ടോമിന്‍ തച്ചങ്കരിയുടെ ജന്മദിനാഘോഷം അന്വേഷിക്കാന്‍ ചീഫ്‌ സെക്രട്ടറിക്ക്‌ നിര്‍ദേശം

thachankariതിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ആര്‍ടി ഓഫീസുകളില്‍ കേക്ക്‌ മുറിച്ച്‌ ആഘോഷിച്ചത്‌ പരിശോധിക്കാന്‍ ചീഫ്‌ സെക്രട്ടറിക്ക്‌ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജന്മദിനം ഓഫീസുകളില്‍ ആഘോഷിച്ചത് സംബന്ധിച്ച ചട്ടലംഘനം ഉണ്ടായിട്ടുണ്ടോ എന്നാണ് ചീഫ് സെക്രട്ടറി പരിശോധിക്കുക. ഇക്കാര്യം സംബന്ധിച്ച് മന്ത്രിയും ചീഫ് സെക്രട്ടറിയും നാളെ കൂടിക്കാഴ്ച നടത്തും.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജന്മദിനം ഓഫീസുകളില്‍ ആഘോഷിക്കുന്നതു സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടോ എന്നാണ് ചീഫ് സെക്രട്ടറി പ്രധാനമായും പരിശോധിക്കുക. ആഘോഷം ഏതെങ്കിലും തരത്തില്‍ ചട്ടവിരുദ്ധമാണോ എന്ന് പരിശോധിക്കാനും എകെ ശശീന്ദ്രന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന് നിര്‍ദ്ദേശം നല്‍കി.

കൊച്ചിയിലെ ആര്‍ടി ഓഫീസില്‍ എത്തി ജീവനക്കാര്‍ക്കൊപ്പം കേക്ക് മുറിച്ചായിരുന്നു തച്ചങ്കരിയുടെ ജന്മദിനാഘോഷം. തച്ചങ്കരി സംസ്ഥാനത്തെ ആര്‍ടി ഓഫീസുകളിലേക്ക് അയച്ചസന്ദേശത്തില്‍ ലഡു വിതരണം ചെയ്ത് തന്റെ പിറന്നാള്‍ ആഘോഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.