വിജയ്‌ മല്യയുടെ 1,411 കോടി രൂപയുടെ സ്വത്തുക്കള്‍ ജപ്‌തി ചെയ്‌തു

ദില്ലി: മദ്യരാജാവ്‌ വിജയ്‌ മല്യയുടെ 1411 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ജപ്‌തി ചെയ്‌തു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്വത്തുക്കള്‍ വില്‍പന നടത്താനാണ്‌ തീരുമാനം. കിങ്‌ ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടി ഐഡിബിഐ ബാങ്കില്‍ നിന്നും കടമെടുത്ത 900 കോടി രൂപ തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ്‌ 2009 ല്‍ പരാതി രജിസ്റ്റര്‍ ചെയ്‌തത്‌. ലോണ്‍ എടുത്ത തുകയ്‌ക്ക്‌ സമാനമായ സ്വത്തുക്കളാണ്‌ ഇപ്പോള്‍ ജപ്‌തി ചെയ്‌തിരിക്കുന്നത്‌.

ബംഗളൂരുവിലെ ടുബി ടവേഴ്‌സ്‌, കൂര്‍ഖിലെ 27 ഏക്കര്‍ കാപ്പിതോട്ടം, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ സ്വത്തുക്കള്‍ എന്നിവയാണ്‌ ജപ്‌തി ചെയ്‌തിരിക്കുന്നത്‌. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപ കടമെടുത്ത്‌ അത്‌ തിരിച്ചടക്കാതെ മല്യ വിദേശത്തേക്ക്‌ മുങ്ങുകയായിരുന്നു.

പലതവണ ചോദ്യം ചെയ്യലിനായി വിളിച്ചെങ്കിലും ഇന്ത്യയിലെത്താന്‍ മല്യ തയ്യാറായില്ല. മല്യ ഇപ്പോള്‍ ലണ്ടനിലാണുള്ളത്‌. മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ഇന്റര്‍പോള്‍ സഹായം തേടിയരുന്നു. എന്നാല്‍ ലണ്ടനില്‍ നിന്ന്‌ നാടുകടത്താന്‍ കഴിയില്ലെന്ന്‌ ലണ്ടന്‍ വ്യക്തമാക്കിയിരുന്നു. ഇതെ തുടര്‍ന്ന്‌ ഇന്റര്‍പോളിന്റെ സഹായത്തോടെ റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌ പുറുപ്പെടുവിക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌.