തിരൂരില്‍ എ.കെ.ജി സ്‌മാരക വായനശാലക്ക്‌ തീയിട്ടു; പ്രദേശത്ത്‌ ഹര്‍ത്താല്‍

Story dated:Tuesday March 22nd, 2016,12 53:pm
sameeksha sameeksha

Untitled-1 copyതിരൂര്‍: താലൂക്കരയില്‍ വായനശാലയും സിപിഎം ഓഫീസും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‌ തീയിട്ടു. ലക്ഷങ്ങളുടെ നഷ്ടം. സംഭവത്തെ തുടര്‍ന്ന്‌ സ്ഥലത്തെത്തിയ തിരൂര്‍ ഡിവൈഎസ്‌പിയെ നാട്ടുകാര്‍ തടഞ്ഞു. പ്രദേശത്ത്‌ ഹര്‍ത്താല്‍ ആചരിക്കുകയാണ്‌. അയ്യായിരത്തോളം പുസ്‌തകങ്ങള്‍ അമ്പതോളം കസേരകള്‍, അലമാരകള്‍, മേശകള്‍, കൊടിതോരണങ്ങള്‍ എന്നി കത്തി നശിച്ചു. ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌. വായനശാലയിലെ ടെലിവിഷന്‍, സംഗീതോപകരണങ്ങള്‍ എന്നിവ കാണാതായിട്ടുണ്ട്‌.

ഇന്ന്‌ പുലര്‍ച്ചെ രണ്ട്‌ മണിയോടെയാണ്‌ ഇരുപതോളം വരുന്ന സംഘം കെട്ടിടത്തിന്‌ തീയിട്ടതെന്നാണ്‌ റിപ്പോര്‍ട്ട്‌. ശബദം കേട്ട്‌ ഉണര്‍ന്ന സമീപത്തെ വീട്ടുകരാണ്‌ തീപിടിച്ചത്‌ കണ്ടത്‌. ഇവരെത്തിയപ്പോഴേക്കും ഇരുപതോളം വരുന്ന സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ കുറിച്ചുള്ള സൂചനകള്‍ നാട്ടുകാര്‍ പോലീസിന്‌ കൈമാറിയിട്ടുണ്ട്‌. കഴിഞ്ഞദിവസം പ്രദേശത്ത്‌ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചാണ്‌ ഇതെന്നാണ്‌ സൂചന.

അതെസമയം പോലീസിന്റെ അനാസ്ഥയെ തുടര്‍ന്നാണ്‌ ആക്രമണത്തിന്‌ കാരണമെന്ന്‌ ആരോപിച്ച നാട്ടുകാര്‍ സ്ഥത്തെത്തിയ തിരൂര്‍ ഡിവൈഎസ്‌പി ടി.സി വേണുഗോപാലിനെ തടഞ്ഞു. പ്രതികളെ അറസ്റ്റ്‌ ചെയ്യാതെ വായനശാലയ്‌ക്കുള്ളിലേക്ക്‌ പോലീസിനെ പ്രവേശിപ്പിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്‌. നാട്ടുകാര്‍ റോഡില്‍ തടസം സൃഷടിച്ചതിനെ തുടര്‍ന്ന്‌ ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസപ്പെട്ടു. സ്ഥലത്ത്‌ പോലീസ്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.

രാഷ്ട്രീയത്തിനതീതമായി പ്രദേശത്തുകാര്‍ എല്ലാവരും ആശ്രയിച്ചിരുന്ന വായനശലായാണ്‌ കത്തിച്ചതിനെതിരെ കടുത്ത പ്രതിഷേധത്തിലാണ്‌ നാട്ടുകാര്‍.