തിരൂര്‍ സ്വദേശിയുടെ കൊല; പ്രതി അറസ്റ്റില്‍

കോഴിക്കോട് : സൗത്ത് ബീച്ചില്‍ കടലവില്‍പ്പനക്കാരന്‍ കൊല ചെയ്യപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍. തിരൂര്‍ മാവുംകുന്നേല്‍ സ്വദേശി മുണ്ടേക്കാട് വീട്ടില്‍ റഹ്മാന്റെ മകന്‍ ആലി (ആലിക്കുട്ടി -35) കൊലചെയ്യപ്പെട്ട കേസില്‍ മഞ്ചേരി വാഴപ്പാറപണി തേഞ്ഞിയില്‍ ഹൗസില്‍ അഷറഫാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ ബീച്ചിലെ ട്രേഡിങ്ങ് കമ്പനിയുടെ കൊപ്രകളത്തിന് സമീപത്താണ് ആലിക്കൂട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാള്‍ വാടകക്ക് മുറിയെടുത്ത് താമസിക്കുന്ന കെട്ടിടത്തിന്റെ പുറത്താണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.

ആലിക്കൂട്ടിക്ക് കടലവില്‍പ്പനക്കായി അഷറഫ് നല്‍കിയ ഉന്തുവണ്ടി തിരിച്ച് കിട്ടാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മുഖത്തെ മുറിവും പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും കൊലപാതകമാണെന്ന് നേരത്തെ പോലീസ് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികളെയും , ബീച്ചില്‍ കച്ചവടം ചെയ്തവരെയും പോലീസ് ചോദ്യം ചെയ്തു. ആറ് മാസം മുമ്പ് കഞ്ചാവ്‌കേസില്‍ പ്രതിയായ ബീച്ചില്‍ ബലൂണ്‍ വില്‍ക്കാന്‍ നടക്കുന്ന അഷറഫിനെ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അനേ്വഷണത്തിലാണ് ഇയാളാണ് കൊല നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചത്.