തിരൂരങ്ങാടി: ബസ്സ് യാത്രക്കിടെ കുട്ടിയുടെ സ്വര്‍ണ്ണാഭരണം കവരാന്ശ്രമിച്ച നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി. രാമേശ്വരം കാക്കത്തോപ്പ് ശിവന്റെ മക്കളായി മുരുകേശ്വരി (23), മുത്തുമാരി (21) എന്നിവരെയാണ് പിടികൂടിയത്. കൊളപ്പുറം വിളക്കാട്ടില്‍ സൈത് മുഹമ്മദ്- ബുഷ്റ ദമ്പതികളുടെ മകന് ഒരു വയസ്സുകാരന് ഷാനിബിന്റെ മാലയാണ് കവര്‍ന്നത്. ചെമ്മാട് ടൗണില്‍ ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.
കൊളപ്പുറത്ത് നിന്നും ചെമ്മാട്ടേക്ക് ബസ്സില്‍ വരുന്നതിനിടെയാണ് മോഷണം. കുട്ടിയെ എടുത്ത് ബുഷ്റ ചെമ്മാട് കോഴിക്കോട് റോഡിലെ സ്റ്റോപ്പില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ മുരുകേശ്വരി വാതിലിനു മുമ്പില്‍ തടസ്സമായി നില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ മുത്തുമാരി ഷാനിബിന്റെ ഒരു പവന്റെ മാല പൊട്ടിച്ചു. മാല കവരുന്നത് കണ്ട് ബുഷ്റ ബഹളം വെച്ചപ്പോഴേക്കും ഇരുവരും ഉടനെ പുറത്തിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഉടനെ നാട്ടുകാര്‍ പിന്തുടര്ന്ന് ഇവരെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്തു കോടതില്‍ ഹാജരാക്കി.
ഇവര്‍ മുക്കം ബസ് സ്റ്റാന്റിന് സമീപത്താണ് താമസമെന്ന് പോലീസ് പറഞ്ഞു.



