തമിഴ് അവതാരകയോട് ശ്രീലങ്കന്‍ സൈന്യത്തിന്റെ ക്രൂരത.

supriyaശ്രീലങ്കന്‍ സൈന്യം ആഭ്യന്തര യുദ്ധകാലത്ത് നടത്തിയ കൊടും ക്രൂരതകള്‍ പുറത്ത്. തമിഴ് വാര്‍ത്താ അവതാരികയും ഗായികയുമായിരുന്ന സുപ്രിയയോട് ചെയ്ത ക്രൂരതയുടെ ദൃശ്യങ്ങളാണ് ചാനല്‍ 4 പുറത്ത് വിട്ടിരിക്കുന്നത്.

എല്‍ടിടിഇ അനുകൂല ചാനലിന്റെ വാര്‍ത്താ അവതാരകയായിരുന്ന സുപ്രിയ ഏറ്റുമുട്ടലിനിടെയാണ് മരിച്ചതെന്നായിരുന്നു ഇതുവരെ ലങ്കന്‍ സൈന്യം പുറത്തവിട്ട വിവരം. എന്നാല്‍ യാതൊരു പരിക്കുകളുമില്ലാതെ സൈന്യത്തിന്റെ പിടിയിലാകുന്ന സുപ്രിയയുടെ ദൃശ്യങ്ങളാണ് ചാനല്‍ 4 പുറത്തുവിട്ടിരിക്കുന്നത്. യുദ്ധ ഭൂമിയില്‍ നിന്നും അവശയായി കടലോരത്തുള്ള ഒരു ചളിക്കുണ്ടില്‍ നിന്നാണ് സുപ്രിയയെ സൈന്യം പിടികൂടിയത്.

സുപ്രിയ എല്‍ടിടി നേതാവ് പ്രഭാകരന്റെ മകളാണെന്നാണ് ലങ്കന്‍ സൈന്യം കരുതിയത്. എന്നാല്‍ സൈന്യം പിടികൂടി കൊണ്ടുപോകുമ്പോള്‍ താന്‍ പ്രഭാരന്റെ മകളല്ലെന്ന് സുപ്രിയ ആവര്‍ത്തിച്ച് പറയുന്നത് ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. പീന്നീട് സുപ്രിയയെ ലൈംഗീക പീഡനത്തിന് വിധേയായ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സുപ്രിയയുടെ മരണം ഏറ്റുമുട്ടലിലൂടെയായിരുന്നെന്ന ശ്രീലങ്കന്‍ സൈന്യത്തിന്റെ വാദമാണ് പൊളിയുന്നത്.

ലങ്കന്‍ സൈന്യത്തിന്റെ ഇത്തരം പ്രവൃത്തികളുടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത് നിലവിലെ ഭരണകൂടത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.