ദുബ്രി : അസംമില്‍ ബ്രഹ്മപുത്ര നദിയില്‍വെച്ച് ശക്തമായ കാറ്റിനെ തുടര്‍ന്നുണ്ടായ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ഇനിയും കണക്കാക്കാനായിട്ടില്ല. കുട്ടികളടക്കം നൂറുകണക്കിനാളുകള്‍ മരണപ്പെട്ടതായാണ് സൂചന.
അപകടം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും 42 മൃതദേഹങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു. മരിച്ചവരുടെ എണ്ണത്തിന്റെ അവ്യക്തത തുടരുകയാണ്. കരസേനയടക്കമുള്ള സൈനിക വിഭാഗങ്ങള്‍ വരെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
അപകടത്തില്‍പ്പെട്ട ഫെറി നദിയുടെ മധ്യത്തിലെത്തിയപ്പോള്‍ ആഞ്ഞിച്ച കൊടുങ്കാറ്റില്‍ രണ്ടായി മുറിയുകയായിരുന്നു. ഫെറിയില്‍ കയറാന്‍ ടിക്കറ്റെടുത്ത കണക്കനുസരിച്ച് 280 പേരാണ് ഉണ്ടായിരുന്നത്. ഇരുപത്തഞ്ചോളം പേര്‍ നീന്തി രക്ഷപ്പെട്ടതായി കരുതുന്നു. ബാക്കിയുള്ളവരെ കണ്ടെത്താന്‍ ആവാത്തതാണ് ആശങ്കയുണര്‍ത്തുന്നത്.
ഭൂരിഭാഗം മൃതദേഹങ്ങളും നദിയിലൂടെ താഴേക്കൊഴുകി പോയിട്ടുണ്ടാകുമെന്നും അവകണ്ടെടുക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാറിന്റെ സഹായം തേടുമെന്നും ബിഎസ്എഫ് ഐജി പി.കെ ബഹല്‍ പറഞ്ഞു.
ബ്രമപുത്രയുടെ തീരത്ത് താമസിക്കുന്ന ഈ ജനത പ്രകൃതി ക്ഷോഭങ്ങള്‍ക്ക് പുറമെ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ക്കും ഇടയ്ക്കിടെ സാക്ഷിയാകുന്നു.




