HIGHLIGHTS : ഒരാള്‍ എന്ത് കുടിക്കണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കോടതിയല്ലെന്ന്
തിരു : ഒരാള്‍ എന്ത് കുടിക്കണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കോടതിയല്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബു. കള്ള്ഷാപ്പുകള്‍ അടച്ചുപൂട്ടണമെന്നത് ലീഗിന്റെ ആവശ്യം മാത്രമാണെന്നും മന്ത്രി.
മുസ്ലിംലീഗ് കള്ളുഷാപ്പുകള്‍ പൂര്‍ണമായും പൂട്ടണമെന്ന വാദം ആവര്‍ത്തിച്ചതോടെ ഇന്നും കള്ളുഷാപ്പ് വിവാദം സജീവം. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് കെ പി സി സി പ്രസിഡന്റെ് രമ്േശ് ചെന്നിത്തല പറഞ്ഞു. സമ്പൂര്‍ണമായ മദ്യ നിരോധനം മുസ്‌ലിം ലീഗ് എന്നും ഉന്നയിക്കുന്ന ആവശ്യമാണ്. പക്ഷേ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഘട്ടം ഘട്ടമായ മദ്യനിരോധനമേ സാദ്ധ്യമാകൂ എന്ന് ഉദയഭാനു കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രി ഇതുവരെ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.


മലപ്പുറത്തിന്റെ പലഭാഗത്തും മുസ്ലിംലീഗ് കള്ളുഷാപ്പുകള്‍ക്കെതിരെ തങ്ങളുടെ നയം നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട്. മലപ്പുറം മദ്യദുരന്തത്തിന് ശേഷം ദുരന്തം നടക്കാത്ത മേഖലയിലും അടച്ചിട്ട നൂറോളം കള്ളുഷാപ്പുകള്‍ ഇതുവരെ തുറക്കാന്‍ സാധിച്ചിട്ടില്ല. ഈ ഷാപ്പുകള്‍ ലേലത്തില്‍ പോകാത്തതിന് പ്രധാന കാരണം ലേലത്തിലെടുത്താലും ഷാപ്പ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് മുസ്ലിംലീഗും ഈ വിഷയത്തില്‍ ഇതെ നിലപാടുള്ള ചില സംഘടനകളും തീരുമാനമെടുത്തതുകൊണ്ടു കൂടിയാണ്. മുസ്ലിംലീഗ് ഭരിക്കുന്ന പല പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും പഞ്ചായത്തീരാജ് വകുപ്പുകളുപയോഗിച്ച്് കള്ളുഷാപ്പുകള്‍ അടച്ചിടാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. മലപ്പുറം മുന്‍സിപ്പാലിറ്റിയിലെ രണ്ട് വിദേശ മദ്യഷാപ്പുകളും ഒരു കള്ളുഷാപ്പും ഇത്തരത്തില്‍ അടച്ചുവെങ്കിലും ഹൈക്കോടതി ഇടപെട്ട് തുറക്കാനനുവദിക്കുകയായിരുന്നു. എന്നാല്‍ ടൂറിസം വ്യവസായത്തിന്റ പേരില്‍ ജില്ലയില്‍ ഉയര്‍ന്നു പൊങ്ങിയ ഫോര്‍സ്റ്റാര്‍, ഹെറിറ്റേജ് ബാര്‍ ഹോട്ടലുകളില്‍ വിവാഹങ്ങളും ബിസിനസ് സംഗമങ്ങളും ലീഗ് മന്ത്രിമാര്‍ ആഘോഷപൂര്‍വ്വം നടത്തിവരുന്നുണ്ട്.
സംസ്ഥാനത്ത് കള്ളു നിരോധിച്ചുകൂടെയെന്ന ഹൈക്കോടതിയുടെ പരാമര്‍ശം വന്നതോടെയാണ് മുസ്ലിംലീഗ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. തുടര്‍ന്ന് ശക്തമായ എതിര്‍പ്പുമായാണ് എസ്എന്‍ഡിപി രംഗത്തെത്തിയിരുന്നു.