ഗുരുവായൂരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ തിരുവാഭരണം മണികിണറില്‍ നിന്നും കണ്ടെത്തി

images (1)തൃശ്ശൂര്‍: ഗുരുവായൂരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ തിരുവാഭരണം കണ്ടെത്തി. ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലെ മണികിണറില്‍ നിന്നാണ് 60 ഗ്രാം തൂക്കവും 24 നീലകല്ലുകളും പതിച്ച നാഗപടത്താലി കണ്ടെത്തിയത്.

നാഗപടത്താലി ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ ലോക്കറിലേക്ക് മാറ്റി. കിണറിലെ തീര്‍ത്ഥത്തിന് നിറവ്യത്യാസം വന്നതിനെ തുടര്‍ന്ന് മണികിണര്‍ വറ്റിച്ചപ്പോഴാണ് തിരുവാഭരണം കണ്ടെത്തിയത്. 1985 ല്‍ നഷ്ടമായ ഗുരുവായൂരപ്പന്റെ മൂന്ന് തിരുവാഭരണങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ ലഭിച്ചത്.

വന്‍സുരക്ഷാ സന്നാഹങ്ങളുടെ സാന്നിദ്ധ്യത്തിലാണ് കിണര്‍ വറ്റിക്കുന്നത്. വൈകീട്ട് 4 മണിക്ക് ക്ഷേത്രം അടച്ചിട്ടശേഷം കിണര്‍ വറ്റിക്കല്‍ തുടരും. അന്ന് നഷ്ടപ്പെട്ടതില്‍ 45 ഗ്രാം തൂക്കം വരുന്ന മഹാലക്ഷ്മി മാലയും, 90 ഗ്രാം തൂക്കമുള്ള നീലക്കല്‍ മാലയുമാണ് ഉണ്ടായിരുന്നത്. 23 വര്‍ഷങ്ങള്‍ശേഷം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കിണര്‍ വറ്റിച്ചിരുന്നു. അന്ന് ചെമ്പിന്റെയും, സ്റ്റീലിന്റെയും കുടങ്ങളും, ഒട്ടേറെ നാണയങ്ങളും, ഓടില്‍ നിര്‍മ്മിച്ച പ്രതിമകളും കിണറ്റില്‍ നിന്ന് കിട്ടിയിരുന്നു.

തിരുവാഭരണം നഷ്ടമായ സംഭവത്തെ തുടര്‍ന്ന് മുന്‍ മേല്‍ശാന്തിയെയും, മക്കളെയും നുണപരിശോധനക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് പ്രശ്‌നം വെക്കുകയും, ക്ഷേത്രകുളത്തില്‍ തിരുവാഭരണം ഉണ്ടെന്ന് പ്രശ്‌നത്തില്‍ തെളിയുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം ആരും വിശ്വസിച്ചിരുന്നില്ലെന്ന് ദേവസ്വം അധികാരികള്‍ വ്യക്തമാക്കി.