അമ്പിളി ഫാത്തിമ വിടവാങ്ങി

ambili-fathimaകോട്ടയം: ഹൃദയ, ശ്വാസകോശ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ അമ്പിളി ഫാത്തിമ (22) മരണത്തിന് കീഴടങ്ങി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 11.45 ഓടെയാണ് അമ്പിളി മരിച്ചത്. രക്തത്തിലും ആന്തരീകാവയവങ്ങളിലുമുണ്ടായ അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി വെന്റിലേറ്ററിലായിരുന്ന അമ്പിളിയുടെ നില ഞായറാഴ്ച വഷളാകുകയായിരുന്നു.

കടുത്ത അണുബാധയെത്തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് അമ്പിളിയെ കോട്ടയത്തെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് അമ്പിളിയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കാതായി. അമ്പിളിയുടെ ജീവന്‍ രക്ഷിക്കാനുള്ള പരമാവധി ശ്രമങ്ങള്‍ ഡോക്ടര്‍മാര്‍ നടത്തിയെങ്കിലും അവയെല്ലാം വിഫലമാവുകയായിരുന്നു.

പത്ത് മാസം മുന്‍പ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു ഹൃദയവും ശ്വാസകോശവും മാറ്റിവെച്ചുകൊണ്ടുള്ള ശസ്ത്രക്രിയ അമ്പിളിയ്ക്ക് നടത്തിയത്. തുടര്‍ന്ന് ചികിത്സയ്ക്ക് വേണ്ടി അമ്പിളിയ്ക്കും കുടുംബത്തിനും മാസങ്ങളോളം ചെന്നൈയില്‍ തുടരേണ്ടിവന്നു. മാസം ഒരു ലക്ഷം രൂപയോളം വരുന്ന മരുന്നുകളാണ് ഫാത്തിമ കഴിച്ചിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോള്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് മറ്റൊരു ശസ്ത്രക്രിയയും നടത്തേണ്ടി വന്നു. കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് സ്വന്തം നാടായ കാഞ്ഞിരപ്പള്ളിയിലേക്ക് അമ്പിളി എത്തിയത്. വീട്ടിലെത്തിയ ശേഷം ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിലായിരുന്നു അമ്പിളി. സന്ദര്‍ശകര്‍ക്കും നിയന്ത്രണമുണ്ടായിരുന്നു.

കോട്ടയം സിഎംസ് കോളേജില്‍ എം കോം വിദ്യാര്‍ത്ഥിയായിരുന്നു അമ്പിളി. നടി മഞ്ജു വാര്യര്‍ ചികിത്സാ സഹായവുമായി എത്തിയത് നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അമ്പിളിയെ ചൈന്നൈയിലെത്തി മഞ്ജു സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

Related Articles