തിരൂരില്‍ വിദ്യാര്‍ത്ഥികള്‍ മദ്യപിച്ച സംഭവം; മണല്‍ മാഫിയയുടെ പങ്ക് വ്യക്തം

തിരൂര്‍ : കഴിഞ്ഞ ദിവസം പുറത്തൂരിലെ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മദ്യപിച്ച് കുഴഞ്ഞുവീണ സാഹചര്യം ഉണ്ടായതിന് പിറകില്‍ മണല്‍ മാഫിയാ ബന്ധമാണെന്ന് പുറത്തുവരുന്നു. ഇന്നലെ സ്‌കൂളില്‍ മദ്യപിച്ചെത്തിയ കുട്ടികള്‍ക്ക് നേതൃത്വം നല്‍കിയത് മണല്‍മാഫിയാ സംഘത്തിലെ ‘എക്‌സ്‌കോര്‍ട്ട് ബോയ്’.

ഭാരതപുഴയുടെ തീരത്തുള്ള പുറത്തൂര്‍ പഞ്ചായത്തില്‍ അനധികൃത മണലൂറ്റ് വ്യാപകമാണ്. നിരവധി മണല്‍ മാഫിയാ സംഘങ്ങള്‍ സൈ്വര്യ വിഹാരം നടത്തുന്ന ഇവിടെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് ഇത്തരം സംഘങ്ങളാണ്. ഇവര്‍ രാത്രി കാലങ്ങളില്‍ പോലീസിന്റെ നീക്കങ്ങള്‍ മണത്തറിയാന്‍ മണല്‍ വണ്ടികള്‍ക്ക് എസ്‌കോര്‍ട്ടുകളായി നിയമിക്കുന്നത് 16 ഉം 17 ഉം വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ്. കൈ നിറയെ പണവും ഓടിക്കാന്‍ ബൈക്കും കിട്ടുന്ന വിദ്യാര്‍ത്ഥികള്‍ ഇത് ചിലവഴിക്കാനുള്ളൊരു മാര്‍ഗമായി മദ്യപാനവും തിരഞ്ഞെടുക്കുന്നു.

പലപ്പോഴും ക്ലാസ് റൂമിലിരുന്ന് ഉറങ്ങുന്ന ചില വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ ചോദ്യം ചെയ്യുമ്പോള്‍ കുട്ടികള്‍ അഭിമാനത്തോടെ് ഇന്നലെ കുറച്ച് മണല്‍ കടത്താനുണ്ടായിരുന്നു എന്നാണ് തങ്ങളോട് പറഞ്ഞത് എന്ന് അധ്യാപകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

രാത്രികാലങ്ങളില്‍ ഉറക്കമൊഴിച്ച് ഇത്തരം മണല്‍ സംഘങ്ങളോടൊപ്പമുള്ള കറക്കമാണ് വിദ്യാര്‍ത്ഥികളെ മദ്യത്തോട് അടുപ്പിക്കുന്നത്. ഈ കെണിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അടുത്ത ദിവസം ക്ലാസ് റൂമില്‍ വന്നു പറയുന്ന രസിപ്പിക്കുന്ന കഥകള്‍ മറ്റുള്ളവരെയും ഹരം കൊള്ളിപ്പിക്കുന്നു. പിന്നീട് ഒഴിവ് ദിവസങ്ങളിലോ കലാകായികമേളകളുടെ മറവിലോ ഒത്തു ചേര്‍ന്ന് ലഹരിയുടെ ലോകത്തേക്ക് കടന്നു വരുന്നു. കഴിഞ്ഞയാഴ്ചയില്‍ തിരൂര്‍ സബ്ജില്ലാ കലോല്‍സവം ആലത്തിയൂരില്‍ നടന്നപ്പോള്‍ സ്‌കൂള്‍ പരിസരത്ത് നിന്ന് കഞ്ചാവുമായും ചാരായവുമായും രണ്ടു പേരെ തിരൂര്‍ എക്‌സൈസ് പിടികൂടിയിരുന്നു. ഈ മേഖലയില്‍ കഞ്ചാവിന്റെ ഉപഭോഗം വിദ്യാര്‍ത്ഥികളിലും വ്യാപകമാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. തിരൂര്‍ പോളിടെക്‌നിക് പരിസരം, ബിപി അങ്ങാടി എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികളെ ലഹരിയിലേക്ക് വല വീശി പിടിക്കാനായി പ്രതേ്യക സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കഠിനാദ്ധ്വാനമുള്ള ജോലിയായ മണലൂറ്റ് കേന്ദ്രങ്ങളിലും കഞ്ചാവിന്റെ ഉപയോഗം ശക്തമാണ്.

കുട്ടികളെ വഴി തെറ്റിക്കാനും മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കാനും ഇടപെടല്‍ നടത്തുന്ന ചില സാമൂഹ്യ ദ്രോഹികളുടെ സാന്നിദ്ധ്യവും ഈ മേഖലയിലെ സ്‌കൂള്‍ പരിസരങ്ങളിലുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം വാങ്ങി നല്‍കാന്‍ വിദേശ മദ്യ ഷോപ്പുകള്‍ക്ക് മുന്നില്‍ ചില പ്രത്യേക സംഘങ്ങളും ഉണ്ട്. ഇതിന് പുറമെ വിദ്യാര്‍ത്ഥികളാണെന്ന് അറിഞ്ഞാലും ചില ഷോപ്പുകളില്‍ നിന്ന് മദ്യം കൊടുക്കുന്നതായും പരാതിയുണ്ട്.

ശക്തമായ ബോധ വല്‍ക്കരണവും കടുത്ത നിയപനടപടികളും നാട്ടുകാരുടെ സൂക്ഷ്മമായ ജാഗ്രതയും ഉണ്ടായാല്‍ മാത്രമേ നാടിന്റെ ഭാവിയെ തകര്‍ക്കുന്ന ഇത്തരം സംഭവങ്ങളെ കടിഞ്ഞാണിടാനാകൂ.