തിരൂരില്‍ മണല്‍മാഫിയയുടെ വാനിടിച്ച്‌ ബൈക്ക്‌ യാത്രികന്‍ മരിച്ചു;2 പേര്‍ക്ക്‌ ഗുരുതര പരിക്ക്‌

Story dated:Wednesday January 20th, 2016,12 51:pm
sameeksha sameeksha

tirur accident 1തിരൂര്‍: മണല്‍ കടത്തുന്ന വാനിടിച്ച്‌ ബൈക്ക്‌ യാത്രികനായ യുവാവ്‌ മരിച്ചു. രണ്ട്‌ പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. തിരുന്നാവായ താഴപറ സ്വദേശി പരേതനായ കടവത്തൊടി കറപ്പന്റെ മകന്‍ സുനില്‍ (26) ആണ്‌ മരണപ്പെട്ടത്‌. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രദേഷ്‌(22), മണി(27) എന്നിവരെ പെരിന്തല്‍മണ്ണ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇന്നലെ(ചൊവ്വ) രാത്രി 9.30 ഓടെയാണ്‌ കുറ്റിപ്പും തിരൂര്‍ റോഡില്‍ രാങ്ങാട്ടൂര്‍ കമ്പനിപ്പടയില്‍ വെച്ച്‌ അപകടം സംഭവിച്ചത്‌.

കുറ്റിപ്പുറം ഭാരതപ്പുഴയില്‍ നിന്ന്‌ അനധികൃതമായി മണല്‍കയറ്റി അമിതവേഗതയിലെത്തിയ വാന്‍ ഉല്‍സവം കണ്ട്‌ മടങ്ങുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ഇത്‌ കണ്ട്‌ നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും മണല്‍മാഫിയ സംഘം വാഹനമുപേക്ഷിച്ച്‌ ഓടി രക്ഷപ്പെട്ടു. സുനിലിനെ കൊടക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സുനില്‍ അവിവാഹിതനാണ്‌. അമ്മ: അമ്മു. സഹോദരങ്ങള്‍: രാമകൃഷ്‌ണന്‍, അഭിലാഷ്‌,മണികണ്‌ഠന്‍, ശാന്ത,പ്രേമ.

സംഭവത്തെ തുടര്‍ന്ന്‌ അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ എടുത്തുമാറ്റാന്‍ ഇന്ന്‌ രാവിലെയെത്തിയ പോലീസിനെ നാട്ടുകാര്‍ തടഞ്ഞു. മണല്‍മാഫിയക്കെതിരെ നടപടിയെടുക്കുമെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ്‌ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.