കൊടുമൂളില്‍ പുറായി ബേബിയും മകള്‍ അശ്വനിയും നടത്തുന്ന സത്യാഗ്രഹ സമരം ഒരു ഗ്രാമത്തിന്റെ മുഴുവന്‍ പിന്തുണയുമാര്ജ്ജിച്ച് ശക്തമാകുന്നു. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുപോലും ലംഘിച്ച് ഈ അമ്മയും മകളുടെയും വീട്ടിലേക്കുള്ള വഴിനിഷേധിക്കുന്ന ഉദ്യാഗസ്ഥ-ഭൂമാഫിയ -പോലീസ് കൂട്ടുകെട്ടും പഞ്ചായത്തും നടത്തുന്ന മനുഷ്യത്വ വിരുദ്ധമായ നടപടികള്‍ക്കെതിരെ ജനരോക്ഷം കരുത്താര്‍ജിക്കുകയാണ്. കള്ളക്കേസില്‍ പെടുത്തി കോടതിയില്‍ ഹാജരാക്കിയ സമരസഹായസമിത് പ്രവര്‍ത്തകര്‍ക്ക് ജാമ്യമനുവദിച്ചത് ചേലേമ്പ്ര ആഹ്ലാദാരവത്തോടെയാണ് അനുഭവിച്ചറിഞ്ഞത്.
ഈ സാഹചര്യത്തില്‍ അശ്വനി പഠിക്കുന്ന എസ്വിഎയുപി സ്കൂളിലെ ക്ലാസ് ടീച്ചര്‍ക്കും പിടിഎയ്ക്കും ബേബി അയച്ച രണ്ടു കത്തുള്‍ സമര തീഷ്ണതയുടെ ഇന്നലകളെ വായിച്ചെടുക്കാന്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്.
അവധി അപേക്ഷ
പ്രേഷിത
കൊടുമൂളില്‍ പുറായി ബേബി,
കുറ്റിപ്പാല,
പുല്ലിപറമ്പ്,
ചേലേമ്പ്ര.
സ്വീകര്‍ത്താവ്
ക്ലാസ് ടീച്ചര്‍
7എ ഡിവിഷന്
എസ്വിഎയുപി സ്കൂള്‍,
പുല്ലീപറമ്പ്,
ചേലേമ്പ്ര
സര്,
7-ാം ക്ലാസില്‍ പഠിക്കുന്ന എന്റെ മകള്‍ അശ്വനിക്ക് ഇന്ന്(31-12-12) മുതല്‍ അവധി ആവശ്യപ്പെട്ടുള്ള അപേക്ഷയാണിത്. എത്ര ദിവസത്തേക്കാണ് അവധി വേണ്ടിവരികയെന്ന് പറയാനാവാത്ത നിസ്സഹായവസ്ഥയിലാണ് ഞാനും മകളും. അന്തിയുറങ്ങാന്‍ തെരുവുതന്നെ ആശ്രയം എന്ന അവസ്ഥയില്‍ നീതിക്കുവേണ്ടിയുള്ള അവസാന സമരത്തിലാണ് ഞങ്ങള്‍. സ്വന്തമായി വീടുണ്ടായിട്ടും അവിടെ അവിടെ വളരാന്‍ ഭാഗ്യമില്ലാതെപോയ മകളെ ഇനിയും റോഡരികിലെ അടച്ചുറപ്പില്ലാത്ത ഷെഡ്ഡില്‍ അന്ത്ിയുറക്കാന് മനസ്സ് അനുവദിക്കുന്നില്ല. ഞങ്ങളുടെ വീട്ടിലേക്കുള്ള ഇടവഴി പുനസ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ഒരുവര്‍ഷം മുമ്പുള്ള ഉത്തരവ് നടപ്പിലാക്കാണമെന്നാവശ്യപ്പെട്ട് ഞാനും മകള്‍ അശ്വനിയും 27-12-12 മുതല്‍ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഓപീസിനു മുമ്പില്‍ സത്യാഗ്രഹ സമരത്തിലാണ്. വഴിനടക്കാനുളഅള സ്വാതന്ത്ര്യത്തിനുവേണ്ടി സമരത്തിലേര്പ്പെട്ടുകൊണ്ടിരിക്കുന്നതിനാലാണ് അശ്വനിക്ക് സ്കൂളില്‍ വരാന്‍ സാധിക്കാത്തത്. എത്ര ദിവസം സമരത്തിലിരുന്നാലാണ് ഇടവഴി പുസ്ഥാപിച്ച് കിട്ടുകയെന്ന് എനിക്കറിയില്ല. ആയതിനാല്‍ ഞങ്ങള്‍ക്ക് നീതി ലഭിക്കുന്നതുവരെ മകള്‍ അശ്വനിക്ക് അവധി അനുവദിച്ച് തരണമെന്ന് അപേക്ഷിക്കുന്നു. ഒരമ്മയ്ക്കും മകള്‍ക്കുംവേണ്ടി ഇത്തരത്തില്‍ ഒരവധി അപേക്ഷ എഴുതാന്‍ ഇടവരുത്തരുതേ എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട്
വിശ്വസ്ഥതയോടെ ,
കൊടുമൂളില്‍ പുറായില്‍ ബേബി,
ഒപ്പ്.
