ചാലിയാറില്‍ അപകടകരമായ രാസവസ്തുകളുടെ സാന്നിദ്ധ്യമില്ലെന്ന് വിവിധയിടങ്ങളില്‍ നിന്ന് ശേഖരിച്ച ജലത്തിന്റെ പരിശോധനയില്‍ വ്യക്തമായതായി മലിനീകരണ നിന്ത്രണ ബോര്‍ഡ് അസി. സയന്റിസ്റ്റ് ഗോപാലകൃഷ്ണന് അറിയിച്ചു.
ചാലിയാറിലെ ജലത്തിന് നിറ വ്യത്യാസവും കൊഴുപ്പും അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് പരിശോധന നടത്തിയത്. കോളിഫോം ബാക്റ്റീരിയയുടെ അളവ് വളരെ കൂടുതലാണെന്നും പരിശോധനയില്‍ കണ്ടെത്തി.
ഹോട്ടല്‍, വീടുകള്‍, ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ കക്കൂസ് മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും തളളുന്നതാണ് കോളിഫോം ബാക്റ്റീരിയയുടെ അളവ് വര്‍ദ്ധിക്കാന്‍ കാരണം. ചാലിയറില്‍ മാലിന്യം തളളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്റ്റര്‍ എം.സി.മോഹന്‍ദാസ് വിവിധ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്കി. പുഴയുടെ സംരക്ഷണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കലക്റ്റര്‍ അറിയിച്ചു.
മണലെടുത്ത ഗര്‍ത്തങ്ങളില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നതാണ് വെളളത്തിന്റേ നിറവ്യത്യസത്തിനും കൊഴുപ്പിനും കാരണം. മലിനീകരണങ്ങളുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ പുഴയുടെ തീരങ്ങളില്‍ പ്രവൃത്തിക്കുന്നത് കണ്ടെത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തി. അനധികൃത പമ്പിങ്ങും പുഴയിലേക്ക് വാഹനങ്ങളിറക്കുന്നതും കര്‍ശനമായി തടയാനും യോഗം തീരുമാനിച്ചു. ആവശ്യമായ സ്ഥലങ്ങളില്‍ ജല ശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റി നടപടിയെടുക്കും.
പുഴ സംരക്ഷണത്തിന് പഞ്ചായത്ത് തല സ്ക്വാഡ് രൂപീകരിക്കുകയും പൊലീസിന്റെ സഹായം ലഭ്യമാക്കുകയും ചെയ്യും. വാട്ടര്‍ അതോറിറ്റി പമ്പിങ്ങ് നടത്തുന്ന കിണറും പരിസരവും സംരക്ഷിക്കുന്നതിന് പദ്ധതി ആവിഷ്കരിക്കും. കൂടുതല്‍ ഫില്‍റ്റര്‍, ക്ലോറിനേഷന് യൂനിറ്റുകള്‍ സ്ഥാപിക്കും
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍, വില്ലേജ് ഓഫീസമാര്‍, പൊലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




