസ് നഗരത്തിന് പുറത്തേക്ക് മിഷേല്‍ ഫൂക്കോ യാത്ര ആരംഭിച്ചത്. ആ യാത്രകള്‍ തന്നെയായിരുന്നു ഫുക്കോവിനെ ലോകമറിയുന്ന എഴുത്തുകാരനാക്കിയത്.

സ്‌പെയ്‌നില്‍ ജനിച്ച വിഖ്യാത ചിത്രകാരന്‍ ‘സാല്‍വഡോര്‍ ഡാലി” ആധുനിക ചിത്രകലയുമായി അടുക്കുന്നതും സര്‍ റിയലിസ്റ്റിക് ശൈലിയുടെ അമരക്കാരനാകുന്നതും നിരന്തര യാത്രികനായിരുന്ന ‘റമോണ്‍ പിഷോ’ യോടൊത്ത് കഡ്വാക്വസിലേക്ക് നടത്തിയ വേനലവധി യാത്രയുടെ ഫലമായാണ്. മാഡ്രിഡ്, പാരീസ്, അമേരിക്ക, ഫിഗറേഴ്‌സ്, പുംബാല്‍… ധിഷണയുടെ ബ്രഷും തലനിറയെ വിചിത്ര കാമനകളുമായി ദാലിയുടെ യാത്ര. മരണം വരെ.

വിന്‍സെന്റ് വാന്‍ഗോഗ്, വിക്ടര്‍ ഹ്യൂഗോ, പോള്‍ ഗോഗിന്‍, ഏണസ്റ്റ് ഹെമിങ്‌വേ, ടോള്‍ സ്‌റ്റോയി… വിഭ്രാന്തിയുടെ ദിനങ്ങളില്‍ ഒഴിഞ്ഞ പാതകള്‍ക്ക് സ്വയം സമര്‍പ്പിച്ച പ്രതിഭാധനര്‍ അനവധി. യാത്രകളുടെ അപ്പോസ്തലര്‍…..

പിന്നിലെ പാത ചോദിച്ചു മറക്കുമോ
മുന്നിലെ പാത വിളിപ്പു… സമസ്തവും
അന്യമായി തീരും മറക്കുക പോരുക
 – ഒഎന്‍വി.