HIGHLIGHTS : തിരു : സംസ്ഥാനത്ത് ആഗോള ഔഷധകോര്‍പറേറ്റ് കമ്പനികളുടെ മരുന്നുകള്‍ വ്യാപകമായ രീതിയില്‍ മനുഷ്യരില്‍ പരീക്ഷണം നടത്തുന്നതായുള്ള വിവരം
തിരു : സംസ്ഥാനത്ത് ആഗോള ഔഷധകോര്‍പറേറ്റ് കമ്പനികളുടെ മരുന്നുകള്‍ വ്യാപകമായ രീതിയില്‍ മനുഷ്യരില്‍ പരീക്ഷണം നടത്തുന്നതായുള്ള വിവരം പുറത്തുവന്നു. മാതാ അമൃതാനന്ദമയി മഠം നടത്തുന്ന എറണാകുളത്തെ അമൃത ആശുപത്രിയിലാണ് ഏറ്റവുമധികം ഇത്തരം പരീക്ഷണം നടത്തിയിട്ടുള്ളതെന്ന വിവരമാണ് ഒരു സ്വകാര്യ ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്.
മരുന്ന് പരീക്ഷണത്തിനായി മെഡിക്കല്‍ ക്യാമ്പുകള്‍ വഴിയാണ് രോഗികളെ കണ്ടെത്തുന്നത്. രോഗി അറിയാതെ തന്നെ സമ്മതപത്രം ഒപ്പിട്ടുവാങ്ങിയാണ് പരീക്ഷണത്തിന് രോഗികളെ തയ്യാറാക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരിലാണ് പരീക്ഷണം അധികവും നടത്തുന്നത്
ഗര്‍ഭിണികളിലും കുട്ടികളിലു പ്രായമായവരിലും വരെ ഇത്തരത്തിലുള്ള മരുന്ന് പരീക്ഷണം നടന്നതായുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ഇത്തരത്തിലുള്ള മരുന്ന് പരീക്ഷണം വഴി കോടികളാണ് ഡോക്ടര്‍മാര്‍ കൈക്കലാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
നിയമപരമായി നിലവിലില്ലാത്ത സ്ഥാപനങ്ങള്‍ക്കും മരുന്ന് പരീക്ഷണത്തിന് കേന്ദ്രാനുമതിയുണ്ട്. ഇക്കാലയളവില്‍ കേരളത്തില്‍ ചുരുങ്ങിയത് പുതിയ മുന്നൂറ് മരുന്നുകളെങ്കിലും പരീക്ഷിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 150 ഓളം പുതിയ മരുന്നുകള്‍ പരീക്ഷിച്ച് വരികയാണ്.
മരുന്ന് പരീക്ഷണത്തില്‍ എത്രപേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന കണക്ക് സര്‍ക്കാരിന് പോലുമില്ല. പല ഡോക്ടര്‍മാരും രോഗികള്‍ മരിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്.