കോഴിക്കോട് ബയോളജിക്കല്‍ പാര്‍ക്ക്: ആദ്യഘട്ട പ്രവൃത്തി ഉടന്‍ ആരംഭിക്കും

HIGHLIGHTS : Kozhikode Biological Park: First phase work to begin soon

cite

പേരാമ്പ്ര പെരുവണ്ണാമൂഴി വനം റേഞ്ചിലെ മുതുകാട് ആരംഭിക്കുന്ന കോഴിക്കോട് ബയോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണ പ്രവൃത്തികള്‍ രണ്ട് ഘട്ടങ്ങളിലായി നടത്താനും ആദ്യഘട്ട പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കാനും വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സമിതി യോഗം തീരുമാനിച്ചു. ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഇന്റര്‍പ്രറ്റേഷന്‍ സെന്റര്‍, ബയോ റിസോഴ്‌സ് പാര്‍ക്ക്, ടിക്കറ്റ് കൗണ്ടര്‍, വാഹന പാര്‍ക്കിങ് സൗകര്യം, ലഘു ഭക്ഷണശാല, ടോയ്‌ലറ്റ് ബ്ലോക്ക്, ഓഫീസ്, താമസ കെട്ടിടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ആദ്യഘട്ടം. രണ്ടാമത്തെ ഘട്ടത്തില്‍ വന്യമൃഗ സംരക്ഷണ കേന്ദ്രം, വെറ്ററിനറി ആശുപത്രി സൗകര്യങ്ങള്‍, ഇന്റര്‍പ്രറ്റേഷന്‍ സെന്റര്‍ എന്നിവ ഉള്‍പ്പെടും. അന്തിമഘട്ടത്തിലുള്ള കരട് പദ്ധതി റിപ്പോര്‍ട്ട് ഹൈപവര്‍ കമ്മിറ്റിക്ക് സമര്‍പ്പിക്കുകയും സ്‌പെഷ്യല്‍ വര്‍ക്കിങ് ഗ്രൂപ്പ് ചേരുകയും ചെയ്യും. ജൂണ്‍ അഞ്ചിന് മുമ്പ് അനുമതികള്‍ക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. 15.5 കോടി രൂപയാണ് പദ്ധതി ചെലവായി കണക്കാക്കുന്നത്.

പരിക്കേറ്റ നിലയിലും മറ്റു രീതിയിലും പിടികൂടുന്ന മൃഗങ്ങളെ പാര്‍പ്പിക്കുന്നതിനും ചികിത്സിക്കാനുമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആനിമല്‍ ഹോസ്‌പൈസ് സെന്റര്‍ ബയോളജിക്കല്‍ പാര്‍ക്കിന് അനുബന്ധമായി ആരംഭിക്കും. ഇതിന്റെ പ്രവൃത്തിയും മാസങ്ങള്‍ക്കകം ആരംഭിക്കും. വയനാട് കുപ്പാടിയിലെ കേന്ദ്രത്തിന് സമാനമായിരിക്കും ഈ സെന്റര്‍.

യോഗത്തില്‍ ടി പി രാമകൃഷ്ണന്‍ എംഎല്‍എ, വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹ, മുഖ്യ വനം മേധാവി രാജേഷ് രവീന്ദ്രന്‍, ചീഫ് വൈല്‍ഡ് വാര്‍ഡന്‍ പ്രമോദ് കൃഷ്ണന്‍, നോര്‍ത്തേണ്‍ സര്‍ക്കിള്‍ സിസിഎഫ് അഞ്ജന്‍ കുമാര്‍, സ്‌പെഷ്യല്‍ ഓഫീസര്‍ കെ കെ സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!