മലപ്പുറം ആര്‍ ടി ഒ യെ സ്ഥലം മാറ്റി

മലപ്പുറം : താനൂര്‍ പെരിന്തല്‍മണ്ണ റോഡപകടങ്ങളെ തുടര്‍ന്ന് മലപ്പുറം ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറായ വി സുരേഷ് കുമാറിനെ സ്ഥലം മാറ്റി. പുതിയ ആര്‍ ടി ഒ ആയി അജിത്ത് കുമാറിനെ നിയമിച്ചിട്ടുണ്ട്.

വയനാട്ടിലേക്കാണ് സുരേഷ് കുമാറിനെ സ്ഥലം മാറ്റിയിരിക്കുന്നത്. സാധാരണ രീതിയിലുള്ള സ്ഥലം മാറ്റമാണ് ഇതെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതൊരു അച്ചടക്ക നടപടിയായി തന്നെയാണ് വിലയിരുത്തപെടുന്നത്.

തുടര്‍ച്ചയായി ഉണ്ടാകുന്ന റോഡപകടങ്ങള്‍ക്ക് പ്രധാനമായ ഒരു കാരണം കൃത്യമായ പരിശോധനകള്‍ നടക്കാത്തതാണെന്ന് വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. പെരിന്തല്‍മണ്ണയില്‍ ഇന്നലെയുണ്ടായ അപകടത്തിന് കാരണം ടയര്‍ പൊട്ടിയതെന്നായിരുന്നു സ്ഥലം മാറ്റിയ ആര്‍ ടി ഒ യുടെ വിശദീകരണം. കഴിഞ്ഞയാഴ്ച താനൂരില്‍ ഉണ്ടായ അപകടത്തില്‍ പെട്ട ബസ്സിന് അനുവദിച്ച സമയദൈര്‍ഘ്യം കുറഞ്ഞ പെര്‍മിറ്റിനെ കുറിച്ച് നിരവധി പരാതികള്‍ ഉണ്ടായിട്ടും മോട്ടോര്‍ വാഹന വകുപ്പ് ഉദേ്യാഗസ്ഥര്‍ യാതൊരു നടപടിയും എടുത്തിരുന്നില്ല. യാതൊരു വാഹന നിയമ മാനദണ്ഡങ്ങളും പാലിക്കാതെ വ്യാപകമായി ഓടികൊണ്ടിരിക്കുന്ന മിനി ബസ്സുകളെ കുറിച്ചുള്ള പരാതിയിലും വകുപ്പ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top