HIGHLIGHTS : അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ഒരുകോടി രൂപ വിലവരുന്ന ബ്രൗണ്‍ഷുഗറുമായി അഞ്ചംഗസംഘം ഗുരുവായൂരില്‍ പിടിയില്‍.
ഗുരുവായൂര്‍: അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ഒരുകോടി രൂപ വിലവരുന്ന ബ്രൗണ്‍ഷുഗറുമായി അഞ്ചംഗസംഘം ഗുരുവായൂരില്‍ പിടിയില്‍. പാലക്കാട് കറുകപ്പുത്തൂര്‍ കുഴകണ്ടത്തില്‍ റഫീഖ്(31), ഷക്കീര്‍(29), കോട്ടയം തേറത്തില്‍ വീട്ടില്‍ ജയപാലന്‍(37),ഗുരുവായൂര്‍ രാജന്‍പണിക്കംവീട്ടില്‍ ജംഷീര്‍(25),പോക്കാക്കില്ലത്ത് ഷാനിഫ്(26) എന്നിവരെയാണ് ഗുരുവായൂര്‍ പോലീസ് അറസ്റ്റുചെയ്തത്. നാല് പൊതികളിലായി സൂക്ഷിച്ച രീതിയില്‍ 800 ഗ്രാം ബ്രൗണ്‍ഷുഗറാണ് ഇവരുടെ കൈയില്‍ നിന്ന് കണ്ടെത്തിയത്.
ഒരു മാസത്തോളമായി ഈ മയക്കുമരുന്ന് വില്പനസംഘം ഗുരുവായൂരില്‍ തമ്പടിച്ചിട്ടുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ഒരാഴ്ചയായി പോലീസ് നിരീക്ഷണത്തിലാണ്. പോലീസ് തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് മനസിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ ടൗണ്‍ഹാള്‍ പരിസരത്ത് നിന്ന് പോലീസ് വളഞ്ഞ് പിടിക്കുകയായിരുന്നു. എസിപി ആര്‍ കെ ജയരാജിന്റെയും, സിഐ ഗഫൂറിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. പാലക്കാട് നിന്നാണ് ബ്രൗണ്‍ഷുഗര്‍ ലഭിച്ചതെന്നാണ് ഇവര്‍ പോലീസിന് മൊഴിനല്‍കിയിരിക്കുന്നത്.
തീരദേശം, ക്യാമ്പസുകള്‍ എന്നിവിടങ്ങളില്‍ ഈ മയക്കുമരുന്ന്് വിറ്റഴിക്കാനാണ് ഇവരുടെ പദ്ധതി. പിടിയിലായവര്‍ ഗുണ്ടാസംഘങ്ങളില്‍ പെട്ടവരാണെന്ന്് പോലീസ് വ്യക്തമാക്കി. ഇവര്‍ക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് ലോപിയുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കും. ഇവര്‍ക്ക് ബ്രൗണ്‍ഷുഗര്‍ എത്തിച്ചവരെ കുറിച്ചും അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. തൃശൂര്‍ ജില്ലയിലെ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.