തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം: പരാതി പരിഗണിക്കാന്‍ പ്രാദേശിക സമിതി

Untitled-1 copyതൊഴിലിടങ്ങളിലെ സ്‌ത്രീപീഡനവുമായി ബന്‌ധപ്പെട്ട പരാതികള്‍ പരിഗണിക്കുന്നതിന്‌ പ്രാദേശിക പരാതി സമിതി രൂപവത്‌ക്കരിച്ചു. ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌കരനാണ്‌ സമിതിയുടെ ജില്ലാ ഓഫീസര്‍. മുന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. കെ.പി. മറിയുമ്മ ചെയര്‍പേഴ്‌സനും നഗരസഭാ വൈസ്‌ ചെയര്‍മാന്‍ കെ. എം. ഗിരിജ, അഡ്വ. സുജാതാ വര്‍മ, മഞ്ചേരി നഗരസഭാ വൈസ്‌ ചെയര്‍പേഴ്‌സണ്‍ ഇ.കെ. വിശാലാക്ഷി എന്നിവര്‍ അംഗങ്ങളും ജില്ലാ സാമൂഹിക നീതി ഓഫീസര്‍ എക്‌സ്‌ ഒഫീഷോ മെമ്പറുമായുള്ള സമിതിയാണ്‌ രൂപവത്‌ക്കരിച്ചത്‌. തഹസിദാര്‍മാരാണ്‌ അതത്‌ താലൂക്കുകളിലെ നോഡല്‍ ഓഫീസര്‍മാര്‍. താലൂക്ക്‌ തലത്തില്‍ നിന്നുള്ള പരാതികള്‍ തഹസില്‍ദാര്‍മാര്‍ സ്വീകരിച്ച്‌ ഏഴ്‌ ദിവസത്തിനകം സമിതിക്ക്‌ കൈമാറണം.
സ്വകാര്യ-സര്‍ക്കാര്‍ മേഖലകളില്‍ 10 ജീവനക്കാരില്‍ താഴെ മാത്രമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പരാതി പരിഗണിക്കുന്നതിനാണ്‌ സമിതി രൂപവത്‌ക്കരിച്ചിട്ടുള്ളത്‌. പരാതി തൊഴില്‍ ദാതാവിനെക്കുറിച്ചുള്ളതാണെങ്കിലും സമിതി പരിഗണിക്കും. തൊഴിലിടങ്ങളില്‍ സ്‌ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം തടയുന്നതിനും നിരോധിക്കുന്നതിനും പരിഹരിക്കുന്നതിനുള്ള 2013 ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹിക നീതി വകുപ്പാണ്‌ സമിതി രൂപവത്‌ക്കരിക്കാന്‍ ഉത്തരവിട്ടത്‌. 10 ലധികം ജീവനക്കാരുള്ള തൊഴില്‍ സ്ഥാപനത്തില്‍ നേരത്തെ തന്നെ ആഭ്യന്തര പരാതി പരിഹാര സംവിധാനമുണ്ട്‌.