HIGHLIGHTS : ഉള്ളി@100, മുളക്@100, ഇഞ്ചി @220 തിരു: ഉപമുഖ്യമന്ത്രിയെ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ദില്ലിക്കോടുന്ന
ഉള്ളി@100, മുളക്@100, ഇഞ്ചി @220
തിരു: ഉപമുഖ്യമന്ത്രിയെ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ദില്ലിക്കോടുന്ന മുഖ്യമന്ത്രി കേരളം പനിച്ച് വിറക്കുമ്പോള്‍ ജ്യേതിഷിയുടെ വാക്കുകള്‍ കേട്ട് മന്ത്രി സ്ഥാനം പോകാതിരിക്കാന്‍ മൂകാംബിക ദര്‍ശനത്തിന് പോകുന്ന ആരോഗ്യ മന്ത്രി, പത്രങ്ങള്‍ക്ക് ചര്‍ച്ച സുകുമാരന്‍നായരും മുസ്ലീം ലീഗും പിന്നെ ശ്രീശാന്തും, പ്രതി പക്ഷത്തിന് പ്രശ്‌നം ലുലുമാളും, ഇടപ്പള്ളിത്തോടും. സാധരണക്കാരന്‍ പനി കൊണ്ടും നിതേ്യാപയോഗ സാധനങ്ങളുടെ തീവിലകൊണ്ടും പൊള്ളി വിറയ്ക്കുന്നു.

കഴിഞ്ഞൊരു മാസത്തിനിടയ്ക്ക് നിതേ്യാപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിച്ചത് 50 മുതല്‍ 100 ശതമാനം വരെ. സ്‌കൂള്‍ തുറന്നതോടെ കുട്ടികള്‍ക്കായി നല്ലൊരു തുക ചിലവഴിക്കേണ്ടി വന്ന സാധാരണക്കാരന് വിലക്കയറ്റവും പകര്‍ച്ചവ്യാധിയും തിരിച്ചടിയായിരിക്കുകയാണ്.
ഉള്ളിയുടെ വില 100 ഉം, ഇഞ്ചിക്ക് 220 ഉം, മല്ലിയില 35ല്‍ നിന്ന് 100 ലേക്കും, ചെറിയ ഉള്ളി 105 ലേക്കും മുളകിന്റെ വില 100ലേക്കും കടന്നതോടെ പച്ചക്കറി തൊട്ടാല്‍ പൊളളുന്ന പരുവത്തില്‍ ആയിരിക്കെ അരിവില 50 ഉം കടന്ന് സാധാരണക്കാരന്റെ കഞ്ഞികുടിയും മുട്ടിക്കുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. മൊത്ത വിപണിയിലെ വിലകയറ്റത്തിന്റെ ഇരട്ടിയാണ് ചില്ലറ വിപണിയില്‍ ഉണ്ടായിരിക്കുന്നത്. ഒരേ സാധനത്തിന് തന്നെ പലകടികളിലും പല വിലയാണ് ഈടാക്കുന്നത്.
അതേ സമയം ആന്ധ്രയില്‍ കൊയ്ത്ത് തുടങ്ങിയതോടെ അരി വില കുറയേണ്ടതായിരുന്നു. എന്നാല്‍ കുറഞ്ഞ വിലയ്ക്ക് അരി വാങ്ങികൂട്ടി കൂടിയ വിലക്ക് വില്‍ക്കാനുള്ള തന്ത്രമാണ് കരിചന്ത മാര്‍ക്കറ്റില്‍ നടക്കുന്നത്. ആന്ധ്ര അരി എത്തിക്കാനുള്ള നടപടികള്‍ ഒന്നും തന്നെ അധികാരികള്‍ സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല അവശ്യ സാധനങ്ങള്‍ സിവില്‍ സപ്ലൈസ് ഔട്ടലെറ്റുകള്‍ വഴി ന്യായ വിലക്ക് ലഭ്യമാക്കുമെന്ന് അവകാശപ്പെടുന്നതല്ലാതെ ജനങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ ഒന്നും തന്നെ ഈ ഔട്ട്‌ലറ്റുകളിലില്ല എന്നതാണ് വാസ്തവം.
കര്‍ണ്ണാടകത്തിലെയും തമിഴ്‌നാട്ടിലെയും വിപണികളില്‍ നിന്നുള്ള പച്ചക്കറികളും പലചരക്ക് സാധനങ്ങളും കുറഞ്ഞെന്ന ആരോപണം ഉന്നയിച്ചാണ് കേരളത്തിലെ വ്യാപാരികള്‍ അമിത വില ഈടാക്കുന്നത്. അതേസമയം തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലും എല്ലായിനം സാധനങ്ങളും ലഭ്യമാണെന്നിരിക്കെ ഇല്ലാത്ത ക്ഷാമത്തിന്റെ പേരില്‍ ഇടനിലക്കാര്‍ വില കൂട്ടുന്നതാണ് നിതേ്യാപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരാന്‍ കാരണമായിരിക്കുന്നത്.