മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിന് വനംവകുപ്പ്  കര്‍മ്മപരിപാടി നടപ്പാക്കും: മന്ത്രി കെ. രാജു

മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കുന്നതിന് വനംവകുപ്പ് കര്‍മ്മപരിപാടി ആവിഷ്‌കരിച്ചു നടപ്പാക്കി വരികയാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. വന്യജീവി വാരാഘോഷം തിരുവനന്തപുരം വനംവകുപ്പ് ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നത്. വന്യജീവികളുടെ സൈ്വരജീവിതം തടസപ്പെടുമ്പോഴാണ് അവ അക്രമകാരികളാവുന്നത്. പെറ്റുപെരുകി നാട്ടിലേക്കിറങ്ങുന്ന പന്നി പോലെയുള്ള മൃഗങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. ഇവയെ ശല്യവിഭാഗമായി പ്രഖ്യാപിച്ച് നിയന്ത്രിക്കുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഊര്‍ജിതമായി പ്രവര്‍ത്തിക്കണം. വന്യജീവി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കണം. വനസംരക്ഷണത്തിനും വന്യജീവി ആക്രമണം തടയുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ സഹകരണം ഉറപ്പാക്കണം.
ജൈവ സമ്പത്ത് കാത്തുസൂക്ഷിച്ചില്ലെങ്കില്‍ ഭൂമിയില്‍ ജീവിക്കാനാവാത്ത സ്ഥിതിയുണ്ടാവും. ഭൂമിയില്‍ മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് ഒറ്റയ്ക്ക് നിലനില്‍ക്കാനാവില്ല. പരസ്പര ആശ്രയത്തിലൂടെ മാത്രമേ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനില്‍ക്കൂ. കേരളത്തിലുണ്ടായ പ്രളയം നാടിനു മാത്രമല്ല, കാടിനും വലിയ നാശമുണ്ടാക്കിയതായി മന്ത്രി പറഞ്ഞു. അരണ്യം വന്യജീവി വാരപ്പതിപ്പും ഇന്ത്യന്‍ വന്യ മൃഗങ്ങളെക്കുറിച്ചുള്ള പുസ്തകവും മന്ത്രി പ്രകാശനം ചെയ്തു.
ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ പി. കെ. കേശവന്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ. കെ. ധര്‍ണി എന്നിവര്‍ സംസാരിച്ചു. നമ്മുടെ അതിജീവനം: വനവും വന്യജീവികളും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു.

Related Articles