HIGHLIGHTS : തിരു : ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന 'എമര്‍ജങ് കേരള' യുടെ പദ്ധതി

തിരു : ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ‘എമര്‍ജങ് കേരള’ യുടെ പദ്ധതി വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ ഭൂരിഭാഗം പദ്ധതികളും കേരളത്തിന്റെ പൊതുമുതല്‍ സ്വകാര്യമേഖലയ്ക്ക് പതിച്ച് കൊടുക്കാനുള്ള ചതിക്കെണികള്‍ കൊണ്ട് നിറഞ്ഞവയാണ്. പല പദ്ധതികളും കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളെ മലീസപ്പെടുത്തുന്നവയുമാണ്. ഇത്തരം പദ്ധതികള്‍ വെബ്‌സൈറ്റില്‍പോലും ഉള്‍പ്പെടുത്താതെ ടൂറിസത്തിന്റെ മറവില്‍ അവതരിപ്പിക്കാനുള്ള രഹസ്യ നീക്കങ്ങളും അണിയറയില്‍ സജീവം.
കൊച്ചി-ആലപ്പുഴ-കൊല്ലം ഉള്‍നാടന്‍ ജലപാതയില്‍ ചൂതാട്ട കേന്ദ്രങ്ങള്‍ ആവാറുള്ള ഗോവന്‍മോഡല്‍ പാര്‍ട്ടി ക്രൂയിസറുകളും, വേളി വില്ലേജിന് സമീപത്ത് രാത്രികള്‍ക്ക് എരിവും ചൂടും നല്‍കുന്ന ഡിജെ പാര്‍ട്ടികളൊരുക്കാന്‍ പദ്ധതി നിര്‍ദേശിക്കുന്നത് ഇന്‍ക്വലും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമായ ടിആര്‍കെഎല്ലുമാണ്.
വേളി ബോട്ട് ക്ലബ്ബിന് സമീപത്തെ 18 ഏക്കറില്‍ നിര്‍ദേശിച്ചിരിക്കുന്ന ‘നൈറ്റ് ലൈഫ് സോണ്‍’ എന്ന പദ്ധതിയില്‍ ഡിസ്‌കോത്തൈകളും ജാസ്‌ക്ലബ്ബും, മദ്യശാലകള്‍ എന്നിവയാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പദ്ധതി വിവാദമാകുമെന്ന് കരുതി ഇവ എമര്‍ജിങ്ങ് കേരളയുടെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ പദ്ധതി രേഖയില്‍ ഉണ്ട് താനും. ഈ പദ്ധതിയുടെ 74 ശതമാനം സ്വകാര്യ മേഖലയ്ക്കും 26 ശതമാനം മാത്രം സര്‍ക്കാര്‍ മേഖലയിലുമാണ്. ഇരുപത്‌കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന്റെ കടലും കടല്‍തീരവും പാട്ടത്തിന് നല്‍കുന്ന നിരവധി പദ്ധതികളാണ് ഫിഷറീസ് വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. കേരളത്തിലെ പ്രകൃതിദത്തമായ തുറമുഖങ്ങള്‍ 15 മുതല്‍ 30 വര്‍ഷം വരെ സ്വകാര്യ മേഖലയ്ക്ക്് പാട്ടത്തിന് നല്‍കുന്ന പദ്ധതിയാണ് ഇതില്‍ പ്രധാനം. തീരദേശ സൗകര്യങ്ങളുടെ വികസനം തിരദേശ തുറമുഖ സംവിധാനം സമുദ്ര തീരവുമായി ബന്ധപ്പെട്ട വിദ്യഭ്യാസ പരിശീലന കേന്ദ്രം തുടങ്ങിയ പദ്ധതികളെല്ലാം എമര്‍ജിങ്ങ് കേരളയിലെ സ്വകാര്യ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.
കേരളത്തിന്റെ പുരാതന തുറമുഖമായ ബേപ്പൂര്‍ തുറമുഖത്തിന് 157 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കും. ആലപ്പുഴ തുറമുഖവികസനത്തിന് 49 കോടി രൂപയുടെ പദ്ധതിയും ആലപ്പുഴയില്‍ വാട്ടര്‍പാര്‍ക്ക് സ്ഥാപിക്കാന്‍ 4.9 ലക്ഷം രൂപയുടെ പദ്ധതിയാണ് എമേര്‍ജിംഗ് കേരളയില്‍ അവതരിപ്പിക്കുന്നത്. അഴീക്കല്‍ തുറമുഖം 75 കോടി രൂപ, കൊല്ലം തുറമുഖം 105 കോടി, തലശേരി മറീന 5.17 കോടി, കൊച്ചിക്കും ലക്ഷദ്വീപിലെ അഗത്തിക്കും ഇടയില്‍ ഹൈഡ്രോഫോയില്‍ സര്‍വ്വീസ് നടത്തുന്ന 22 കോടി രൂപയുടെ പദ്ധതി , കപ്പലുപകരണങ്ങളും കടല്‍സുരക്ഷാ ഉപകരണങ്ങളും നിര്‍മ്മിക്കുന്നതിനായി 72.81കോടി രൂപയുടെ പദ്ധതി തുടങ്ങിയവയും എമേര്‍ജിംഗ് കേരളയില്‍ അവതരിപ്പിക്കുന്നുണ്ട്.
യുഡിഎഫില്‍ നിന്നടക്കം ശക്തമായ പ്രതിഷേധം ഉയര്‍നന്തിനെ തുടര്‍ന്ന് പിന്‍വലിച്ച നെല്ലായാമ്പതി, വാഗമണ്‍, ഇലവീഴ പൂഞ്ചിറ,ദര്‍മ്മടം പദ്ധതികള്‍ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്‌തെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചു വന്നതും ഈ വിഷയത്തില്‍ സര്‍ക്കാറിന്റെനിലപാട് വ്യക്തമാക്കുന്നവയായിരുന്നു.
ഇതിനിലെല്ലാം പുറമെയാണ് കോവളം ഹാല്‍സിയന്‍ കൊട്ടരവും ചുറ്റിലുള്ള സ്ഥലവും രവി പിള്ളയുടെ വ്യവസായ ഗ്രൂപ്പിന് പാട്ടത്തിനുനല്‍കാനുള്ള ധൃതിപിടിച്ച നീക്കം സര്‍ക്കാര്‍ നടത്തുന്നത്. മന്ത്രിസഭ അംഗീകരിച്ച ഈ തീരുമാനം കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവായി പുറത്തിറങ്ങി.
നാം ഭാവിതലമുറയ്്ക്കായി കൈമാറേണ്ട നാടിന്റെ മണ്ണും മനസും സംസ്‌കാരവും തകര്‍ക്കുവാനുള്ളതാണോ ഏറെ കൊട്ടിഘോഷിച്ച് നടത്തപ്പെടുന്ന എമര്‍ജിങ്ങ് കേരള എന്ന ആശങ്ക ഉയര്‍ന്നു കഴിഞ്ഞു.