HIGHLIGHTS : തിരു: കവി വിനയചന്ദ്രന്‍ അന്തരിച്ചു. തിരുവനന്തപുരത്ത്
തിരു: കവി വിനയചന്ദ്രന്‍ അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. അറുപത്തിയേഴ് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും രകതസമ്മര്‍ദ്ദത്തിലുണ്ടായ വ്യതിയാനം കരണം ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
മരണസമയത്ത് അദേഹത്തിന്റെ സഹോദരിയും അടുത്തബന്ധുക്കളും സുഹൃത്തുക്കളും അടുത്തുണ്ടായിരുന്നു.

തിരുവനന്തപുരം വിജെടി ഹാളില്‍ ഇന്ന് ഉച്ചയ്ക്ക് 1 മണി മുതല്‍ 3 മണിവെരെയും തിരുവന്നതപുരം പ്രസ് ക്ലബ്ബ് ഹാളില്‍ 3.30 മുതല്‍ 4.30 വരെയും മൃതദേഹം പൊതുദര്‍ശന്തതിന് വെക്കും. 5 മണിക്ക് കൊല്ലത്തേക്ക് കൊണ്ടുപോകുന്ന ഭൗതിക ശരീരം 6.45 വരെ കൊല്ലത്തെ സാംസ്‌ക്കാരിക ലൈബ്രറിയില്‍ പൊതു ദര്‍ശനത്തിനു വച്ചശേഷം 8.30 ന് കുടുംബവീടായ പടിഞ്ഞാറെ കല്ലറയിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 11മണിക്ക് കുടുംബവീട്ടില്‍ മൃതദേഹം സംസ്‌ക്കരിക്കും.
1946 മെയ് 16 ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ പല്ലടയിലായിരുന്നു വിനയചന്ദ്രന്‍ ജനിച്ചത്. ഭൗതികശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടിയ അദേഹം വിവിധ സര്‍ക്കാര്‍ കലാലയങ്ങളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. ജോലിയില്‍ നിന്ന് വിരമിച്ച ഇദ്ദേഹം മുഴുസമയ സാഹിത്യപ്രവര്‍ത്തനത്തില്‍ മുഴുകി. അവിവാഹിതനായിരുന്നു.
‘നരകം ഒരു പ്രേമകഥയെഴുതുന്നു’ എന്ന കൃതിക്ക് 1992 ല്‍ കേരള സാഹിത്യ അക്കാദമിപുരസ്‌ക്കാരം ലഭിച്ചിരുന്നു. 2006 ല്‍ ആശാന്‍ പുരസ്‌ക്കാരവും ലഭിച്ചു. റഷ്യന്‍ കവിതകള്‍ മലയാളത്തിലേക്കു പരിചയപ്പെടുത്തുന്നതിന് വഹിച്ച സംഭാവനകള്‍ പരിഗണിച്ച് റഷ്യന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ സെര്‍ഗെയ് യെസിനിന്‍ അവാര്‍ഡിനു ഡി. വിനയചന്ദ്രന്‍ അര്‍ഹനായിരുന്നു.
നരകം ഒരു പ്രേമകവിത എഴുതുന്നു, ഡി. വിനയചന്ദ്രന്റെ കവിതകള്‍, ദിശാസൂചി, കായിക്കരയിലെ കടല്‍വീട്ടിലേയ്ക്കുള്ള വഴി, സമയമാനസം സമസ്തകേരളം പി.ഒ. എന്നിവയായിരുന്നു അദേഹത്തിന്റെ കവിതാ സമാഹാരങ്ങള്‍.. . പൊടിച്ചി, ഉപരിക്കുന്ന് (നോവല്‍) പേരറിയാത്ത മരങ്ങള്‍ (കഥകള്‍)വംശഗാഥ (ഖണ്ഡകാവ്യം) കണ്ണന്‍ (മൃണാളിനി സരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ) നദിയുടെ മൂന്നാംകര (ലോകകഥകളുടെ പരിഭാഷ) ജലംകൊണ്ട് മുറിവേറ്റവന്‍ (ലോര്‍ക കവിതകളുടെ പരിഭാഷ) ആഫ്രിക്കന്‍ നാടോടിക്കഥകള്‍ (പുനരഖ്യാനം) ദിഗംബര കവിതകള്‍ (പരിഭാഷ)എന്നിലയാണ് അദേഹത്തിന്റെ മറ്റു കൃതികള്‍.