ഇസ്ലാഹി പണ്ഡിതന്‍ പി കെ അഹമ്മദലി മദനി(78) നിര്യാതനായി

HIGHLIGHTS : തിരൂരങ്ങാടി: ഇസ്ലാഹി പണ്ഡിതന്‍ പി കെ അഹമ്മദലി മദനി(78) നിര്യാതനായി. മഗ്‌രിബ് നമസ്‌കാരശേഷം വെള്ളിയാഴ്ച

malabarinews

തിരൂരങ്ങാടി: ഇസ്ലാഹി പണ്ഡിതന്‍ പി കെ അഹമ്മദലി മദനി(78) നിര്യാതനായി. മഗ്‌രിബ് നമസ്‌കാരശേഷം വെള്ളിയാഴ്ച ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എങ്കിലും രാത്രി 2 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മതപ്രബോധന മേഖലയിലും അറബി ഭാഷാ പ്രചരണത്തിലും നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്.

sameeksha

 

മദനി കേരള നദ് വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സെക്രട്ടറിയും കേരള ജംഇയുത്തുല്‍ ഉലമ സംസ്ഥാന ട്രഷററുമായിരുന്നു. 1969 മുതല്‍ പത്ത് വര്‍ഷം കെ എ ടി എഫിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും തുടര്‍ന്ന് 1990 വരെ പ്രസിഡന്റുമായി സേവനമനുഷ്ഠിച്ചു. അല്‍ മനാര്‍ മാസിക, അല്‍ ബുഷറ, സൗത്തുല്‍ ഇത്തിഹാദ് മാസിക തുടങ്ങിയവയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പുളിക്കല്‍ മദീനുത്തുല്‍ ഉലും അറബി കോളേജ് പ്രസിഡന്റ,്ജാമിഅ സലഫിയ സെക്രട്ടറി, കെ എന്‍ എം വിദ്യാഭ്യാസ ബോര്‍ഡംഗം, തിരൂരൂങ്ങാടി താലൂക്ക് ലൈബ്രററി പ്രസിഡന്റ് തുടങ്ങി സ്ഥാനങ്ങള്‍ വഹിച്ചിട്ട് ഉണ്ട്. കോഴിക്കോട് ലിവ ഉല്‍ ഇസ്ലാം മസ്ജിദ്, ചെമ്മാട് സലഫി മസ്ജിദ് തുടങ്ങിയ പള്ളികളില്‍ ഖത്തീബായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അറബി അധ്യാപക സംഘടനയായ കെ എ ടി എഫി ന്റെ അമരക്കാരനായി രണ്ടു പതിറ്റാണ്ട് പ്രവര്‍ത്തിച്ചു. അറബി ഭാഷക്ക് അര്‍ഹമായ പരിഗണന നേടിയെടുക്കാനും ഭാഷാ പഠന രംഗതത് വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കാനുമുള്ള പോരാട്ടത്തില്‍ മുന്നണിയിലായിരുന്നു മദനി. എഴുത്തുകാരന്‍, പ്രഭാഷകന്‍, സംഘടകന്‍ തുടങ്ങിയ മേഖലകളില്‍ എല്ലാം മദനി തന്റെ പ്രാഗല്‍ഭ്യം തെളിയിച്ചു. ലോകത്തിന്റെ വിവിധ മേഖലകളില്‍ ആയിര കണക്കിന് ശിഷ്യന്‍മാരുള്ള മദനി മുജാഹിദ് പ്രസ്താനത്തിന്റെ കരുത്തുറ്റ നേതാവായിരുന്നു.

 

1935 ല്‍ ജൂണ്‍ 16 ന് വേങ്ങര വലിയോറ പി കെ മുഹമമദ് അധികാരിയുടേയും, കളപ്പാടന്‍ ബിയ്യകുട്ടിയുടെയും മകനായാണ് അഹ്മദലി മദനി ജനിച്ചത്. പുളിക്കല്‍ മദീനത്തുല്‍ ഉലും അറബി കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം തിരൂരങ്ങാടി ഗവ. ഹൈസ്‌കൂളില്‍ അറബിക് അധ്യാപകനായിരുന്നു.

 

മുസ്ലീം നവോത്ഥാന നായകരില്‍ ഒരാളായിരുന്ന എന്‍ വി അബ്ദു സലാം മൗലവിയുടെ മകള്‍ സൈനബയാണ് ഭാര്യ. മക്കള്‍; മുഹമ്മദ് സുഹൈല്‍(ജിദ്ദ) സുഫിയാന്‍ അബ്ദുള്‍ സലാം(റിയാദ്), സലീം അംലാസ്(അധ്യാപകന്‍, മര്‍ക്കസ് ട്രെയിനിംഗ് കോളേജ് ആതവനാട്), ആയിശ സനിയ, സലീല മിറയം, സമിയ, സല്‍വ, സാജിന മരുമക്കള്‍; താപ്പി ഉമ്മര്‍, ഹംസ സുല്‍മി, ബഷീര്‍, ആസിഫ, റഹിയാനത്ത്, പരേതരായ അബ്ദുള്‍ ഹമീദ്, അബൂബക്കര്‍ മാളിയേക്കല്‍.

 

മയ്യത്ത് നമസ്‌കാരം ശനിയാഴ്ച 3 മണിക്ക് ചെമ്മാട് സലഫി മസ്ജിദില്‍
ഖബറടക്കം 4.30 ന് വേങ്ങര വലിയോറ ജുമാമസ്ജിദ് ഖബര്‍ സ്ഥാനിയില്‍

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!