ചേലേമ്പ്ര
31-12-12
……………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………..
പ്രേഷിത
കൊടുമൂളില്‍ പുറായി ബേബി,
കുറ്റിപ്പാല,
പുല്ലിപറമ്പ്,
ചേലേമ്പ്ര.
സ്വീകര്‍ത്താവ്
പ്രസിഡന്റ് / സെക്രട്ടറി
അധ്യാപക രക്ഷകര്‍തൃസമിതി
എസ്വിഎയുപി സ്കൂള്‍,
പുല്ലീപറമ്പ്,
ചേലേമ്പ്ര
സര്,
എന്റെ മകള്‍ അശ്വനി എസ്വിഎയുപി സ്കൂളിലെ 7ാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. അന്തിയുറങ്ങാന്‍ തെരുവിലേക്കിറങ്ങേണ്ടി വരുന്ന അവസ്ഥയൊഴുവാക്കാനുള്ള അവസാന ശ്രമങ്ങളിലാണ് ഞാനും മകളും. ഞങ്ങളുടെ വീട്ടിലേക്കുള്ള ഇടവഴി അയല്‍വാസി ഇടിച്ച് നിരത്തിയതുമായി ബന്ധപ്പെട്ട് മനുഷ്യജന്മങ്ങള് എന്ന നിലയില്‍ അനുഭവിച്ച് തീര്‍ന്ന ദുരിതങ്ങള്‍ക്കൊടുവിലാണ് എനിക്കും മോള്‍ക്കും ഒട്ടും പരിചയമില്ലാത്ത സമരമാര്‍ഗത്തിലേക്ക് തിരിയേണ്ടി വന്നത്.
കൂലിപ്പണക്കാരായ ഞാനും ഭര്‍ത്താവും ഒരുക്കൂട്ടിവെച്ച അവസാന സമ്പാദ്യവുമെടുത്താണ് സ്ഥലം വാങ്ങി വീടുവെച്ചത്. ആ വീട്ടില്‍ താമസിക്കാന്‍ കഴിയാത്തതിന്റെ വിഷമം തീര്‍ക്കാന്‍ ഭര്‍്ത്താവ് അവിടെ വച്ചുതന്നെ ജീവിതമവസാനിപ്പിച്ചു. വീട്ടിലേക്ക് മാത്രമല്ല ഞങ്ങളുടെ ജീവിതത്തിലേക്കുമുള്ള വഴി അതോടെ അടഞ്ഞു. നീതിക്കായ് ഞാന്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല. ഒടുവില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് വീട്ടിലേക്കുള്ള വഴി പുനസ്ഥാപിച്ച് നല്‍കണമെന്ന് പഞ്ചായത്ത് അധികൃതര്‍ക്ക് ഉത്തരവു നല്കി. ഒരു വര്‍ഷം പിന്നിട്ടിട്ടും വഴി പുനസ്ഥാപിക്കപ്പെട്ടില്ല. ഞാനും മോളും ഇപ്പോള്‍ താമസിക്കുന്ന ഷെഡ് നില്ക്കുന്ന സ്ഥലം വില്‍പ്പനയായി അതോടെ അവിടെ നിന്ന് കുടിയിറങ്ങേണ്ട അവസ്ഥ വന്നപ്പോഴാണ് ഞാനും മോളും നീതി തേടി 27-12-12 മുതല്‍ ചേലേമ്പ്ര ഗ്രമപഞ്ചായത്ത് ഓഫീസിനു മുമ്പില്‍ അനിശ്ചിതകാല സത്യാഗ്രഹസമരം ആരംഭിച്ചത്.
വീട്ടിലേക്കുള്ള വഴി പുനസ്ഥാപിച്ച് കിട്ടുന്നതുവരെ സമരം ചെയ്യുകയല്ലാതെ ഞങ്ങള്‍ക്ക് വേറെ മാര്‍ഗമില്ല. മോളുടെ അവധി അപേക്ഷ സ്കൂളിലേല്പ്പിച്ചിട്ടുണ്ട്. സ്കൂളിന്റെയും കുട്ടികളുടെയും കാര്യത്തില്‍ നന്മ ആഗ്രഹിക്കുന്ന രക്ഷാകര്‍തൃസമിതി ഞങ്ങളുടെ നീതിക്കായുള്ള സമരത്തിന് പിന്തുണയും സഹായവും നല്‍കണമെന്ന് ഞാനും മോളും അപേക്ഷിക്കുന്നു
വിശ്വസ്ഥതയോടെ,
കൊടുമൂളില്‍ പുറായി ബേബി,
ഒപ്പ്
ചേലേമ്പ്ര
31-12-12





