തൃപ്‌തി ദേശായി ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു

TruptiDesai_2849589gമുംബൈ: ഭൂമാതാ ബ്രിഗേഡ്‌ പ്രവര്‍ത്തകയായ തൃപ്‌തി ദേശായി മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു. വ്യാഴാഴ്‌ച രാവിലെ കനത്ത സുക്ഷാവലയത്തിലാണ്‌ സത്രീകള്‍ക്ക്‌ പ്രവേശനം നിഷേധിച്ച ദര്‍ഗയില്‍ തൃപ്‌തി പ്രവേശിച്ചത്‌. ദര്‍ഗയില്‍ പ്രവേശിച്ച അവരെ ദര്‍ഗയുടെ പ്രധാന ഭാഗത്തേക്ക്‌ പ്രവേശിക്കാന്‍ അനുവദിച്ചില്ല.

താന്‍ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചെന്നും സ്‌ത്രീകള്‍ക്ക്‌ പ്രവേശനം അനുവദിക്കുന്നതുവരെ ഇത്തരം നടപടികളുമായി ശക്തമായി മുന്നോട്ട്‌ പോകുമെന്നും തൃപ്‌തി മാധ്യമങ്ങളോട്‌ പറഞ്ഞു.

കഴിഞ്ഞദിവസം തൃപ്‌തിയേയും ഏതാനും വനിതാ സന്നദ്ധ പ്രവര്‍ത്തകരേയും ദര്‍ഗയില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. ശിവസേനയുടെ ന്യൂനപക്ഷ സെല്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്‌ ഉള്‍പ്പെടെയുള്ള സംഘങ്ങളുടെ നേതൃത്വത്തില്‍ തൃപ്‌തി ദേശായിക്കും സംഘത്തിനുമെതിരെ രംഗത്തെത്തിയിരുന്നു. ആറ്‌ നൂറ്റാണ്ട്‌ പഴക്കമുള്ള ദര്‍ഗയില്‍ അഞ്ചുവര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മാത്രമാണ്‌ സ്‌ത്രീകള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌. വിലക്ക്‌ നീക്കണമെന്ന മുസ്ലീം വനിതകളുടെ ഹരജി ബോംബേ ഹൈക്കോടതിയുടെ പരിഗണനയിലാണ്‌.

ശബരിമല ക്ഷേത്രത്തിലെ സ്‌ത്രീപ്രവേശനം എന്ന ആവശ്യവുമായി ഈ മാസാവസാനം കേരളത്തിലെത്തുമെന്ന്‌ തൃപ്‌തി ദേശായി വ്യക്തമാക്കിയിരുന്നു. സ്‌ത്രീ പുരുഷ വിവേചനം ദൈവത്തിനില്ലെന്നും പൗരോഹിത്യമാണ്‌ ഈ വിവേചനം സൃഷ്ടിച്ചതെന്നം തൃപ്‌തി ദേശായി പറഞ്ഞു.