ടി.പി കേസ്-സി.ബി.ഐ ആവശ്യപ്പെട്ട് വീണ്ടും രമയുടെ കത്ത്, സര്‍ക്കാര്‍ പിന്തുണക്കുന്നതായി മുഖ്യമന്ത്രി

t p chandrasekaran 3തിരുവനന്തപുരം: ട.പി ചന്ദ്രശേഖരന്‍ വധ ഗൂഢാലോചന കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും കത്തയക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെ.കെ രമ ആവശ്യപ്പെടുന്ന പക്ഷം സര്‍ക്കാര്‍ ഇതിനുള്ള നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് വീണ്ടും കത്തയച്ച കെ.കെ രമ സി.ബി.ഐ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ത്ഥമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് കുറ്റപ്പെടുത്തി.

കെ.കെ രമയുടെ ആവശ്യപ്രകാരം ടി.പി കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര് നേരത്തെ കേന്ദ്രത്തെ സമീപിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ആവശ്യം നിരസിച്ചുകൊണ്ട് കേന്ദ്രം മറുപടി നല്‍കി. സി.ബി.ഐ അന്വേഷിക്കണമെന്ന് രമ വീണ്ടും ആവശ്യപ്പെട്ടാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇനിയും കേന്ദ്രത്തിന് കത്തയക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കേസിലെ ഉന്നത ഗൂഢാലോചന കേസ് അന്വേഷിക്കണമെന്ന് കാണിച്ച് കെ.കെ രമ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് വീണ്ടും കത്ത് നല്‍കി. സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ത്ഥമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് രമ കുറ്റപ്പെടുത്തി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചുവെങ്കിലും പിന്നീട് സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ആവശ്യമായ ഇടപെടലുണ്ടായില്ലെന്നും രമ വിമര്‍ശിച്ചു.

കേസിലെ പ്രതികളെ ശിക്ഷിച്ചതാണെന്നും കേസ് ഏറ്റെടുക്കാന്‍ പുതിയ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ നേരത്തെ ആവശ്യം തള്ളിയത്.