Section

malabari-logo-mobile

ആഗോള മുസ്‌ലിം യാത്രാ സൂചികയില്‍ ഖത്തറിന്‌ അഞ്ചാം സ്ഥാനം.

HIGHLIGHTS : ദോഹ: കഴിഞ്ഞ ദിവസം പുറത്തുവിട്ട ആഗോള മുസ്‌ലിം യാത്രാ സൂചികയില്‍ ഖത്തര്‍ അഞ്ചാംസ്ഥാനത്ത്. മുസ്‌ലിംകളായ വിനോദ സഞ്ചാരികള്‍ പോകാന്‍ ഇഷ്ടപ്പെടുന്ന

Qatarദോഹ: കഴിഞ്ഞ ദിവസം പുറത്തുവിട്ട ആഗോള മുസ്‌ലിം യാത്രാ സൂചികയില്‍ ഖത്തര്‍ അഞ്ചാംസ്ഥാനത്ത്. മുസ്‌ലിംകളായ വിനോദ സഞ്ചാരികള്‍ പോകാന്‍ ഇഷ്ടപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലൊന്നില്‍ ഇടംപിടിക്കാന്‍ ഖത്തറിനു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. മാസ്റ്റര്‍കാര്‍ഡ് ക്രസന്റ് റേറ്റിംഗ് ഗ്ലോബല്‍ മുസ്‌ലിം ട്രാവല്‍ ഇന്‍ഡക്‌സ് 2015 പ്രകാരം ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷന്‍ (ഒ ഐ സി) രാജ്യങ്ങളില്‍ മലേഷ്യയാണ് ഒന്നാം സ്ഥാനത്ത്. മലേഷ്യ കഴിഞ്ഞാല്‍ മുസ്‌ലിം വിനോദ സഞ്ചാരികള്‍ കൂടുതല്‍ പോകാന്‍ ആഗ്രഹിക്കുന്നത്  തുര്‍ക്കിയിലാണ്. യു എ ഇയും സഊദി അറേബ്യയുമാണ് അടുത്ത സ്ഥാനങ്ങളില്‍. ഖത്തര്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത് ഇന്തോനേഷ്യയാണ്. ഒമാന്‍, ജോര്‍ദ്ദാന്‍, മൊറോക്കോ, ബ്രൂണെ എന്നിവയാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റു രാജ്യങ്ങള്‍.
കഴിഞ്ഞ വര്‍ഷം എട്ടാം സ്ഥാനത്തായിരുന്നു ഖത്തര്‍. മൂന്നുസ്ഥാനങ്ങള്‍ മുന്നേറാന്‍ ഇത്തവണ കഴിഞ്ഞു. 2012ലും 2013ലും ഖത്തര്‍ പത്താം സ്ഥാനത്തായിരുന്നു. ഒ ഐ സിയില്‍ 29 രാജ്യങ്ങളാണുള്ളത്. നോണ്‍- ഒ ഐ സി രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ കൂടുതലായി പോകാന്‍ താത്പര്യപ്പെടുന്ന രാജ്യങ്ങളില്‍ സിംഗപ്പൂരിനാണ് ഒന്നാം സ്ഥാനം. തായ്‌ലാന്‍ഡ്, ബ്രിട്ടണ്‍, ദക്ഷിണാഫ്രിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് തൊട്ടുപിറകില്‍. അമേരിക്ക എട്ടാം സ്ഥാനത്താണ്. നൂറു രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ പരിശോധിച്ച് വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
മുസ്‌ലിംകള്‍ക്ക് വേഗത്തിലും സൗകര്യപ്രദമായും സഞ്ചരിക്കാന്‍ കഴിയുന്നവ, ഹലാല്‍ റസ്റ്റോറന്റുകളുടെ ലഭ്യത, വിമാനത്താവളങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നമസ്‌കരിക്കാനുള്ള സൗകര്യങ്ങള്‍ തുടങ്ങിയ വിവിധ കാര്യങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് മലേഷ്യ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്.
ഏറ്റവും കൂടുതല്‍ ഹലാല്‍ റസ്റ്റോറന്റുകളുടെ സാന്നിധ്യമാണ് നോണ്‍ ഒ ഐ സി രാജ്യങ്ങളില്‍ സിംഗപ്പൂരിനെ ഒന്നാമതാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ ഖത്തറിലെ സൂഖ് വാഖിഫിനെയും മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടിനെയും ഏറെ പ്രകീര്‍ത്തിച്ചിരുന്നു. എയര്‍പോര്‍ട്ടിലെ സൗകര്യങ്ങള്‍, സുരക്ഷിതമായ യാത്രാ സാഹചര്യം,  ഭക്ഷണ ക്രമീകരണങ്ങള്‍,  പ്രാര്‍ഥനയ്ക്കുള്ള സാഹചര്യങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ഖത്തറിന് അഞ്ചാം സ്ഥാനം ലഭിച്ചത്. കുടുംബ സൗഹൃദാന്തരീക്ഷത്തിന്റെ ലഭ്യതക്കുറവ്, മുസ്‌ലിംകള്‍ക്കു മാത്രമായി ഹോട്ടലുകളില്‍ ഭക്ഷണം ഉള്‍പ്പടെ താമസസൗകര്യം, വിനോദസഞ്ചാര സ്ഥലങ്ങള്‍ സംബന്ധിച്ച പ്രചാരണ കാംപയിനുകളുടെ കുറവ് എന്നിവയാണ് ഖത്തറിന് തിരിച്ചടിയായത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഖത്തറിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത്. ഖത്തര്‍ ടൂറിസം അതോറിറ്റി കഴിഞ്ഞ മാസം പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ജി സി സിയില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ മൂന്നു ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. 1.2 മില്യണ്‍ സന്ദര്‍ശകരാണ് ജി സി സിയില്‍ നിന്നെത്തിയത്. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ 3,48,000 മുസ്‌ലിം യാത്രക്കാരാണ് എത്തിയതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!