HIGHLIGHTS : തിരു: മദ്യപിച്ച് ബോധം നഷ്ടപ്പെട്ട് വിവസ്ത്രനായി ലോഡ്ജിനുള്ളില്‍
തിരു: മദ്യപിച്ച് ബോധം നഷ്ടപ്പെട്ട് വിവസ്ത്രനായി ലോഡ്ജിനുള്ളില്‍ എസ്‌ഐയുടെ പരാക്രമം. പൂസായ എസ്‌ഐയുടെ പ്രവൃത്തിയില്‍ സഹികെട്ട ലോഡ്ജ് ജീവനക്കാര്‍ തമ്പാനൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് സ്ഥലത്തെത്തിയ തമ്പാനൂര്‍ പോലീസ് എസ്‌ഐയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാത്രി എട്ടോടെ അരിസ്റ്റോ ജങ്ഷനിലെ കൈലാസ് ലോഡ്ജിലെ ജീവനക്കാരാണ് എസ്‌ഐയുടെ വിക്രിയകളാല്‍ പൊറുതി മുട്ടിയത്. പത്തനംതിട്ടയില്‍നിന്ന് ഉദേ്യാഗക്കയറ്റത്താല്‍ എസ്‌ഐയായി തലസ്ഥാനത്തെ സ്റ്റേഷനില്‍ ചുമതലയേറ്റെടുക്കാന്‍ എത്തിയതാണ് എസ്‌ഐ.
ചൊവ്വാഴ്ച പകല്‍ കമ്മീഷണര്‍ ഓഫീസില്‍ റിപ്പോര്‍ട്ടു ചെയ്ത എസ്‌ഐ ലോഡ്ജില്‍ മുറിയെടുത്ത് മദ്യപാനം തുടങ്ങി. പോലീസ് യൂണിഫോം ധരിച്ചിരുന്നതിനാല്‍ ലോഡ്ജ് ജീവനക്കാര്‍ എതിര്‍ത്തില്ല. മദ്യപിച്ചു ലക്കുകെട്ട എസ്‌ഐ പിന്നീട് തെറിയഭിഷേകം തുടങ്ങി. സ്വയം ഉടുതുണിയുരിഞ്ഞ് നൃത്തം ചെയ്യുന്നതിനിടയില്‍ നിലത്തുവീണ് താടിയെല്ല് പൊട്ടി ചോരയൊലിപ്പിച്ച് നിന്ന എസ്‌ഐയെ നിയന്ത്രിക്കാന്‍ കഴിയാതായപ്പോള്‍ ലോഡ്ജ് ജീവനക്കാര്‍ തമ്പാനൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ലോഡ്ജില്‍ എസ്‌ഐയുടെ നഗ്നനൃത്തമറിഞ്ഞ് തമ്പാനൂര്‍ പോലീസും കണ്‍ട്രോള്‍ റൂം പോലീസും പോലീസ് ആംബുലന്‍സും സ്ഥലത്തെത്തി. എസ്‌ഐയെ ജനറല്‍
ആശുപത്രിയിലേക്ക് മാറ്റി.
നഗരത്തിലെ ഒരു ഡോര്‍മിറ്ററിയില്‍ സ്വബോധമില്ലാതെ ബഹളമുണ്ടാക്കിയ ഇതേ എസ്‌ഐയെ തിങ്കളാഴ്ച പോലീസ് എത്തി രക്ഷപ്പെടുത്തിയിരുന്നു.