കാണ്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി;91 മരണം

train-accident-603219കാണ്‍പുര്‍ : ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ ട്രെയിന്‍ പാളം തെറ്റി 91 പേര്‍ മരിച്ചു. 150 പേർക്ക് പരിക്ക്. കാണ്‍പൂരില്‍ പട്‌ന-ഇന്‍ഡോര്‍ എക്‌സ്പ്രസിന്‍റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. പട്നയില്‍നിന്ന് ഇന്‍ഡോറിലേക്കു പോയ എക്സ്പ്രസ് ട്രെയിനാണ് കാണ്‍പുരിന് സമീപമുള്ള പുഖരായനില്‍ ഇന്നു പുലര്‍ച്ചെ അപകടത്തില്‍പെട്ടത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. പലരുടെയും നില ഗുരുതരമാണ്. നാല്‍പത്തഞ്ചു മൃതദേഹം കണ്ടെടുത്തു. റെയില്‍ മന്ത്രി സുരേഷ് പ്രഭു അന്വേഷണം പ്രഖ്യാപിച്ചു.

അപകടകാരണം വ്യക്തമല്ല. മെഡിക്കല്‍ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെത്തുടര്‍ന്നു നിരവധി ട്രെയിനുകള്‍ വ‍ഴിതിരിച്ചുവിട്ടിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മരിച്ചവരിലും പരുക്കേറ്റവരിലും അധികംപേരും എസി കോച്ചുകളിലുണ്ടായിരുന്നവരാണ്. നാല് എസി കോച്ചുകളും രണ്ട് സ്ലീപ്പര്‍ കോച്ചുകളുമാണു കാര്യമായ രീതിയില്‍ തകര്‍ന്നത്. എസ് 2 കോച്ച് തൊട്ടടുത്ത കോച്ചിലേക്ക് ഇിടിച്ചു കയറി. കോച്ചുകള്‍ ഭൂരിഭാഗവും പാളത്തില്‍നിന്നു മറിയുകയും ചെയ്തു. വിജനമായ പ്രദേശത്താണ് അപകടമുണ്ടായത്. ദേശീയപാതയില്‍നിന്ന് ആറു കിലോമീറ്ററോളം അകലെയാണ് റെയില്‍പാത കടന്നുപോകുന്നത്.

എസ് 2 കോച്ചാണ് ആദ്യം പാളം തെറ്റിയത്. അട്ടിമറി സാധ്യതതള്ളിയിട്ടില്ല. അപകടവിവരം പുറത്തറിയാന്‍ വൈകിയതും മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായി. വിവരമറിഞ്ഞ് കാണ്‍പൂരില്‍നിന്നു വൈദ്യസംഘവും രക്ഷാപ്രവര്‍ത്തകരും എത്തിയപ്പോ‍ഴേക്കും വൈകിയിരുന്നു. അപകടത്തില്‍ പെട്ട ട്രെയിനിലുണ്ടായിരുന്ന പരുക്കേല്‍ക്കാത്ത യാത്രക്കാരുടെ തുടര്‍യാത്രയ്ക്കു റെയില്‍വേ സൗകര്യമൊരുക്കിയിട്ടുണ്ട്.