HIGHLIGHTS : മലപ്പുറം: ചാലിയാര്‍ പുഴയില്‍ അരീക്കോട്
മലപ്പുറം: ചാലിയാര്‍ പുഴയില്‍ അരീക്കോട് മൂര്‍ക്കനാട് കടവില്‍ മുങ്ങിത്താഴ്ന്ന ടൂറിസ്റ്റുകളെ രക്ഷിക്കാന്‍ അവര്‍ പാഞ്ഞെത്തി. നൊടിയിടയില്‍ വെള്ളത്തില്‍ മുങ്ങിയവരെ രക്ഷിച്ച് അവര്‍ കരയിലേക്ക്.
സംസ്ഥാന ദുരന്തനിവാരണ സേനയുടെ മൂന്നാം ബാച്ചിന്റെ പരിശീലന പ്രദര്‍ശനമായിരുന്നു രംഗം. കരയിലെയും വെള്ളത്തിലെയും ദുരന്തങ്ങളില്‍ ജീവനു വേണ്ടി മല്ലിടുന്നവര്‍ക്ക് ദുരന്തനിവാരണ സേന എത്രത്തോളം താങ്ങാണെന്ന് കാണിക്കുന്നതായിരുന്നു പ്രദര്‍ശനം. 2009 നവംബറില്‍ തോണി മറിഞ്ഞ് എട്ട് വിദ്യാര്‍ഥികളുടെ ജീവന്‍ പൊലിഞ്ഞ കടവിലായിരുന്നു പ്രദര്‍ശനം നടന്നത്.
അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.ഐ. ഷാനവാസ് എം.പി, പി.കെ ബഷീര്‍ എം.എല്‍.എ, എ.ഡി.ജി.പി ബി. സന്ധ്യ, അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് സഫറുള്ള എന്നിവര്‍ പ്രദര്‍ശനം വീക്ഷിക്കാനെത്തി.

ദുരന്തങ്ങളില്‍ സഹായത്തിന് ഞങ്ങളുണ്ടെന്ന് വാഗ്ദാനം ചെയ്ത് പരിശീലനം ലഭിച്ച 50 സേനാംഗങ്ങളാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. പാണ്ടിക്കാട് ആസ്ഥാനമായ റാപ്പിഡ് റെസ്‌പോന്‍സ് ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സില്‍ (ആര്‍.ആര്‍.ആര്‍.എഫ്) നിന്നും തെരഞ്ഞെടുത്ത 50 സേനാംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കിയത്. 2012 ഒക്‌ടോബറില്‍ രൂപവത്കരിച്ച ദുരന്ത നിവാരണ സേനയുടെ മൂന്നാമത്തെ ബാച്ചിന്റെ പാസിങ് ഔട്ടിനോടനുബന്ധിച്ചാണ് പദര്‍ശനം നടത്തിയത്. ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) ന്റെ ചെന്നൈ ആസ്ഥാനത്തെ ഓഫിസര്‍മാരാണ് പരിശീലനം \ല്‍കി. ദുരന്തനിവാരണ സേന മെന്റര്‍ ട്രൈനര്‍ ജി.പി രാജശേഖരന്‍, ആര്‍.ആര്‍.എഫ് കമാന്‍ഡന്റ് എസ്.പി വിജയകുമാര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
ജലാശയങ്ങളില്‍ മുങ്ങിയവരെ രക്ഷിക്കുന്നതിനും ഫസ്റ്റ് എയ്ഡ് നല്‍കുന്നതിനും വെളളത്തില്‍ മുങ്ങിയ വാഹനങ്ങളില്‍ നിന്നും യാത്രക്കാരെ രക്ഷിക്കുന്നതിനുമുളള പരിശീലനം, ഡൈവിങ്, ഗാസ്-അണുവിസ്‌ഫോടനം, രാസപദാര്‍ഥങ്ങളുമായി ബന്ധപ്പെട്ട ദുരന്തം എന്നിവ കൈകാര്യം ചെയ്യുന്നതിനും സേനയ്ക്ക് പ്രതേ്യക പരിശീലനം നല്‍കിയിരുന്നു. 21 ദിവസത്തെ പ്രാഥമിക പരിശീലനവും 10 ദിവസത്തെ പ്രായോഗിക പരിശീലനവുമാണ് നല്‍കിയത്. 50 അംഗങ്ങളടങ്ങിയ നാല് ബാച്ചുകളാണ് സംസ്ഥാന ദുരന്ത നിവാരണ സേനയിലുള്ളത്. മൂന്ന് ബാച്ചിന്റെ പരിശീലനം പൂര്‍ത്തിയായി. സേനയുടെ വികസനത്തിനായി 13 കോടിയുടെ പ്രപ്പോസല്‍ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്.