കാതി പസഫിക് എയര്‍വേയ്‌സ് ദോഹ സര്‍വീസ് നിര്‍ത്തലാക്കുന്നു

maxresdefaultദോഹ: ഹോങ്കോംഗ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാതി പസഫിക് എയര്‍വേയ്‌സ് ദോഹ സര്‍വീസ് നിര്‍ത്തലാക്കുന്നു. നിലവില്‍ കാതി പസഫിക് ഖത്തറിലേക്ക് ഒരു വിമാനം മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഈ സര്‍വീസ് 2016 ഫെബ്രുവരി 15 മുതല്‍ നിര്‍ത്തലാക്കാനാണ് തീരുമാനം.

വാണിജ്യകാരണങ്ങളാലാണ് സര്‍വീസ് നിര്‍ത്തലാക്കുന്നതെന്ന് കാതി പസഫിക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഹോങ്കോംഗില്‍ നിന്നും ദോഹയിലേക്ക് കാതി പസഫികിന്റെ അവസാന സര്‍വീസ് ഫെബ്രുവരി 14നായിരിക്കും.

ദോഹയില്‍ നിന്നും തിരിച്ചുള്ള അവസാന സര്‍വീസ് അടുത്ത ദിവസം പറക്കും.

2014 മാര്‍ച്ചിലാണ് കാതി പസഫിക് ദോഹ സര്‍വീസ് ആരംഭിച്ചത്. രണ്ടുവര്‍ഷത്തിനുള്ളില്‍ സര്‍വീസ് അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തതിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് വ്യക്തമല്ല. ഫെബ്രുവരി 14, 15 തിയ്യതികള്‍ക്കുശേഷം കാതി പസഫികില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്കായി ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എയര്‍വേയ്‌സ് അധികൃതര്‍ വ്യക്തമാക്കി.

കാതി പസഫിക് സേവനം അവസാനിപ്പിക്കുന്നതോടെ ഖത്തറില്‍ നിന്നും ഹോങ്കോംഗിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സിനെ ആശ്രയിക്കേണ്ടിവരും. നിലവില്‍ ഖത്തര്‍ എയര്‍വേയ്‌സ് ദിവസവും ഒരു സര്‍വീസാണ് ഹോങ്കോംഗിലേക്ക് നടത്തുന്നത്. ഇത് രണ്ടാക്കി ഉയര്‍ത്തും.

വണ്‍വേള്‍ഡ് അലയന്‍സിന്റെ ഭാഗമായി ഖത്തര്‍ എയര്‍വേയ്‌സും കാതി പസഫികും തുടര്‍ന്നും സഹകരണം ശക്തമാക്കുമെന്ന് കാതി പസഫിക് അറിയിച്ചിട്ടുണ്ട്.

ഇരു എയര്‍ലൈനുകളും തമ്മിലുള്ള കോഡ് പങ്കുവയ്ക്കല്‍ കരാറിലും മാറ്റം വരും.

കോഡ് പങ്കുവയ്ക്കല്‍ കരാറിലൂടെ എയര്‍ലൈനുകള്‍ക്ക്  കൂടുതല്‍ എയര്‍ക്രാഫ്റ്റുകളില്ലാതെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് റൂട്ടുകള്‍ പങ്കുവയ്ക്കാന്‍ കഴിയും. ഇപ്പോഴത്തെ കരാര്‍ പ്രകാരം  ഹോങ്കോംഗില്‍ നിന്നും ദോഹയിലേക്കുള്ള കാതി പസഫിക് യാത്രക്കാര്‍ക്ക്  ഖത്തര്‍ എയര്‍വേയ്‌സിന്റെ മാഡ്രിഡ്, ബാര്‍സലോണ, ഏതന്‍സ്, ബുഡാപെസ്റ്റ്, നെയ്‌റോബി, ഇസ്താന്‍ബുള്‍, സാവോപോളോ, മസ്‌ക്കറ്റ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് ബുക്ക് ചെയ്യാനാകുമായിരുന്നു. അതേപോലെ ഖത്തര്‍എയര്‍വേയസ് യാത്രക്കാര്‍ക്ക്  കാത്തി പസഫിക്കിന്റെ ഓക്ക്‌ലാന്‍ഡ്, അഡലെയ്ഡ്, കെയ്ന്‍സ്, മെല്‍ബണ്‍, പെര്‍ത്ത്, സിഡ്‌നി, സിയോള്‍, നഗോയ, ഒസാക, തുടങ്ങിയ ഡസ്റ്റിനേഷനുകളിലേക്കും ബുക്കിംഗ് അനുവദിച്ചിരുന്നു.

ദോഹ- ഹോങ്കോംഗ് സര്‍വീസ് നടത്തുന്ന ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനങ്ങളില്‍ തുടര്‍ന്നും കാതി പസഫികിന്റെ സിഎക്‌സ് കോഡ് ഉണ്ടായിരിക്കും. അതേപോലെ കാതി പസഫിക്കിന്റെ തെരഞ്ഞെടുത്ത സര്‍വീസുകളിലേക്കുള്ള വിമാനങ്ങളില്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്യുആര്‍ കോഡും ഉണ്ടാകും.

ഹോങ്കോങില്‍ നിന്നും ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ്, കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലായിരിക്കും ക്യുആര്‍ എന്ന കോഡ് ഉണ്ടാകുക.

ഫെബ്രുവരി 15 മുതല്‍ ദോഹയില്‍ നിന്നും മറ്റു സ്ഥലങ്ങളിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ കാതി പസഫിക്കിന്റെ കോഡുണ്ടായിരിക്കില്ല.

പശ്ചിമേഷ്യന്‍ വ്യോമയാന മേഖലയില്‍ കാതി പസഫിക് തുടര്‍ന്നും സഹകരണം ശക്തമാക്കുമെന്നും സാധ്യതകളും അവസരങ്ങളും കണ്ടെത്തി സര്‍വീസുകള്‍ ശക്തിപ്പെടുത്തുമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ കാതി പസഫിക് ദുബായിലേക്കും ബഹ്‌റൈനിലേക്കും എല്ലാദിവസവും സര്‍വീസ് നടത്തുന്നുണ്ട്. കൂടാതെ റിയാദിലേക്ക് ആഴ്ചയില്‍ നാലു വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ട്.

Related Articles