ജനുവരിയോടെ തേഞ്ഞിപ്പലം സമ്പൂര്‍ണ പെന്‍ഷന്‍ പഞ്ചായത്താകും.

തേഞ്ഞിപ്പലം: തേഞ്ഞിപ്പലം ജനുവരിയോടെ സമ്പൂര്‍ണ പെന്‍ഷന്‍ പഞ്ചായത്താകും. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ ഉറപ്പുവരുത്തിയാണ് തേഞ്ഞിപ്പലം നേട്ടം കൈവരിക്കുന്നത്. സമ്പൂര്‍ണ പെന്‍ഷന്‍ പഞ്ചായത്താകുന്നതിന്റെ മുന്നോടിയായുള്ള പെന്‍ഷന്‍ അദാലത്ത് പൂര്‍ത്തിയായി. മൊത്തം 400 പുതിയ അപേക്ഷകളാണ് ലഭിച്ചത്. വാര്‍ധക്യകാല പെന്‍ഷനാണ് കൂടുതല്‍ അപേക്ഷ ലഭിച്ചത്. 210 അപേക്ഷകളാണ് ഈ ഇനത്തില്‍ പഞ്ചായത്തിലെത്തിയത്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്-30, അഗതി പെന്‍ഷന്-125, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരില്‍നിന്ന് -35, അന്‍പത് പിന്നിട്ട അവിവാഹിതകള്‍ക്കുള്ള പെന്‍ഷന് -അഞ്ച് എന്നീ കണക്കിലും അപേക്ഷകള്‍ ലഭിച്ചു. തേഞ്ഞിപ്പലം പഞ്ചായത്ത് കമ്യൂനിറ്റി ഹാളിലായിരുന്നു പെന്‍ഷന്‍ അദാലത്ത്. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.പി. ലത, കൃഷി അസിസ്റ്റന്റ് ശശി, ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ സി. സത്യനാഥന്‍, പഞ്ചായത്ത് സെക്രട്ടറി കെ. അബു ഫൈസല്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പെന്‍ഷന്‍ ഉറപ്പുവരുത്തുന്നതിനായി പഞ്ചായത്തില്‍ രണ്ടു ദിവസം സേവന വണ്ടി പര്യടനം നടത്തിയിരുന്നു.